ആകെ മുങ്ങിയാല്‍ കുളിരില്ല എന്നാണ് ചൊല്ല്. ഈ ചൊല്ലൊക്കെ കൃത്യമായി വരാന്‍ എന്താണ് കാരണം? മറ്റൊന്നുമല്ല, അനുഭവത്തിന്റെ തീച്ചൂളയിലൂടെ കടന്നുവന്നതാണ് അതൊക്കെയെന്നതുതന്നെ കാരണം. അനുഭവം ഗുരു എന്നാണല്ലോ. അതുകൊണ്ടുതന്നെ അത്തരം പ്രയോഗങ്ങളും ചൊല്ലും മറ്റും മനുഷ്യജീവിതത്തില്‍ അതിപ്രധാനമായ സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. നടേ സൂചിപ്പിച്ച ചൊല്ലിലേക്കു തന്നെ വരാം. തണുപ്പുകാലത്ത് കൈയിലോ കാലിലോ മറ്റോ ഇത്തിരി വെള്ളം വീണുവെന്നിരിക്കട്ടെ, വല്ലാത്ത അസ്വസ്ഥതയല്ലേ ഉണ്ടാവുക. എന്നാല്‍ കുളത്തിലൊന്നു മുങ്ങിനോക്കൂ. ആ തണുപ്പ് പമ്പകടക്കുന്നത് കാണാം. തണുപ്പെന്നല്ല ഏതു കാര്യത്തെക്കുറിച്ച് പറഞ്ഞാലും അതു തന്നെ സ്ഥിതി.
നേരെ നമ്മുടെ പ്രബുദ്ധ കേരളത്തിലേക്കു വരിക. എന്തൊക്കെ ഘോഷങ്ങളാണ് കേള്‍ക്കുന്നത് ! എന്തൊക്കെ വര്‍ണക്കാഴ്ചകളാണ് കാണുന്നത്! ദൈവത്തിന്റെ സ്വന്തം നാടാവുമ്പോള്‍ വിവരം അറിയാനും മറ്റുമായി ചെകുത്താനും പാത്തും പതുങ്ങിയും വരും. ഏതാണ്ട് അതേപോലെയാണ് ഇവിടത്തെ കാര്യങ്ങള്‍. ആസ്ഥാനപട്ടം കിട്ടിയ നമ്മുടെ ഒരു മാഡം കേരള സംസ്ഥാനത്തെയും ഇവിടത്തെ ഭരണസംവിധാനത്തെയും കൈയിലിട്ട് അമ്മാനമാടുകയാണ്. നേരത്തെ അരങ്ങില്‍ കെട്ടിയാടിയ വേഷങ്ങള്‍ കണ്ട് പരിഭ്രാന്തരായവര്‍ എന്തൊക്കെയോ കൂടോത്രങ്ങള്‍ ചെയ്ത് അവരെ തല്ക്കാലം കാഞ്ഞിരത്തില്‍ തളച്ചിരുന്നു. അടിച്ച ആണിയുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞതുകൊണ്ടോ എന്തോ മാഡം വീണ്ടും വര്‍ദ്ധിതാവേശത്തോടെ ഉറഞ്ഞുതുള്ളിത്തുടങ്ങി.
ആര്‍ക്കൊക്കെ, എന്തൊക്കെ കൊടുത്തു എന്ന് വളളിപുള്ളി വിസര്‍ഗം വിട്ടു കളയാതെയാണ് മാധ്യമങ്ങളുടെ മുമ്പാകെ അവര്‍ വിശദീകരിച്ചത്. കള്ളമാണോ സ്വള്ളമാണോ എന്നൊന്നും തിരിച്ചറിയാന്‍ പറ്റാത്ത വിധം അതിവിദഗ്ധമായ ശരീരഭാഷയിലൂടെ അവര്‍ കേരളത്തിന്റെ മനസ്സാക്ഷിയുടെ നേര്‍ക്ക് മുറുക്കിത്തുപ്പുകയാണ്. നാടിനെ സേവിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയ പുതുപ്പള്ളിക്കാരനും നിലമ്പൂരുകാരനും മറ്റും മറ്റും നിലതെറ്റിവീഴുകയാണ്. ഒന്നും രണ്ടുമല്ല, ലക്ഷങ്ങളാണ് മേപ്പടിക്കാര്ക്കൊക്കെ കൊടുത്തുവെന്നു പറയുന്നത്. പറയുക മാത്രമല്ല, അതൊക്കെ വിശ്വസനീയമായ തരത്തില്‍ പറഞ്ഞു ഫലിപ്പിക്കുന്നുമുണ്ട്. എല്ലാം നഷ്ടപ്പെട്ടവന്റെ അലര്‍ച്ചയായും മുരള്‍ച്ചയായും കച്ചിത്തുരുമ്പായും വിശേഷിപ്പിക്കുമ്പോഴും ചെറിയ ചെറിയ സംശയങ്ങള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുന്നില്ലേ? തീയില്ലാതെ പുകയുണ്ടാവില്ലെന്ന യുക്തി ഇവിടെയും ബാധകമല്ലേ? ഒന്നും കാണാതെ, രണ്ടും കല്‍പ്പിച്ച് ഒരാള്‍ ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെടുമോ?
ഇത്തരം ന്യായമായ സംശയങ്ങള്‍ ഉള്ളവരോട് പറയാന്‍ ചിലതുണ്ട്. അഴിമതി എന്നതിന്റെ പര്യായമായി കോണ്‍ഗ്രസ് മാറിയ സ്ഥിതിക്ക് ആരെന്ത് പറഞ്ഞാലും അതൊക്കെ തള്ളിക്കളയുന്നതാണ് രീതി. ആസ്ഥാന മാഡത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ, ഈ ശക്തിക്ക് അത്രവലിയ പ്രാധാന്യം കൊടുക്കേണ്ട എന്നത്രേ ഹൈക്കമാന്റിന്റെ തിട്ടൂരം. ആ കമാന്റിന് അങ്ങനെയേ പറയാന്‍ പറ്റൂ. കാരണം ഇതിനെക്കാള്‍ വലിയ അഴിമതിയും അതിനപ്പുറത്തുള്ളതും നടത്തി വിജയശ്രീലാളിതരായിരിക്കുന്ന വമ്പന്‍ സംഘമാണല്ലോ സോണിയാ മെയ്നോയുടെ നേതൃത്വത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ കുടികൊള്ളുന്നത്. സര്വേകല്ലിന് കാറ്റ് പിടിച്ച രീതിയിലാണ് നില്‍പ്പ്. അങ്ങനെയുള്ളവര്‍ പുതുപ്പള്ളി കലാപരിപാടിക്ക് തിരശ്ശീലയിടണമെന്ന് പറയുമോ? അങ്ങനെ പറയുന്നത് ഉചിതമാണോ? ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ നടപ്പുരീതി. അത് തെറ്റിക്കുന്നതെങ്ങനെ?
ഇത്തരം ഒരു സന്ത്രാസത്തില്‍ പെട്ട് നട്ടം തിരിഞ്ഞു നില്ക്കുന്ന പുതുപ്പള്ളിക്കാരനും സംഘത്തിനും ആശ്വസിക്കാനുള്ള വകുപ്പാണ് നാം നടേ സൂചിപ്പിച്ച ആകെ മുങ്ങിയാല്‍ കുളിരില്ല എന്നത്. ധാര്‍മികത, സത്യസന്ധത, വിശുദ്ധി, സുതാര്യത ഇത്യാദി ഘടകങ്ങളുടെ ഏതെങ്കിലുമൊരംശം ഉള്ളവര്‍ നേരെ ചൊവ്വെ മുന്നോട്ടു പോവുമ്പോള്‍ ചെറിയൊരു ഭ്രംശം ഉണ്ടായാല്‍ ആകെ തകര്‍ന്ന അവസ്ഥയാകും. എന്നാല്‍ ഇതൊന്നും ഇല്ലാത്തവര്‍ക്ക് അതൊരു പ്രശ്നമേ അല്ല. എന്നുവെച്ചാല്‍ അഴിമതിക്കുളത്തില് ആകെ മുങ്ങി നില്ക്കുകയാണവര്. അവര്‍ക്ക് കുളിരെവിടെയുണ്ടാവാന്?
തലമുറകളോളം വിയര്‍പ്പൊഴുക്കാതെ ഇരിക്കാനുള്ള സ്ഥിതിവിശേഷം സുന്ദരമായതല്ലേ? അത്തരം സുന്ദര നിമിഷങ്ങള്‍ ഇല്ലാതാക്കുന്നതെന്തിന്? കേട്ടിട്ടില്ലേ, പണത്തിനു മീതെ പറക്കില്ല പരുന്ത്പോലും എന്ന് ! ഇവിടെ ആസ്ഥാനമാഡം പണമായും മറ്റ് സൗകര്യങ്ങളായും ഭരണകൂടത്തെ മൊത്തം വിലക്കുവാങ്ങിയിരിക്കുന്നു. ഇവിടെ ആര് ആരെ സംരക്ഷിക്കണമെന്ന പ്രശ്നമാണ് ഉയരുന്നത്. സോളാറിന്റെ ഉയിരായി മാറിയ മാഡം സരിതയെയോ, ജനങ്ങളുടെ കൂടെയെന്ന് അഹങ്കരിക്കുന്ന പുതുപ്പള്ളി ഉമ്മച്ചനെയോ? കോടതി ആരെ രക്ഷിക്കുമെന്ന് നോക്കിയല്ല ജനകീയ കോടതി ശിക്ഷ വിധിക്കുക. കുറ്റവും ശിക്ഷയും മാറിയും മറിഞ്ഞും വരാം. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കാം, കുടിക്കാതിരിക്കാം. പക്ഷേ, ഈ കേരളത്തെ ഇങ്ങനെ അപമാനിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരേണ്ടതല്ലേ? അതിനല്ലേ ജനങ്ങള്‍ ശ്രമിക്കേണ്ടത് ? അതിനുള്ള അസുലഭ സുന്ദര അവസരമല്ലേ വരാന്‍ പോകുന്നത്, തയാറെടുക്കുവിന്, ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുവിന്‍. നമ്മുടെ ജനാധിപത്യം രക്ഷപ്പെടട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: