കനത്ത മഞ്ഞുവീഴ്ചയെയും കൊടും തണുപ്പിനെയും പ്രതിരോധിച്ച് അതിര്‍ത്തി കാത്ത ധീരജവാന് ലാന്‍സ് നായിക് ഹനുമന്തപ്പ. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഏത് വെല്ലുവിളിയെയും ഏറ്റെടുത്തു എല്ലാവര്ക്കും മാതൃക കാട്ടിയിരുന്നു ഈ ധീരജവാന്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിലേക്ക് തന്നെ നിയമിക്കുമ്പോഴും ഹനുമന്തപ്പ പതറിയില്ല. കാരണം എന്നും ദുര്‍ഘട പാതകളിലൂടെയായിരുന്നു ഹനുമന്തപ്പയുടെ സൈനിക ജീവിതം.
35 അടി താഴ്ചയില്‍ മഞ്ഞിനടിയില്‍ അകപ്പെട്ട് ആറു ദിവസത്തോളം മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഹനുമന്തപ്പ പ്രതിസന്ധികള്‍ മറികടന്ന് തിരികെ വരുമെന്ന് രാജ്യം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നു. ഹനുമന്തപ്പയുടെ ജീവന് രക്ഷിക്കാനായി സുമനസുകളുടെ സഹായ വാഗ്ദാനങ്ങള്‍ പ്രവഹിച്ചു. ഹനുമന്തപ്പയ്ക്ക് ഏത് അവയവവും നല്‍കാമെന്ന് പറഞ്ഞു കൊണ്ട് മുന്നോട്ടുവന്നത് നിരവധി പേര്. എന്നാല്‍ പ്രാര്‍ത്ഥനകളും പ്രതീക്ഷകളും ബാക്കിയാക്കി ഹനുമന്തപ്പ യാത്രയായി.
കര്‍ണ്ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ കുന്ദഗോള താലൂക്കിലെ ബേത്താദൂര് ഗ്രാമത്തിലാണ് ഹനുമന്തപ്പ ജനിച്ചത്. 2002 ഒക്ടോബര്‍ 25നാണ് ഹനുമന്തപ്പ സൈന്യത്തിലെത്തിയത്. മദ്രാസ് റെജിമെന്റിലെ 19ാം ബറ്റാലിയനിലായിരുന്നു ആദ്യനിയമനം. 2003 മുതല്‍ 2006 വരെ ജമ്മുകശ്മീരിലെ മഹോറയിലായിരുന്നു.
2008 മുതല്‍ രണ്ടുവര്‍ഷം 54 രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായും കശ്മീരില്‍ സേവനമനുഷ്ഠിച്ചു.2015 ആഗസ്റ്റിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ സേവനത്തിനെത്തുന്നത്. ഡിസംബറില്‍ 19,600 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ടു.
പകല്‍ മൈനസ് 22 ഉം രാത്രിയില്‍ മൈനസ് 45 നും 50 നും ഇടയിലാണ് സിയാച്ചിനിലെ താപനില. കനത്ത മഞ്ഞു വീഴ്ചയിലും ഹിമപാളികളിലെ വിള്ളലുകളിലും അകപ്പെട്ട് നിരവധി സൈനികരാണ് ഇവിടെ മരിച്ചത്. നിരവധി മൃതദേഹങ്ങള്‍ വീണ്ടെടുക്കാനാവാതെ ഇപ്പോഴും ഇവിടെയുണ്ട്. ഇത്തരത്തില്‍ ഭാരതത്തിന് മൂന്ന് ദശകം കൊണ്ട് നഷ്ടപ്പെട്ടത് 850 ലേറെ സൈനികരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: