സരസ്വതി നദി വൈദിക കാലത്തെ പ്രധാന നദികളിൽ ഒന്ന്. ഋഗ്വേദത്തിൽ സരസ്വതിയെ പുണ്യനദിയായി വർണ്ണിക്കുന്നു. ഇന്നത്തെ ഹരിയാനയിൽ കൂടി ഒഴുകുന്ന ഘാഗ്ഗർ-ഹക്ര നദി പണ്ടുകാലത്ത് വൈദിക സരസ്വതി നദിയായിരുന്നുവെന്നു അഭിപ്രായപെടുന്നവരുണ്ട്. ഇപ്പോൾ അധികം ജലാംശമില്ലെങ്കിലും നാലായിരം വർഷങ്ങൾക്കു മുമ്പ് ജലസമൃദ്ധമായിരുന്നുവെന്നും പിന്നീട് വറ്റിവരണ്ടതാണെന്നും ഭൂഗർഭശാസ്ത്രത്തിലൂടെ തെളിഞ്ഞിട്ടുണ്ട്.
ബ്രാഹ്മണങ്ങളിലും ശ്രൗത സൂത്രങ്ങളിലും മഹാഭാരതത്തിലുമൊക്കെ സരസ്വതി നദി വറ്റിവരണ്ടു പോയതായി പരാമർശമുണ്ട്. ഇത് ഏകദേശം BCE 1900 വർഷങ്ങൾക്ക് മുമ്പ് ഘാഗ്ഗർ-ഹക്ര നദിയ്ക്കുണ്ടായ വരൾച്ചയെ സൂചിപ്പിക്കുന്നു. ഇതിനർത്ഥം ഋഗ്വേദം പാടിപുകഴ്ത്തുന്ന സരസ്വതി നദിയുടെ വർണ്ണനകൾ 3900 വർഷങ്ങൾക്കു മുമ്പ് മാത്രമായിരുന്നു സാധ്യമായിരുന്നതെന്നാണ്. ഈ കാലഘട്ടം ഹാരപ്പൻ അഥവാ സിന്ധു നദീതട സംസ്കാരത്തിന്റെതായിരുന്നു.
സരസ്വതി നദി നൽകുന്ന തെളിവുകൾ അനുസരിച്ച് ഋഗ്വേദം നാലായിരം വർഷങ്ങൾക്കു മുമ്പ് ഹാരപ്പൻ സംസ്കാരത്തിൽ വച്ചുതന്നെയാണ് രചിക്കപെട്ടിരിക്കുവാൻ സാധ്യത. കൂടാതെ പുരാതന ഹാരപ്പൻ പട്ടണങ്ങൾ മിക്കതും സിന്ധുനദി പ്രദേശങ്ങളിലെക്കാളും കൂടുതൽ ഘാഗ്ഗർ-ഹക്ര നദി പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെടുത്തിട്ടുള്ളത്. ഏറ്റവും പുരാതനമായ ഹാരപ്പൻ പട്ടണമായ ഭിർദാനയും ഏറ്റവും വലിയതായ രാഖിഗർഹി ഹാരപ്പൻ പട്ടണവും ഇവയിൽ പെടും. ഇതു കാരണം ഇപ്പോൾ മിക്ക പണ്ഡിതരും ഹാരപ്പൻ സംസ്കാരത്തെ സരസ്വതി-സിന്ധു സംസ്കാരമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുകൊണ്ടുതന്നെ സരസ്വതി നദി വൈദിക സംസ്കാരത്തെയും ഹാരപ്പൻ സംസ്കാരത്തെയും കൂട്ടിയോജിപ്പിക്കുന്നു.
ഘാഗ്ഗർ-ഹക്ര നദി യഥാർത്ഥത്തിൽ സരസ്വതിയായിരുന്നില്ല, പകരം അഫ്ഘാനിസ്ഥാനിലെ അർഘന്ദാബ് നദിയായിരുന്നു ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന സരസ്വതി നദിയെന്നു വാദിക്കുന്നവരുണ്ട്. ഇതിനു തെളിവായി പ്രാചീന ഇറാനിയൻ സൊറോസ്ട്രിയൻ (ഇന്നത്തെ പാഴ്സി) മതഗ്രന്ഥമായ അവെസ്തയിൽ അർഘന്ദാബ് ഹരഹ്വതി എന്നാണ് അറിയപെട്ടിരുന്നതെന്നും ഇത് സരസ്വതിയുടെ ഇറാനിയൻ പ്രതിരൂപമായിരുന്നെന്നും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഋഗ്വേദം 1.3.12, 6.61.13, 7.95.1, 6.61.8 എന്നീ ശ്ലോകങ്ങളില് സരസ്വതി നദിയെ നല്ല ജലാംശവും ശക്തമായ ഒഴുക്കുള്ളതുമായ നദിയായി വർണ്ണിക്കുനുണ്ട്. ഈ വർണനകൾ അർഘന്ദാബ് നദിയ്ക്ക് ചേരുന്നതല്ല, കാരണം അർഘന്ദാബ് ഹിൽമന്ദ് എന്ന വേറെയൊരു നദിയുടെ വളരെ ചെറിയ ഒരു പോഷക നദിയാണ് . ഇതുകൂടാതെ ഋഗ്വേദത്തിലെ നദീസ്തുതി സൂക്തം (ഋഗ്വേദം 10.75) സരസ്വതിയെ ഉത്തരേന്ത്യയിലെ യമുനയ്ക്കും സത്ലുജ് നദിയ്ക്കും ഇടയിലാണ് പരാമർശിക്കുന്നത്. ഇന്നത്തെ ഘാഗ്ഗർ-ഹക്ര നദിയും ഇതേ പ്രദേശത്തുകൂടിയാണ് ഒഴുകുന്നത്. അഫ്ഘാനിസ്ഥാനിൽ യമുനയെന്നോ സത്ലുജ്എന്നോ പേരുള്ള നദികൾ ഇല്ലെന്നു പ്രിത്യേകം പറയേണ്ടതില്ലല്ലോ?
ഇത് കൂടാതെ സരസ്വതി നദിയ്ക്കടുത്തുള്ള കുരുക്ഷേത്ര-ബ്രഹ്മവർത്ത പ്രദേശം വേദകാലഘട്ടത്തിനു ശേഷവും ഒരു പുണ്യ കേന്ദ്രമായി കണക്കാക്കിയിരുന്നു. ഉദാഹരണത്തിന് പിൽകാല വൈദിക ഗ്രന്ഥമായ ശതപത ബ്രാഹ്മണത്തിൽ (ശ്ലോകം 14.1.1.2) കുരുക്ഷേത്ര പ്രദേശം ദൈവങ്ങൾ തന്നെ യജ്ഞം നടത്തുന്ന, യജ്ഞങ്ങൾ നടത്താൻ യോജിച്ച പുണ്യഭൂമിയായി കണക്കാക്കുന്നുണ്ട്. ഭഗവദ് ഗീത പോലും തുടങ്ങുന്നത് “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ” എന്നാണല്ലോ. വൈദിക ഗ്രന്ഥങ്ങളിൽ അഫ്ഘാനിസ്ഥാനിലെ അർഘന്ദാബിനെ കുറിച്ച് പരാമർശങ്ങളൊന്നുമില്ല. ആ പ്രദേശം വൈദികർക്കു ഒട്ടും പ്രധാനപെട്ടതുമല്ലായിരുന്നു . ഇതൊക്കെ സൂചിപ്പിക്കുന്നത് ഘാഗ്ഗർ-ഹക്ര നദിതന്നെയായായിരുന്നു വൈദിക സരസ്വതിയെന്നാണ്.
സരസ്വതി വറ്റിവരണ്ടപ്പോൾ ഹാരപ്പൻ സംസ്കാരത്തിലെ ജനങ്ങൾ കിഴക്കോട്ടു യമുനാ-ഗംഗ നദി പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർപ്പാൻ തുടങ്ങി . സരസ്വതിയിൽനിന്നും ഗംഗയിലേക്കുള്ള ഈ കുടിയേറ്റം പിൽകാല വൈദിക ഗ്രന്ഥങ്ങളിലും കാണാം, കാരണം പിൽകാലത്ത് ഗംഗാ നദിയുടെ പ്രാധാന്യം വർധിക്കാൻ തുടങ്ങി. ഇപ്പോഴും ഗംഗ തന്നെയാണല്ലോ ഹൈന്ദവരുടെ പുണ്യമായ നദി. എന്നിരുന്നാലും, ഗംഗയിലോട്ടു കുടിയേറിയിട്ടും നേരത്തെ സൂചിപിച്ചതുപോലെ പിൽകാല വൈദിക ഗ്രന്ഥങ്ങൾ സരസ്വതി നദി പ്രദേശത്തെ പുണ്യ കേന്ദ്രമായി കരുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: