കോഴിക്കോട്: എം.എം. മണിക്കെതിരെ സമരം ചെയ്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ഭീഷണിക്കതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാനോ നടപടിയെടുക്കാനോ പോലീസ് തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.
മന്ത്രി മണി പെമ്പളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പു പറയണമെന്നും മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നുമുള്ള ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. തൊഴിലാളികളെ വഞ്ചിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തൊഴിലാളികള്‍ക്ക് എല്ലാ അവകാശങ്ങളും നേടിത്തരാമെന്ന പേരില്‍ തന്നെ പാര്‍ട്ടിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ തന്റെ ആവശ്യങ്ങളെ പരിഗണിക്കാമെന്നു പറഞ്ഞു അവഗണിച്ചു. തനിക്കു തെറ്റു പറ്റി, സിപിഎമ്മുകാര്‍ കബിളിപ്പിക്കുകയായിരുന്നുവെന്നും ഗോമതി പറഞ്ഞു.
ഓരോ തോട്ടം തൊഴിലാളിക്കും ഒരേക്കര്‍ ഭൂമി കൃഷിക്കും വീടിനും നല്‍കണമെന്നും മിനിമം വേതനം 600 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ ഒന്‍പതിന് പൊമ്പിളൈ ഒരുമൈ ഭൂസമരം ആരംഭിക്കും. തോട്ടം തൊഴിലാളികള്‍ക്ക് സ്ഥലം നല്കാന് തയ്യാറായില്ലെങ്കില്‍ മൂന്നാറിനു സമാനമായി ഭൂമികൈയേറി കുടില്കെട്ടാനാണ് തീരുമാനം. മണിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി ഭൂമി കയ്യേറി കൈവശം വെയ്ക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി കൈവശപ്പെടുത്തി കുടിയേറ്റക്കാരാണെന്ന് പറയാന്‍ കഴിയും.
ജോലി നഷ്ടപ്പെടുത്തി സമരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തോട്ടം തൊഴിലാളികള്‍. ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് സമരത്തിനിറങ്ങുന്നതില്‍ നിന്നും മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നതെന്നും ഗോമതി പറഞ്ഞു. കോഴിക്കോട് മുക്കത്ത് ആംആദ്മിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പൊമ്പിളൈ ഒരുമൈ നേതാക്കള്‍.
വാര്‍ത്താസമ്മേളനത്തില്‍ പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് കൗസല്യ തങ്കമണി, സെക്രട്ടറി രാജേശ്വരി, ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സി. ആര്. നിലകണ്ഠന്‍, വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: