മൊഹാലി: മൂന്നാം ജയത്തോടെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ കളിയില്‍ കിങ്സ് ഇലവന് പഞ്ചാബിനെ ആറു വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത മൂന്നാം ജയം സ്വന്തമാക്കിയത്. നാലു മത്സരങ്ങളില്‍ ആറു പോയിന്റായി ടീമിന്. മൂന്നു കളികളില്‍ മൂന്നു ജയമുള്ള ഗുജറാത്ത് ലയണ്‍സിനും ഇതേ പോയിന്റെങ്കിലും റണ്‍ശരാശരി കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്കുന്നു.
ആദ്യം ബാറ്റ് ചെയ്ത് ഇരുപതോവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്ത പഞ്ചാബിനെതിരെ 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്ത് ലക്ഷ്യം പൂര്‍ത്തിയാക്കി കൊല്‍ക്കത്ത. 28 പന്തില്‍ ഒമ്പത് ഫോറുകളോടെ 53 റണ്‍സെടുത്ത റോബിന് ഉത്തപ്പയുടെ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയം നല്‍കിയത്. കളിയിലെ താരവും ഉത്തപ്പ. നായകന് ഗംഭീര്‍ 34 പന്തില്‍ 34 റണ്‍സെടുത്തു.
മനീഷ് പാണ്ഡെ (12), യൂസഫ് പഠാന് (12 നോട്ടൗട്ട്), ഷാകിബ് അല്‍ ഹസന് (11), സൂര്യകുമാര്‍ യാദവ് (11 നോട്ടൗട്ട്) എന്നിവരും സംഭാവന നല്കി. പഞ്ചാബിനായി അക്ഷര്‍ പട്ടേലും പ്രദീപ് സാഹുവും രണ്ടു വീതം വിക്കറ്റെടുത്തു.
നേരത്തെ, സ്പിന്നര്‍മാരുടെ കരുത്തിലാണ് ശക്തമായ പഞ്ചാബ് ബാറ്റിങ് നിരയെ കൊല്‍ക്കത്ത പിടിച്ചുനിര്‍ത്തിയത്. ഷോണ്‍ മാര്‍ഷ് (56 നോട്ടൗട്ട്), എം. വിജയ് (26 നോട്ടൗട്ട്), കെയ്ല്‍ അബോട്ട് (12 നോട്ടൗട്ട്) എന്നിവര്‍ പഞ്ചാബിനായി തിളങ്ങി. സുനില്‍ നരെയ്ന്, മോണി മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തപ്പോള്‍, ഉമേഷ് യാദവ്, പീയൂഷ് ചൗള, യൂസഫ് പഠാന് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: