രണ്ടു പതിറ്റാണ്ട് മുന്‍പ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കുലപതി കെഎം മുന്‍ഷിയുടെ നോവലിന്റെ പേരാണ് മഥുരാപുരി. ഭഗവാന് ശ്രീകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി ധാരാളം സാഹിത്യ സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ടങ്കിലും മഥുരാപുരി കോറിയിട്ട ആ ഗതകാല ചിത്രങ്ങളുടെ ഗാംഭീര്യം വേറിട്ട് തന്നെ നില്ക്കും. അന്ന് മുതലുള്ള ആശയാണ് ഒരിക്കല്‍ അവിടെ മഥുരയില്‍ പോകണം എന്ന്. കാന്‍പൂരില്‍ രണ്ടുമൂന്നു കൊല്ലം ചിലവഴിച്ച എംഎസി കാലത്തും ആ ആഗ്രഹം നടന്നില്ല.
അപ്പോഴാണ് ഈ വര്‍ഷത്തെ കമ്പനിയുടെ വാര്‍ഷിക മീറ്റിംഗ് ആഗ്രയിലാണ് എന്ന അറിയിപ്പ് കിട്ടുന്നത്. വീണു കിട്ടുന്ന ചെറിയ ഇടവേളയില്‍ ആഗ്ര ഒന്ന് കറങ്ങാം എന്നേ വിചാരിച്ചിരുന്നുള്ളൂ. ഒരു നിമിത്തം പോലെ പ്രിയ ചോദിച്ചു ഞാനും കൂടി വന്നാലോ. നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലാനുകള്‍ പൂര്‍ത്തിയായി. ദല്‍ഹിയില്‍ കസിന് സിസ്റ്റര്‍ മിനിച്ചേച്ചിയുണ്ട്. കുടുംബത്തെ അവിടെയാക്കി ഞാന്‍ ആഗ്രയിലേക്ക് വരുന്നു. ഏപ്രില്‍ 9 ന് മീറ്റിംഗ് കഴിയുന്ന ദിവസം അവരെല്ലാവരും കൂടി ആഗ്രയില്‍ വന്ന് എന്നെ കൂട്ടി ആഗ്ര കണ്ട് വൈകുന്നേരത്തോടെ ദല്‍ഹിക്ക് മടങ്ങുന്നു .ഒരു ദിവസം കൂടി ദല്‍ഹിയില്‍ നിന്ന് 11 രാവിലെയുള്ള വിമാനത്തില്‍ മടക്കം. മകന് പരീക്ഷയായതിനാല്‍ വരാന്‍ കഴിയില്ല. പ്രിയയുടെയും മോളുടെയും ആദ്യ വിമാനയാത്ര കൂടിയാണ് സംഗതി ശരിക്കും ത്രില്ലടിച്ചു.
അങ്ങിനെ ഏപ്രില്‍ മൂന്നിനുള്ള കേരളാ എക്സ്പ്രസ്സില്‍ സഹപ്രവര്‍ത്തകരോടൊപ്പം ഞാനും കുടുംബവും. ടീമിലെ എല്ലാവര്ക്കും ഇത് എറ്റവും നീണ്ട യാത്രയാണ്. എനിക്കാണങ്കില്‍ കേരള എക്സ്പ്രസ് ഒരുപാട് ഗ്രഹാതുര സ്മരണകള്‍ ഉള്ള വണ്ടിയാണ്. കാണ്‍പൂര്‍ കാലത്ത് ഈ ട്രെയിന്‍ എന്റെ രണ്ടാം വീട് തന്നെയായിരുന്നു. ഓരോ സ്റ്റേഷനുകളും സമയവും എല്ലാം കരതലാമലകം പോലെ സുപരിചിതം. രണ്ടര പതിറ്റാണ്ടോളം ആയങ്കിലും എല്ലാം ഇന്നലെ കണ്ട പോലെ തന്നെ. ട്രെയിനില്‍ ഇന്‍സ്റ്റന്റായി ഉടലെടുക്കുന്ന ബന്ധങ്ങള്‍ പ്രണയങ്ങള്‍ വിരഹങ്ങള്‍. മൊബൈലിന്റെ മേമ്പൊടി കൂടി ഉണ്ടന്നെയുള്ളൂ. ആന്ധ്രയുടെ ചുട്ടുപഴുക്കുന്ന തരിശിടങ്ങളും നാഗ്പൂരിന്റെ ഓറഞ്ച് സമൃദ്ധിയും മധ്യപ്രദേശിന്റെ കടുകെണ്ണ മണവും ഗ്വാളിയോരിന്റെ രാജപ്രതാപവും പിന്നിട്ട് അഞ്ചിനു രാവിലെ 10.30 തന്നെ 200 മീറ്ററില്‍ ഒരു ചലിക്കുന്ന കേരളം തന്നയായ ട്രെയിന്‍ ആഗ്രയെ ചുംബിച്ചു. സഹപ്രവര്‍ത്തകരെല്ലാം അവിടെ ഇറങ്ങി . അന്നവര്‍ മുഗളപ്രതാപത്തിന്റെ കോട്ടകൊത്തളങ്ങളിലൂടെ പാറി നടക്കും. ഞാന്‍ കുടുംബത്തോടൊപ്പം ദല്‍ഹിയിലേക്ക് കൃത്യം 1.30 നു നിസാമുദീന്‍ സ്റ്റെഷന്റെ ചുട്ടുപൊള്ളുന്ന വെയിലിലേക്ക് ഞങ്ങള്‍ വണ്ടിയിറങ്ങി പത്ത് മിനിറ്റിനകം മിനിച്ചേച്ചി എത്തി 50 കിലോമീറ്റര്‍ അകലയുള്ള ഗ്രെയ്റ്റര്‍ നോയിടയിലെ മൂന്ന് ദിവസം മുന്‍പ് മാത്രം പാലുകാച്ചിയ അവരുടെ പുതുപുത്തന്‍ വില്ലയിലേക്ക് .അവിടുത്തെ ആദ്യ അതിഥികളായി. കുറച്ച് കഴിഞ്ഞപ്പോള്‍ മിനിചേച്ചിയുടെ ഭര്‍ത്താവ് ജയ്പീ ,ആശുപത്രിയിലെ റേഡിയോളജിസ്റ്റ് മധുവേട്ടനും എത്തി. മനോഹരമായ ഒരു സായാഹ്നവും ക്ഷീണം നിറഞ്ഞ ഉറക്കവും പിന്നിട്ട് ആറിനു ഗതിമാന്‍ എക്സ്പ്രസ്സിന്റെ കന്നിയാത്രയില്‍ ആഗ്രയിലേക്ക്.
രാജകീയതയും ആഡംബരവും ആകാശം മുട്ടുന്ന ജയ്പീ പാലസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മൂന്നു ദിവസം ഒരു ആചാരം പോലെ കടന്നു പോയി. എന്തോ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ കണ്ണഞ്ചിപ്പിക്കുന്ന ധാരാളിത്തം എനിക്കെന്നും മടുപ്പാണ്. കൃത്രിമ ഉപചാരങ്ങളില്‍ കെട്ടിപ്പൊക്കിയ ആഡംബരവും പണക്കൊഴുപ്പിന്റെ കാപട്യ പ്രകടനങ്ങളും ശരിക്കും ശ്വാസം മുട്ടി ഒമ്പതിനു രാവിലെ 10 മണിയോടെ മിനിച്ചേച്ചിയും പ്രിയയും മോളും എത്തി നേരെ താജ്മഹലിലേക്ക്.
താജിനെപ്പറ്റി പറയാന്‍ ധാരാളമുണ്ട്. പ്രിയവും അപ്രിയവുമായ പലതും. അത് പിന്നീടാകാം. ഒന്ന് സമ്മതിച്ചെ തീരൂ .താജ് , ഒരു മഹത്തായ നിര്‍മിതി തന്നയാണ്. മനുഷ്യ പ്രയത്നത്തിന്റെയും ഭാവനയുടെയും ഗിരിശ്രംഗം. 40 ഡിഗ്രിയില്‍ തിളക്കുന്ന വെയിലില്‍ വെള്ളിയുരുകിയ പോലെയുള്ള യമുനയുടെ കരയിലെ മഹാസൗധത്തെ നോക്കി നിന്നപ്പോള്‍ ചരിത്രത്തിന്റെ കുളമ്പടികള്‍ കാതില്‍ മുഴങ്ങുന്ന പോലെ തോന്നി ..
ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് ,കാറിന്റെ എസി കുളിര്‍മയിലേക്ക് ഊളിയിട്ടപ്പോള്‍ മിനിച്ചേച്ചി പറഞ്ഞു ‘ഞാന്‍ നിനക്കൊരു സര്‍പ്രൈസ് തരാന്‍ പോകുന്നു ‘ ഒന്ന് അന്ധാളിച്ചു .എങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതി അതിനിടയില്‍ എന്തൊന്ന് സര്‍പ്രൈസ് .വേറെ രക്ഷയില്ല …
റണ്‍വേ പോലെ നീണ്ട് നിവര്‍ന്നു കിടക്കുന്ന യമുനാ എക്സ്പ്രസ് ഹൈവേയിലൂടെ കുതിക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല ഞാനൊരു മാരുതി ആള്‍ട്ടോയിലാണ് ഈ തൊണ്ണൂറു കിലൊമീറ്ററില്‍ പറക്കുന്നത് എന്ന് . അത്രക്ക് കണ്ണാടി പോലെ കിടക്കുന്ന റോഡ് . ഈ റോഡിലാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വ്യോമസേന വിമാനമിറക്കിയത്.
ഒരു അന്‍പത് കിലൊമീറ്റര് പിന്നിട്ടതും മിനിച്ചേച്ചി വണ്ടി എക്സ്പ്രസ് വേയില്‍ നിന്നും തിരിച്ചു. വെള്ള ആരൊമാര്ക്കിട്ട പച്ച ബോര്‍ഡു കണ്ടപ്പോള്‍ മനസ്സിലൊരു മഹാസമുദ്രം ഇരമ്പിയാര്‍ത്തു. മഥുര രണ്ട് പതിറ്റാണ്ട് മുന്‍പ് മണ്ണടിഞ്ഞു പോയ ഒരു മോഹത്തിന്റെ താമരമൊട്ടുകള്‍ എത്ര പെട്ടന്നാണ് പൊട്ടിവിരിഞ്ഞത്. ഇതാണ് മിനിച്ചേച്ചി എനിക്ക് വേണ്ടി കാത്തുവെച്ച സര്‍പ്രൈസ്.
മഥുര ഒരു ചെറിയ പട്ടണമാണ് ഒരു സാധാരണ ഉത്തരേന്ത്യന്‍ ഉറക്കം തൂങ്ങി പട്ടണം. പക്ഷെ ചരിത്രം നീണ്ടുപരന്നു കിടക്കുന്നത് ത്രേതായുഗത്തോളമാണ്. ആദികാവ്യമായ രാമയണത്തിലും മഥുരയെപ്പറ്റി പരാമര്‍ശമുണ്ട്. ശ്രീരാമ സഹോദരനായ ശത്രുഗ്നന്‍ ലവനാസുരനെ വധിച്ച് കീഴടക്കിയ പ്രദേശത്തിനു മധുവനം എന്ന പേരിട്ടു അതുപിന്നെ മഥുരാപുരി ആയി. ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ വെച്ച് എഴുതപ്പെട്ട ചരിത്രം ബിസി 2000 ഓളം വരും. ശൂരസേന മഹാപദ സാമ്രാജ്യത്തില്‍ നിന്ന് മൗര്യ ,കുശാന ,സുംഗ രാജവംശങ്ങളിലൂടെ മഥുരയുടെ പ്രതാപം വളര്‍ന്നു. മഥുരയുടെ സാംസ്കാരിക ചിഹ്നങ്ങള്‍ ഇപ്പോള്‍ പാകിസ്ഥനിലുള്ള പുരുഷപുര(പെഷവാര്‍ ) നിന്ന് പോലും കിട്ടിയിട്ടുണ്ട്. ബിസി 600 ലും ബിസി 3 ലും ഭാരതം സന്ദര്‍ശിച്ച വിഖ്യാത സഞ്ചാരികളായ ഹുയാന് സാങ്ങ് , മെഗസ്തനീസ് എന്നിവര്‍ മഥുരയുടെ പ്രതാപത്തെപ്പറ്റി ധാരാളം വര്‍ണിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗുപോലെ , ചോയിച്ച് ചോയിച്ച് ഞങ്ങള്‍ അവസാനം അവിടെയെത്തി. ദ്വാരകാദീശ ക്ഷേത്രം നടയില്‍. ഒരു നിരാശ ക്യാമറയോ ,മൊബൈലോ കടത്തില്ല. എല്ലാം ക്ഷേത്രത്തിന്റെ ക്ലോക്ക് റൂമില്‍ കൊടുത്ത് സുരക്ഷാ ജീവനക്കാരുടെ രൂക്ഷമായ പരിശോധനയും കടന്ന് ക്ഷേത്രത്തിനു മുന്പിലെത്തിയപ്പോള് ശരിക്കും അന്തം വിട്ടു പോയി. ആകാശം പിളര്‍ന്നു പടുകൂറ്റന്‍ ശ്രീകൊവിലുമായി ദ്വാരകാദീശ ക്ഷേത്രം. തൊട്ടു ചേര്‍ന്ന് ഏതാനും മീറ്റര്‍ അകലെ ജമാ മസ്ജിദ്. ഭഗവാന് ശ്രീകൃഷ്ണന് ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഗര്‍ഭ ജയിലറക്ക് മുകളിലായിരുന്നു ശരിക്കും ക്ഷേത്രത്തിന്റെ സ്ഥാനം. പത്താം നൂറ്റാണ്ടില്‍ മെഹമൂദ് ഗസ്നിയാണ് ആദ്യം ക്ഷേത്രം തകര്‍ത്തത് കുറച്ച് നാള് കഴിഞ്ഞു ഹിന്ദുക്കള്‍ അത് തിരിച്ച് പിടിച്ചു പിന്നീട് ദല്‍ഹി സുല്‍ത്താനായ സിക്കന്ദര്‍ ലോദിയുടെ ഊഴമായിരുന്നു. അങ്ങിനെയങ്ങിനെ അധിനിവേശങ്ങളും തിരിച്ചു പിടിക്കലുമോക്കയായി നൂറാണ്ടുകള് കടന്നു പോയി .അവസാനത്തെ പ്രബലനായ മുഗള്‍ ചക്രവര്‍ത്തിയാണ് എറ്റവുമവസാനം ക്ഷേത്രം തകര്‍ത്ത് അവിടെ മസ്ജിദ് പണിഞ്ഞത്. മുഗള്‍ സാമ്രാജ്യത്തിന്റെ അസ്തമയത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ മഥുരയില്‍ കൃഷ്ണ ജന്മ ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമം നടന്നങ്കിലും പൂര്‍ണമായി വിജയിച്ചില്ല. ജന്മസ്ഥാനില്‍ ആരാധന നടത്താനും , അവിടേക്ക് ചേര്‍ന്ന് ക്ഷേത്രം പണിയാനും സാധിച്ചു. അങ്ങിനെ 1818 ല്‍ ഗ്വാളിയോര്‍ രാജവംശത്തിലെ ഗോകുല്‍ദാസ് പരീഖ് പണിഞ്ഞതാണ് ഇപ്പോഴത്തെ ക്ഷേത്രം.
ക്ഷേത്ര വാതില്ക്കല് ഒന്നാന്തരം ലെസ്സി .വില്പനക്ക് മണ്ണ് കൊണ്ടുള്ള ഒരു ഗ്ലാസിനു ഇരുപത് രൂപ. ഒന്ന് കുടിച്ചപ്പോള്‍ വീണ്ടും കുടിക്കാന്‍ തോന്നി അങ്ങിനെയങ്ങിനെ നാല് ഗ്ലാസ് കുടിച്ചപ്പോള്‍ കടക്കാരന് എന്നെ അന്തം വിട്ട് നോക്കുന്നു. മൂക്ക് മുട്ടി , ഇനി വയ്യ. ലെസ്സി എനിക്ക് വളരെ ഇഷ്ടമാണ് എന്നാലും ഇതെന്തൊരു ലെസ്സി ഭഗവാനെ. പുളിയില്ലാത്ത തൈരില്‍ തങ്ങിനില്ക്കുന്ന പഞ്ചസാരത്തരികള്‍ ഒരു ലഹരിയായി ,സിരകളിലേക്ക് പടരുന്നു. മഥുരയില്‍ എറ്റവും വലിയ കുറ്റകൃത്യമാണ് പോലും പാലില്‍ വെള്ളം ചേര്‍ക്കുന്നത്. ആ പാലില്‍ നിന്നുള്ള തൈരാണ്. വെറുതെയല്ല നാല് ഭീമന് ഗ്ലാസ് ലെസ്സി നൈസായിട്ട് അകത്ത് പോയത്.
ക്ഷേത്ര ദര്‍ശനത്തിനു ശേഷം ജന്മസ്ഥാനിലേക്ക്. മസ്ജിദിന്റെ മധ്യ മകുടത്തിനു താഴെയുള്ള ജയിലറയിലെക്കുള്ള ചെറിയ ഇടനാഴിയുടെ ഭിത്തിയില്‍ പുരാതന കാലത്തെ ചിത്രപ്പണികള്‍. കാറ്റൊ വെളിച്ചമോ കടക്കാത്ത ആ ജയിലറയില്‍ .കംസന്റെ ക്രൂരതയില്‍ പിടഞ്ഞു വീണ ആറ് കുരുന്നുകളുടെ രോദനം തങ്ങി നില്ക്കുന്നു. മനുഷ്യരാശിയുടെ മഹാവെളിച്ചമായി ഭഗവാന് അവതരിച്ചതിവിടെയാണ് എന്ന തിരിച്ചറിവില്‍ ഞാന്‍ അടിമുടി വിയര്‍ത്തു നാടീഞരമ്പുകളിലൂടെ അലറിയോഴുകിയ വൈദ്യുതിപ്രവാഹം കണ്ണുനീരായി പുറത്ത് വന്നു. ഞാന്‍ നോക്കുമ്പോള്‍ പ്രിയയുടെ കണ്ണുകളിലും നനവ് , മിനിച്ചേച്ചിയും കണ്ണ് തുടക്കുന്നു. മോള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പോലുമാവാതെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. മിനിച്ചെച്ചി തന്നത് വെറുമൊരു സര്‍പ്രൈസല്ല ,ഒരു ജന്മസാഫല്യം തെന്നയാണ്.
മസ്ജിദിനു മുന്പില് തന്നെ പാറിക്കളിക്കുന്ന കാവിക്കൊടി . എങ്ങും കൃഷ്ണ മന്ത്രങ്ങള്‍ ,.വായുവിനു പോലും വനമാലയുടെ സുഗന്ധം …മറ്റൊരു വിശ്വാസത്തിന്റെ സാന്നിധ്യം തന്നെ നിഷിദ്ധമായ ഇസ്ലാം .എന്തിനാണ് ഒരു വാശി പോലെ ഇതില്‍ കടിച്ച് തൂങ്ങിയിരിക്കുന്നത്. അവര്‍ക്ക് ലോകത്തിലെ ലക്ഷക്കണക്കിന് മസ്ജിടുകളില്‍ ഒന്ന് മാത്രമാണ് മഥുരയിലേത്. എന്നാല്‍ ഹിന്ദുവിന് പകരം വെക്കാനില്ലാത്ത പവിത്ര ഭൂമിയും. വെള്ളിയാഴ്ചകളില്‍ മാത്രമേ അവിടെ നമാസ് ഉള്ളൂ. വെള്ളിയാഴ്ച പ്രാര്‍ഥനക്ക് വേണ്ട കുറഞ്ഞ സംഖ്യയുമായി ഇപ്പോഴും അവിടെ പ്രാര്‍ഥന നടക്കുന്നു …ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത് നിങ്ങളുടെ ഭഗവാന്റെ മുകളിലാണ് എന്ന ഒരു ക്രൂരമായ സംതൃപ്തി മാത്രമാണ് ഇതിനുള്ളത്. ഇസ്ലാമിനു നിഷിദ്ധമായ വിഗ്രഹാരാധനയുടെ മൂലകേന്ദ്രത്തില് നടത്തുന്ന പ്രാര്‍ഥന അല്ലാഹു കൈക്കൊള്ളുമോ എന്നത് മുസ്ലിം സമൂഹം ചിന്തിക്കേണ്ട വസ്തുതയാണ് .
വീണ്ടും യമുനാ എക്സ്പ്രസ് ഹൈവേയില്‍ കയറുമ്പോള്‍ ,സൂര്യന് പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയിരുന്നു. വിശാലമായ ഗോതമ്പ് വയലുകളും കൊയ്തുകൂട്ടിയ ഗോതമ്പ് കൂനകളുടെ കനകക്കുന്നുകളുമെല്ലാം പിന്നിടുമ്പോള്‍ ഞാന്‍ ചിന്തിച്ചത് കൃഷ്ണനെപ്പറ്റിയായിരുന്നു. ജയിലറയില്‍ ജനിച്ച് , എല്ലാ സൗഭാഗ്യങ്ങളെയും പുഞ്ചിരിയോടെ ത്യജിച്ച് നിര്‍മ്മമനായി വളര്‍ന്ന് ഒരു വീരമരണം പോലും സ്വീകരിക്കാതെ മറഞ്ഞ ആ മഹാവെളിച്ചം .മനുഷ്യ ചരിത്രത്തിലെ എറ്റവും വലിയ മഹാത്ഭുതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: