എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നിങ്ങള്‍ക്കെല്ലാം എന്റെ നമസ്ക്കാരം. അവധിക്കാലത്ത് എല്ലാവരും ഓരോ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടാവും. അവധിക്കാലം മാമ്പഴക്കാലം കൂടിയാണല്ലോ. മാങ്ങയുടെ മധുരം നുണയാന്‍ മനസ്സ് ആഗ്രഹിക്കുന്നുണ്ട്. ഒപ്പം കുറച്ചുസമയം ഉച്ചയുറക്കത്തിന് കിട്ടിയിരുന്നെങ്കില്‍ എന്നും ആഗ്രഹിക്കുന്നുണ്ടാവും. എന്നാലിപ്രാവശ്യത്തെ കടുത്ത വേനല്‍ നമുക്ക് ചുറ്റുമുള്ള എല്ലാ സന്തോഷങ്ങളെയും നശിപ്പിച്ചുകളഞ്ഞു. രാജ്യവ്യാപകമായി ഈ കാര്യത്തില്‍ ചിന്തയുണ്ടാകുന്നത് സ്വാഭാവികമാണ്. അതുമാത്രമല്ല, തുടര്‍ച്ചയായുള്ള വരള്‍ച്ച ഭൂമിയിലെ ജലസ്രോതസ്സുകളിലെ ജലത്തിന്റെ തോത് കുറച്ചുകളയുന്നുണ്ട്.
ചിലപ്പോഴൊക്കെ കയ്യേറ്റങ്ങള്‍ മൂലവും മണ്ണൊലിപ്പ് മൂലവും വെള്ളത്തിന്റെ ഒഴുക്കിന് തടസ്സങ്ങള്‍ നേരിടുകയും അതുമൂലം ജലാശയങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കുറച്ചുമാത്രം വെള്ളം ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ ക്രമം വര്‍ഷങ്ങളായി തുടരുമ്പോള്‍ ജലസംഭരണശേഷി സ്വാഭാവികമായി കുറയുന്നു. വരള്‍ച്ചയെ നേരിടാന്‍, ജലദൗര്‍ലഭ്യത്തെ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. എന്നാല്‍, പൗരന്മാര് വളരെ നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. പല ഗ്രാമങ്ങളിലും ഈ കാര്യത്തില്‍ ജാഗ്രത കാണപ്പെടുന്നുണ്ട്. വെള്ളത്തിനുവേണ്ടി വല്ലാതെ ബുദ്ധിമുട്ടിയിട്ടുള്ളവര്‍ക്കേ വെള്ളത്തിന്റെ മഹത്വവും വിലയും എന്താണെന്ന് അറിയൂ. അതുകൊണ്ടുതന്നെ അങ്ങിനെയുള്ള സ്ഥലങ്ങളില്‍ വെള്ളത്തിന്റെ കാര്യത്തില്‍ വികാരപരതയും അതിനുവേണ്ടി കുറച്ചെന്തെങ്കിലുമൊക്കെ ക്രിയാശീലവും ഉണ്ടാകും. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് എന്നോട് ആരോ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ ഹിവരെബാസാര് ഗ്രാമപഞ്ചായത്തും അവിടുത്തെ ഗ്രാമവാസികളും ചേര്‍ന്ന് വെള്ളത്തെ ഗ്രാമത്തിലെ ഏറ്റവും വലിയ വൈകാരികപ്രശ്നമായി ഉദ്ഘോഷിച്ചുവെന്ന്. ജലം സംഭരിച്ചുവെയ്ക്കാന്‍ ആഗ്രഹമുള്ള പല ഗ്രാമവാസികളും ഒത്തുചേരുന്നുണ്ട്. എന്നാല്‍ ഇവര്‍ കര്‍ഷകരുമായി കൂടിയാലോചിച്ച് അവരുടെ കൃഷിരീതികള്‍ പൂര്‍ണ്ണമായും മാറ്റിമറിച്ചു. കൂടുതല്‍ ജലത്തിന്റെ ഉപഭോഗം ആവശ്യമായി വരുന്ന കരിമ്പ്, വാഴ തുടങ്ങിയ വിളകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
കേള്‍ക്കുമ്പോള്‍ വളരെ ലളിതമെന്നു തോന്നാം കാര്യങ്ങള്‍. എന്നാല്‍, അത്ര ലളിതമല്ല. എല്ലാവരും ചേര്‍ന്ന് എത്രയോ വലിയ ഒരു സങ്കല്പനമാണ് ചെയ്തിട്ടുണ്ടാവുക. ഏതെങ്കിലും ഫാക്ടറികളില്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ പറയുമോ, നിങ്ങള്‍ ഫാക്ടറി അടച്ചിടൂവെന്ന്. വെള്ളത്തിന്റെ അമിത ഉപഭോഗത്തിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍, എന്റെ കര്ഷകസഹോദരങ്ങളെനോക്കൂ, കരിമ്പ് ഒരുപാട് വെള്ളം ഉപയോഗിക്കുന്നു. അതിനാല്‍ കരിമ്പ്കൃഷി ഉപേക്ഷിക്കാം എന്ന് അവര്‍ക്ക് തോന്നി. അവര്‍ ഉപേക്ഷിച്ചു. എന്നിട്ട് വളരെ കുറച്ചുമാത്രം വെള്ളം ആവശ്യമുള്ള ഫലങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിലേയ്ക്ക് തിരിഞ്ഞു. അവര്‍ ജലസംരക്ഷണത്തിന്റെ ജലസേചനത്തിന്റെ പുതിയ മാതൃകകള്‍ സ്വീകരിച്ചു. ഇന്ന് ആ ഗ്രാമം ജലദൗര്‍ലഭ്യത്തെ നേരിട്ടുകൊണ്ട് സ്വയം പര്യാപ്തരായി കഴിഞ്ഞു.
ശരിയാണ്. ഞാന്‍ ഒരു ചെറിയ ഗ്രാമമായ ഹിവരെ ബാസാറിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. എന്നാല്‍ അതുപോലുള്ള പല ഗ്രാമങ്ങളും ഉണ്ടാകും. ഞാന്‍ ഇത്തരത്തിലുള്ള എല്ലാ ഗ്രാമവാസികള്‍ക്കും ഈ മഹത്പ്രവൃത്തിയുടെ പേരില്‍ വളരെ വളരെ അഭിനന്ദനങ്ങള്‍ നേരുന്നു.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഗോരവ ഗ്രാമപഞ്ചായത്തിനെകുറിച്ച് എന്നോട് ആരോ പറഞ്ഞു. പഞ്ചായത്തിന്റെ പരിശ്രമത്തില്‍ കൃഷി ആവശ്യത്തിനായി കുളം നിര്‍മ്മിക്കാനുള്ള യജ്ഞം നടത്തിയെന്ന്. അങ്ങനെ ഏകദേശം 27 കുളങ്ങള്‍ നിര്‍മ്മിച്ചു. അതുകൊണ്ട് ഭൂഗര്‍ഭജലവിതാനത്തില്‍ വലിയ ഉയര്‍ച്ചയുണ്ടാകുകയും ജലം മുകളില്‍ വരികയും ചെയ്തു. വിളവുകള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം ലഭിച്ചു. വലിയ വലിയ കണക്കുകളാണ് അവര്‍ പറഞ്ഞത്. അവരുടെ കാര്‍ഷികോത്പാദനത്തില്‍ 20% ന്റെ വര്‍ദ്ധനവ് ഉണ്ടായി.
ഭൂഗര്‍ഭജലവിതാനം ഉയരുന്നതിനനുസരിച്ച് വെള്ളത്തിന്റെ ഗുണനിലവാരത്തിലും വലിയ പുരോഗതിയുണ്ടായി. അങ്ങിനെ വെള്ളം സംരക്ഷിക്കാനുമായി. ശുദ്ധമായ കുടിവെള്ള ലഭ്യത ഏഉജയുടെ നിരക്ക് കൂട്ടുമെന്നാണ് പറയുന്നത്. അത് ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ഭാരതസര്‍ക്കാര്‍ റയില്‍മാര്‍ഗ്ഗം ലാത്തൂരില്‍ വെള്ളം എത്തിച്ചപ്പോള്‍ ലോകത്തിന് അതൊരു വലിയ വാര്‍ത്തയായിരുന്നു. വളരെ വേഗത്തില്‍ റെയില്‍വേ ജോലി ചെയ്തു. അത് അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ ഗ്രാമവാസികളും അത്രതന്നെ അഭിനന്ദനം അര്‍ഹിക്കുന്നു. ഞാന്‍ പറയും അവര്‍ റെയില്വെയേക്കാള് കൂടുതല്‍ അഭിനന്ദനത്തിന് യോഗ്യരാണെന്ന്. ഇത്തരത്തില്‍ ഗ്രാമീണരുടെ കൂട്ടായ്മയില്‍ നടക്കുന്ന ഒരുപാട് പദ്ധതികളുണ്ട്.
എന്നാല്‍, അതൊന്നുംതന്നെ പുറംലോകം അറിയുന്നില്ല. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇടയ്ക്കൊക്കെ എല്ലാവരും അറിയുന്നുണ്ട്. നമ്മള് വല്ലപ്പോഴും നമ്മുക്കു ചുററും നോക്കുമ്പോള്‍ വരള്‍ച്ചയ്ക്കെതിരെ എപ്രകാരത്തിലൊക്കെയാണ് പുതിയ പുതിയ രീതികളില്‍ പ്രശ്നപരിഹാരങ്ങള്‍ക്കായി ആളുകള്‍ പ്രയത്നിക്കുന്നുവെന്ന് കാണാന്‍ കഴിയും.
എത്രയൊക്കെ കഷ്ടപ്പാടുകളിലൂടെ കടന്നുപോയാലും എവിടുന്നെങ്കിലും ഒരു നല്ല വാര്‍ത്ത വരുകയാണെങ്കില്‍ മുഴുവന്‍ ബുദ്ധിമുട്ടുകളും ദുരീകരിക്കപ്പെട്ടതായി ഒരു തോന്നലുണ്ടാവുക മനുഷ്യസ്വഭാവമാണ്. ഇപ്രാവശ്യം മഴ 106 മുതല്‍ 110 ശതമാനം വരെ ഉണ്ടാകുമെന്ന പ്രവചനം വലിയൊരു ആശ്വാസത്തിന്റെ സന്ദേശം ആയിരിക്കുകയാണ്. മഴയെത്താന്‍ ഇനിയും സമയമുണ്ട്. എന്നാല്‍ നല്ല മഴകിട്ടുമെന്ന വാര്‍ത്ത ഒരു പുത്തന്‍ ഉണര്‍വ്വ് കൊണ്ടുവന്നിരിക്കുന്നു.
എന്നാല്‍ എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നല്ല മഴ ഉണ്ടാകുമെന്ന വാര്‍ത്ത ആനന്ദത്തോടൊപ്പം നമുക്ക് എല്ലാവര്ക്കും അവസരങ്ങളും തരുന്നു. ഒപ്പം വെല്ലുവിളികളും. ഗ്രാമങ്ങള്‍തോറും ജലം സംരക്ഷിക്കുന്നതിനായി നമുക്കിപ്പോള്‍ മുതല്‍തന്നെ ഒരു പദ്ധതി തുടങ്ങിവയ്ക്കാന്‍ കഴിയില്ലേ? കര്‍ഷകര്‍ക്ക് മണ്ണിന്റെ ആവശ്യ വരും. പാടത്ത് വിളകളുമായി ബന്ധപ്പെട്ട് ഇപ്രാവശ്യം നമുക്ക് ഗ്രാമങ്ങളിലെ കുളങ്ങളില്‍നിന്ന് മണ്ണെടുത്ത് എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? അങ്ങിനെയെങ്കില്‍ നിലങ്ങളും ശരിയാകും. ജലസംഭരണശേഷിയും വര്‍ദ്ധിക്കും. സിമന്റ് പായ്ക്കറ്റുകളിലും രാസ വളങ്ങളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളിലും മണ്ണും കല്ലും നിറച്ച് ജലം ഒഴുകി നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അവയിട്ട് ഒഴുക്ക് തടസ്സപ്പെടുത്താന്‍ കഴിയില്ലേ? അഞ്ചോ ഏഴോ ദിവസങ്ങളില്‍ ഇങ്ങനെ വെള്ളം കെട്ടി നിര്‍ത്തിയാല്‍ ആ വെള്ളം ഭൂമിയില്‍ താഴും.
ഭൂജലവിതാനം ഉയരുകയും ചെയ്യും. കഴിയുന്നത്ര വെള്ളം ഇങ്ങനെ തടഞ്ഞുനിര്‍ത്തണം. ഗ്രാമത്തിലെ വെള്ളം ഗ്രാമത്തില്‍തന്നെ തങ്ങും. നിശ്ചയദാര്‍ഢ്യത്തോടെ എന്തെങ്കിലും ഈ കാര്യത്തില്‍ നമുക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ ഇത് ഒരു ജനകീയ പ്രയത്നത്തിലൂടെ സാധിക്കാം. ഇന്ന് എന്തായാലും ജലദൗര്‍ലഭ്യമുണ്ട്. വരള്‍ച്ചയുമുണ്ട്. എന്നാല്‍, വരുന്ന ഒന്ന് ഒന്നര മാസക്കാലത്തെ സമയം നമ്മുടെ പക്കലുണ്ട്. ഞാന്‍ എപ്പോഴും പറയുന്നു, പോര്‍ബന്തറില്‍ ഗാന്ധിജിയുടെ ജന്മനാട്ടില് പോയാല്‍ നമുക്ക് അവിടെ വിവിധ സ്ഥലങ്ങള്‍ കാണാം. അവിടെ കാണേണ്ടതായ ഒരു സ്ഥലമുണ്ട്. മഴവെള്ളസംരക്ഷണരീതികള്കൊണ്ട് ശ്രദ്ധേയം. മഴവെള്ളം സംരക്ഷിക്കുന്നതിനായി വീടുകള്‍ക്ക് അടിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ടാങ്കുകളാണ് അവ. 200 വര്‍ഷത്തെ പഴക്കമുണ്ട്. ആ വെള്ളം എത്ര ശുദ്ധമാണ്.
ഒരു മിസ്റ്റര്‍ കുമാര്‍ കൃഷ്ണ, അദ്ദേഹം my-gov-എഴുതിയിരിക്കുന്നു, ഒരുതരത്തില്‍ അദ്ദേഹത്തിന്റെ ജിജ്ഞാസ വ്യക്തമാക്കിയിരിക്കുകയാണ്. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഗംഗാശുചീകരണ പദ്ധതി നടപ്പിലാകുമോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്ത സ്വാഭാവികമാണ്. എന്തുകൊണ്ടെന്നാല്‍ ഏകദേശം 30 വര്‍ഷത്തോളമായി ആ ജോലി നടന്നുകൊണ്ടിരിക്കുന്നു. പല സര്‍ക്കാരുകള്‍ വന്നു, പല പദ്ധതികള്‍ വന്നു, വളരെയധികം തുകയും ചിലവാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സഹോദരന് കുമാര്‍ കൃഷ്ണയെപോലുള്ള രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ മനസ്സില്‍ ഇത്തരത്തിലൊരു ചോദ്യമുണ്ടാകുക വളരെ സ്വാഭാവികമാണ്. മതവിശ്വാസികളെ സംബന്ധിച്ച് ഗംഗ മോക്ഷദായിനിയാണ്.
എന്നാല്‍, ഞാന്‍ ആ മാഹാത്മ്യത്തെ കണക്കിലെടുത്തുകൊണ്ടുതന്നെ എന്നാല്‍ അതിലേറെ എനിയ്ക്ക് ഗംഗയെ ജീവദായിനിയായിട്ടാണ് തോന്നുന്നത്. ഗംഗയില്‍നിന്നും നമുക്ക് ഭക്ഷണം കിട്ടുന്നു, ഗംഗയില്‍നിന്നും നമുക്ക് തൊഴിലും കിട്ടുന്നു, ഗംഗയില്‍ നിന്നും നമുക്ക് ജീവിക്കാനൊരു പുതുശക്തി ലഭിക്കുന്നു, ഗംഗയുടെ ഒഴുക്കിന് രാജ്യത്തിന്റെ സാമ്പത്തിക ഗതിവിഗതികള്‍ക്ക് ഒരു പുതുഗതി നല്‍കാനും കഴിയുന്നു. ഭഗീരഥന് നമുക്ക് ഗംഗയെ കൊണ്ടുവന്നുതന്നു. എന്നാല്‍ ഗംഗയെ സംരക്ഷിക്കാന്‍ നമുക്ക് കോടിക്കണക്കിന് ഭഗീരഥന്മാരുടെ ആവശ്യമുണ്ട്.
ജനപങ്കാളിത്തം കൂടാതെ ഒരുക്കലും ഈ കാര്യം സഫലമാക്കാന്‍ കഴിയില്ലതന്നെ. അതുകൊണ്ട് നമ്മളെല്ലാവും വൃത്തിക്കും ശുദ്ധിക്കുംവേണ്ടി ഒരു മാറ്റാനുവര്ത്തി ആകേണ്ടതുണ്ട്. വീണ്ടും വീണ്ടും കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. പറയേണ്ടതുണ്ട്. സര്‍ക്കാര്‍തലത്തില്‍ ഒരുപാട് പ്രയത്നങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗംഗാതീരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളുടെയും പരിപൂര്‍ണസഹകരണം നേടുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഉപരിതലശുചീകരണവും, വ്യാവസായിക മലിനീകരണം തടയുന്നതിനുള്ള പല ചുവടുവയ്പ്പുകളും ചെയ്തുകഴിഞ്ഞു. ദിവസേന വലിയ അളവില്‍ ഗംഗയില്‍ ഓടകള്വഴി മാലിന്യങ്ങള്‍ എത്തുന്നു. അത്തരത്തിലുള്ള ചപ്പുചവറുകള്‍ വൃത്തിയാക്കുന്നതിനുവേണ്ടി വാരണാസി, ഇലാഹാബാദ്, കാണ്‍പൂര്‍, പാട്ന തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഷ് സ്കിമ്മര്‍ വെള്ളത്തില്‍ നീന്തി ചപ്പുചവറുകള്‍ വൃത്തിയാക്കുന്ന ജോലി ചെയ്തുവരുന്നു. എല്ലാം പ്രാദേശിക ഘടകങ്ങളെയും അതിന് സന്നദ്ധരാക്കിയിട്ടുണ്ട്, നിരന്തരം പ്രവര്ത്തനക്ഷമമായിരിക്കുവാന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അവിടുന്നുതന്നെ ചപ്പുചവറുകള്‍ വൃത്തിയാക്കികൊണ്ടുപോകാനും.
കഴിഞ്ഞ ദിവസങ്ങളില്‍ എനിയ്ക്ക് അറിയാന്‍ കഴിഞ്ഞത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍നിന്ന് 3 മുതല്‍ 11 വരെ ടണ്‍ മാലിന്യങ്ങള്‍ ദിവസവും മാറ്റപ്പെടുന്നുവെന്നാണ്. കാര്യം ശരിയാണ്. ഇത്രയും അളവില്‍ വൃത്തികേടു വര്‍ദ്ധിക്കുന്നത് തടയാന്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ട്രാഷ് സ്കിമ്മേഴ്സിനെ ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമുണ്ട്. ഗംഗാ യമുനാ തീരത്തുള്ള ആളുകള്‍ക്ക് അതിന്റെ പ്രയോജനം വളരെ പെട്ടെന്നുതന്നെ അനുഭവപ്പെടും. വ്യാവസായിക മലിനീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വേണ്ടി പള്‍പ്പും പേപ്പറും ഡിസ്ലറിയും പഞ്ചസാര വ്യവസായവും ചേര്‍ന്ന് ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കിയിട്ടുണ്ട്. ചെറിയ തോതില്‍ പ്രാവര്‍ത്തികമാക്കാനും തുടങ്ങിയിട്ടുണ്ട്. അതിനും നല്ല ഫലം കിട്ടും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.
ഞാന്‍ ഇക്കാര്യത്തില്‍ വളരെ സന്തോഷവാനാണ്. എനിയ്ക്ക് അറിയാന്‍ കഴിഞ്ഞത് ഉത്തരാഖണ്ഡിലേയും ഉത്തര്‍പ്രദേശിലേയും ഡിസ്റ്റ്ലറിയിലെ ഡിസ്ചാര്ജ്ജിനെ കുറിച്ചാണ്. സീറോ ലിക്യുഡ് ഡിസ്ചാര്‍ജ്ജില്‍ വിജയം നേടിയതിനെ കുറിച്ച് കഴിഞ്ഞ ദിവസം കുറച്ച് ഉന്നത ഉദ്യോഗസ്ഥര്‍ എന്നോട് പറയുകയുണ്ടായി. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് നമ്മള് ശരിയായ ദിശയിലേക്ക് മുന്നേറുന്നു എന്നതാണ്. ജാഗ്രതയും വര്‍ദ്ധിച്ചിട്ടുണ്ട്. ഗംഗാതീരത്തുള്ളവര് മാത്രമല്ല, അങ്ങ് ദൂരെ തെക്കുള്ള ഏതെങ്കിലും വ്യക്തിയെ കണ്ടാലും അവര്‍ തീര്‍ച്ചയായും ചോദിക്കുന്നത് ഗംഗാ ശുചീകരണം നടക്കില്ലേ സര് എന്നാണ്. ഇത് സാധാരണക്കാരന്റെ വിശ്വാസമാണ്. അത് തീര്‍ച്ചയായും ഗംഗാശുചീകരണപ്രക്രിയയെ വിജയത്തിലെത്തിക്കും. ഗംഗ ശുദ്ധീകരണത്തിനുവേണ്ടി ആളുകള്‍ സംഭാവനപോലും തരുന്നുണ്ട്. വളരെ നല്ല രീതിയില്‍ ഈ സംവിധാനം നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ഏപ്രില്‍ 24. ഭാരതത്തില്‍ ഇത് പഞ്ചായത്തീ രാജ് ദിവസമായി ആചരിക്കപ്പെടുന്നു. ഈ ദിവസംതന്നെയാണ് നമ്മുടെ രാജ്യത്ത് പഞ്ചായത്തീ രാജ് നിലവില്‍ വന്നത്. ഇന്ന് പതുക്കെ പതുക്കെ രാജ്യവ്യാപകമായി പഞ്ചായത്തീ രാജ് സംവിധാനം നമ്മുടെ ജനാധിപത്യ ഭരണവ്യവസ്ഥയുടെ മഹത്തായ ഒരു ഏകകം എന്ന നിലയില്‍ വിജയകരമായി കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഏപ്രില്‍ 14-ന് നമ്മള് ബാബാ സാഹബ് അംബേദ്ക്കറുടെ 125-ാമത് ജയന്തി ആഘോഷിച്ചിരുന്നു. ഇന്ന് ഏപ്രില്‍ 24-ന് നമ്മള് പഞ്ചായത്ത് രാജ് ദിനം ആഘോഷിക്കുന്നു. നമ്മുടെ ഭാരതത്തിന് ഒരു ഭരണഘടന പ്രദാനം ചെയ്ത മഹാപുരുഷന്റെ ജന്മദിനം മുതല്‍ ഏപ്രില്‍ 24 വരെയുള്ള തീയതികള്‍ ഭരണഘടനയുടെ വളരെ പ്രബലമായ കണ്ണികളാണ്. അവ നമ്മുടെ ഗ്രാമങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള പ്രേരണയാകുന്നു. അതുകൊണ്ട് ഭാരതസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളുടെ സഹകരണത്തോടെ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 24 വരെയുള്ള 10 ദിവസങ്ങളില്‍ ഗ്രോമോദയത്തില് നിന്ന് ഭാരതോദയം എന്ന യജ്ഞം നടത്തി.
ബാബാ സാഹബ് അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14-ന് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഹു സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത് എന്റെ ജീവിതത്തിലെ ഭാഗ്യം നിറഞ്ഞ നിമിഷമായി കരുതുന്നു. എനിയ്ക്ക് ആ പവിത്രമായ ഭൂമിയെ പ്രണമിക്കുന്നതിനുള്ള അവസരം ലഭിച്ചു. ഇന്ന് അതായത് ഏപ്രില്‍ 24-ന് നമ്മുടെ ധാരാളം ആദിവാസി സഹോദരീ സഹോദരന്മാര് താമസിക്കുന്ന ഝാര്‍ഖണ്ഡില്‍ പോയി ഞാന്‍ പഞ്ചായത്ത്രാജ് ദിനം ആഘോഷിക്കുന്നു.
അതിനുശേഷം ഉച്ചയ്ക്ക് 3 മണിയ്ക്ക് വീണ്ടും ഒരിക്കല്‍ക്കൂടി ഈ പഞ്ചായത്ത് ദിനത്തില്‍ നമ്മുടെ രാജ്യത്തിലെ എല്ലാ പഞ്ചായത്തുകളോടും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതായിരിക്കും. ഈ യജ്ഞം വലിയ ഒരു ഉണര്‍വ്വ് ആണ് നല്‍കിയിരിക്കുന്നത്.
ഭരതത്തിന്റെ ഓരോ കോണിലും ഗ്രാമീണതലത്തില്‍ ജനാധിപത്യസ്ഥാപനങ്ങളെ എങ്ങിനെ ശക്തമാക്കാം? ഗ്രാമങ്ങള്‍ എങ്ങിനെ സ്വയം പര്യാപ്തത കൈവരിക്കും? ഗ്രാമങ്ങള്‍ സ്വയം വികസനത്തിനുള്ള പദ്ധതികള്‍ എങ്ങിനെ തയ്യാറാക്കും? ഇന്‍ഫ്രാസ്ട്രക്ച്ചറിനും സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിനും പ്രാധാന്യം കൊടുക്കുകയും വേണം. ഗ്രാമങ്ങളില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകരുത്. കുട്ടികള്‍ സ്കൂള്‍ ഉപേക്ഷിച്ചുപോകരുത്. ബേഠി ബച്ചാവോ…. ബേഠി പഠാവോ…. അതായത് മകളെ രക്ഷിക്കൂ… മകളെ പഠിപ്പിക്കൂ…. എന്ന യജ്ഞം വിജയപൂര്‍വ്വം മുന്നോട്ട് കുതിക്കട്ടെ. മകളുടെ ജന്മദിനം ഗ്രാമങ്ങളുടെ ആഘോഷമായി മാറണം. ഇങ്ങനെയുള്ള പലപല പദ്ധതികളുമുണ്ട്. ചില ഗ്രാമങ്ങളില്‍ ഭക്ഷ്യദാനപരിപാടിയും സംഘടിപ്പിച്ചു.
ഒരു പക്ഷേ, ഭാരതത്തിലെ ഇത്രയുമധികം ഗ്രാമങ്ങളില്‍ ഒരുമിച്ച് ഇങ്ങനെ പല രീതികളിലുള്ള പരിപാടികള്‍ തുടര്‍ച്ചയായി പത്തു ദിവസം നടക്കുക എന്നത് വളരെ വിരളമായിരിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രാമപ്രമുഖരും തനതായ രീതിയില്‍ പുതുമയോടുകൂടി ഈയവസരത്തെ ഗ്രാമങ്ങളുടെ നന്മയ്ക്കുവേണ്ടിയും ഗ്രാമങ്ങളുടെ വികസനത്തിനുവേണ്ടിയും ജനാധിപത്യത്തിന്റെ കെട്ടുറപ്പിനുംവേണ്ടിയുള്ള അവസരമാക്കിമാറ്റി. ഇക്കാര്യത്തില്‍ ഞാന്‍ അവരെ അഭിനന്ദിക്കുന്നു. ഗ്രാമങ്ങളില്‍ ഉണര്‍വ്വ് ഉണ്ടായിക്കഴിഞ്ഞു. ഇത് ഭാരതോദയത്തിനുള്ള ഉറപ്പാണ് (ഗ്യാരണ്ടിയാണ്). ഭാരതോദയത്തിന്റെ അടിസ്ഥാനം ഗ്രാമോദയമാകുന്നു. അതുകൊണ്ട് ഗ്രാമോദയത്തിന് നമ്മള് കൂടുതല്‍ ഊന്നല്‍ കൊടുക്കണം. എന്നാല്‍ മാത്രമേ നാം ആഗ്രഹിക്കുന്ന ഫലം തീര്‍ച്ചയായും ലഭിക്കുകയുള്ളൂ.
മുംബൈയില്‍ നിന്നും ശര്‍മ്മിള ധാര്പുരെ എന്നെ ഫോണില്‍ വിളിച്ച് അവരുടെ ആശയം ഇങ്ങനെ അറിയിച്ചു, ”പ്രധാനമന്ത്രിജി നമസ്കാരം. ഞാന്‍ ശര്‍മ്മിള ധാര്പുരെ മുംബൈയില്‍ നിന്നു സംസാരിക്കുന്നു. എനിയ്ക്ക് സ്കൂള്‍ കോളേജ് വിദ്യാഭ്യാസത്തെ കുറിച്ച് താങ്കളോട് ചോദിക്കാനുണ്ട്. വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിഷ്ക്കരണത്തിന്റെ ആവശ്യമുണ്ടെന്ന് നമുക്കറിയാം. ആവശ്യത്തിന് സ്കൂളുകളും കോളേജുകളും ഇല്ലാതിരിക്കുക അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ലാതിരിക്കുക, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞാലും അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് ഇല്ലാതിരിക്കുക. ഇതൊക്കെ സാധാരണയായി കണ്ടുവരാറുള്ള കാര്യങ്ങളാണ്. ഇതുകൊണ്ട് ലോകത്തിലെ മത്സരയോട്ടത്തില് നമ്മുടെ കുട്ടികള്‍ പിന്നിലാകുന്നു. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? താങ്കള്‍ ഈ മേഖലയെ ഏതു രീതിയില്‍ പരിഷ്കരിക്കാന്‍ ആഗ്രഹിക്കുന്നു? ദയവായി ഇതിനെക്കുറിച്ച് സംസാരിക്കണം. നന്ദി.”
അവരുടെ ഈ ചിന്ത സ്വാഭാവികമാണ്. ഓരോ കുടുംബത്തിലും ഇന്ന് മാതാപിതാക്കള്‍ക്കുള്ള ആദ്യത്തെ സ്വപ്നം കുട്ടികളുടെ നല്ല വിദ്യാഭ്യാസമാണ്. വീട്, വാഹനങ്ങള്‍ ഇവയെക്കുറിച്ചുള്ള വിചാരം അതിനുശേഷം മാത്രമാണ് ഭാരതംപോലുള്ള ഒരു രാജ്യത്തെ സാധാരണ ജനമനസ്സുകളിലുള്ളത്. ഇത് നമ്മുടെ വലിയ ശക്തിയാണ്. കുട്ടികളെ പഠിപ്പിക്കുക അതും നല്ല രീതിയില്‍. അവര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണം എന്നുള്ള ചിന്ത ഇനിയും വര്‍ദ്ധിക്കുകയും കൂടുതല്‍ ജാഗ്രത ഉണ്ടാവുകയും വേണം. കുടുംബങ്ങളില്‍ ഈ ജാഗ്രത ഉണ്ടായാല്‍ അതിന്റെ സ്വാധീനം സ്കൂളുകളിലും അദ്ധ്യാപകരിലും ഉണ്ടാകുന്നു.
ഞാന്‍ സ്കൂളില്‍ പോകുന്നത് പഠിക്കുവാന്‍ വേണ്ടിയാണെന്ന ബോധം കുട്ടികളിലും ഉണ്ടാകുന്നു. ഇതൊക്കെ ഞാനും അംഗീകരിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് എല്ലാ അഭ്യുതയകാംക്ഷികളും രക്ഷാകര്‍ത്താക്കളും സ്കൂളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വളരെ വിശദമായി സമയം ചെലവഴിച്ചുതന്നെ കുട്ടികളോട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ എന്തെങ്കിലും ശ്രദ്ധയില്‍പെടുകയാണെങ്കില്‍ സ്വയം സ്കൂളില്‍ ചെന്ന് അദ്ധ്യാപകരുമായി സംസാരിക്കേണ്ടതാണ്. ഈ ജാഗ്രതയിലൂടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പല തിന്മകളെയും കുറയ്ക്കാന്‍ കഴിയും. എന്ന് മാത്രമല്ല, ഈ ജനപങ്കാളിത്തത്തിലൂടെ ഇത് നടക്കേണ്ടതുതന്നെയാണ്.
നമ്മുടെ രാജ്യത്തെ എല്ലാ സര്‍ക്കാരുകളും വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുന്നു. ഓരോ സര്‍ക്കാരും അവരവരുടേതായ രീതിയില്‍ പ്രയത്നിക്കുകയും ചെയ്യുന്നു. വളരെക്കാലമായി നമ്മുടെ ശ്രദ്ധ മുഴുവനും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉയര്‍ത്തുന്നതിലും വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വിപുലീകരിക്കുന്നതിലും സ്കൂളുകളും കോളേജുകളും നിര്‍മ്മിക്കുന്നതിനും അദ്ധ്യാപകരെ നിമയിക്കുന്നതിലും കൂടുതല്‍ കൂടുതല്‍ കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതിലുമായിരുന്നു എന്ന കാര്യം സത്യമാണ്. ഒരു തരത്തില്‍ വിദ്യാഭ്യാസത്തെ വിപുലീകരിക്കുന്നതിനുള്ള എല്ലാവിധ പ്രയത്നങ്ങള്‍ക്കും നമ്മള് മുന്‍ഗണന നല്കി. അത് ആവശ്യവുമായിരുന്നു. എന്നാലിപ്പോള്‍ ഈ വിദ്യാഭ്യാസ വിപുലീകരണത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് വിദ്യാഭ്യാസ പരിഷ്ക്കരണത്തിനാണ്. വിപുലീകരണം എന്ന മഹാകാര്യം നമ്മള് ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ നാം വിദ്യാഭ്യാസനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.
സാക്ഷരതാ യജ്ഞത്തില്‍നിന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ഇനി മുന്‍ഗണന നല്‍കണം. ഇന്നുവരെയുള്ള കണക്ക് എത്രപേര്‍ സ്കൂളില്‍ എത്തി എന്നതിനെക്കുറിച്ചായിരുന്നു. ഇനി നാം എത്രപേര്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടിയെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി സ്കൂളുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ഊന്നല്‍ ഗുണമേന്മയുള്ള പഠനത്തിനു കൊടുക്കേണ്ടതുണ്ട്. സ്കൂളില്‍ ചേര്‍ക്കുക, സ്കൂളില്‍ ചേര്‍ക്കുക എന്ന മന്ത്രം ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ സ്കൂളില്‍ എത്തിക്കഴിഞ്ഞു. ഇനി നമ്മുടെ ശ്രദ്ധ അവര്‍ക്ക് നല്ല വിദ്യാഭ്യാസം അനുയോജ്യമായ വിദ്യാഭ്യാസം എന്നിവ നല്കുന്നതില് കേന്ദ്രീകരിച്ചാണവണം. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ബജറ്റ് നിങ്ങള്‍ കണ്ടുകാണും. നല്ല വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രയത്നം നടന്നുകൊണ്ടിരിക്കുന്നു. നല്ലൊരു നീണ്ട യാത്ര വേണ്ടിവരുമെന്ന കാര്യം സത്യംതന്നെയാണ്. എന്നാല്‍ നമ്മള് ഈ രാജ്യത്തെ 125 കോടി ജനങ്ങള്‍ വിചാരിച്ചാല്‍ ഏത് നീണ്ട യാത്രയും സാധ്യമാകും. എന്നാല്‍ നമുക്ക് ഒരുസമൂലമാറ്റം ആവശ്യമുണ്ടെന്ന് ശര്മ്മിളാജി പറഞ്ഞത് ശരിയാണ്.
ഇത്തവണത്തെ ബജറ്റ് ഇതുവരെയുള്ളതില്‍നിന്ന് വ്യത്യസ്തമാണെന്നുള്ള കാര്യം നിങ്ങള്‍ കണ്ടിരിക്കും. ഈ ബജറ്റില്‍ 10 സര്‍ക്കാര്‍ സര്‍വ്വകലാശാലകളോടും 10 സ്വകാര്യ സര്‍വ്വകലാശാലകളോടും സര്‍ക്കാര്‍ ബന്ധനത്തില്‍നിന്നും മോചനം നല്കി സ്വതന്ത്രമായി വെല്ലുവിളിയുടെ പാതയിലൂടെ മുന്നേറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വരുവിന്‍, നിങ്ങള്‍ ഏറ്റവും ഉന്നതനിലവാരമുള്ള സര്വ്വകലാശാലയാകാന് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പറയുവിന്‍. അവര്‍ക്ക് സ്വതന്ത്ര്യം നല്‍കാനുള്ള ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരതത്തിലെ സര്‍വ്വകലാശാലകള്‍ക്കും അന്തര്‍ദേശീയ നിലവാരമുള്ള സര്വ്വകലാശാലയാകാന് കഴിയും. അങ്ങിനെയാവുകതന്നെവേണം. അതോടൊപ്പം വിദ്യാഭ്യാസത്തിനു നല്കുന്ന അതേ പ്രാധാന്യം നൈപുണ്യത്തിനുമുണ്ട്. അതുപോലെ വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ട്. വിദൂരവിദ്യാഭ്യാസവും സാങ്കേതികതയും നമ്മുടെ വിദ്യാഭ്യാസത്തെ ലളിതമാക്കും. സമീപഭാവിയില്‍തന്നെ ഇതിന്റെ ഫലം കണ്ടു തുടങ്ങുമെന്നുതന്നെയാണ് എന്റെ വിശ്വാസം.
വളരെക്കാലമായി ഒരു വിഷയത്തെക്കുറിച്ച് ആളുകള്‍ എന്നോട് ചോദിക്കുന്നു. ചിലര്‍ വെബ് പോര്‍ട്ടല്‍ my-gov-യിലൂടെ എഴുതുന്നു. മറ്റു ചിലര്‍ എനിയ്ക്ക് നരേന്ദ്രമോഡി ആപ്പിലൂടെ എഴുതുന്നു. ഇങ്ങനെ എഴുതുന്നത് കൂടുതലും യുവാക്കളാണ്. ”നമസ്ക്കാരം പ്രധാനമന്ത്രിജി ബിജനൗറില് നിന്ന് ഞാന്‍ മോനാ കര്ണ്ണവാന് സംസാരിക്കുന്നു. ഇന്ന് യുവാക്കളെ സംബന്ധിച്ചിടത്തോളം പഠിത്തത്തോടൊപ്പം സ്പോര്‍ട്സിനും പ്രധാന്യമുണ്ട്. അവര്‍ക്ക് ടീം സ്പിരിറ്റ് ഉണ്ടാകണം. മാത്രമല്ല, നല്ലൊരു ലീഡറാകാനുള്ള യോഗ്യതയും വേണം. അതിലൂടെ അവര്‍ക്ക് പൂര്‍ണ്ണമായ വികസനം സാധ്യമാകണം. ഇത് ഞാനെന്റെ അനുഭവത്തില്‍നിന്ന് പറയുന്നതാണ്. ഞാന്‍ ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സില് പ്രവര്‍ത്തിച്ചിരുന്നു. എന്റെ ജീവിതത്തില്‍ അതിന്റെ വളരെ നല്ല സ്വാധീനമുണ്ടായി. താങ്കള്‍ കൂടുതല്‍ കൂടുതല്‍ യുവാക്കളെ മോട്ടിവേറ്റ് ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ എന്‍. സി. സി., എന്‍. എസ്. എസ്., ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ് എന്നിവയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.”
നിങ്ങള്‍ എനിയ്ക്ക് ഇത്രയധികം നിര്‍ദ്ദേശങ്ങള്‍ എനിയ്ക്ക് ഇത്രയധികം നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു.
എന്നാല്‍ ഒരു ദിവസം എനിയ്ക്ക് തോന്നി നിങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് തന്നെ ഇവരോടെല്ലാം സംഭാഷണത്തിലേര്പ്പെടണമെന്ന്. നിങ്ങള്‍ നല്കിയ സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നുവത്. നിങ്ങളുടെ നിര്‍ദ്ദേശങ്ങളുമായിരുന്നു. ഇതിന്റെ അനന്തരഫലമായി ഞാനൊരു മീറ്റിംഗ് വിളിച്ചുകൂട്ടി. ആ മീറ്റിംഗില്‍ എന്‍. സി. സി. യുടെ പ്രമുഖരുണ്ടായിരുന്നു. എന്‍.എസ്.എസിന്റെയും സ്കൗട്സ് ആന്റ് ഗൈഡ്സിന്റെയും റെഡ്ക്രോസ്സിന്റെയും നെഹ്റു യുവകേന്ദ്രയുടെയുമൊക്കെ പ്രതിനിധികളുമുണ്ടായിരുന്നു. ഇതിനു മുമ്പ് നിങ്ങള്‍ എപ്പോഴാണ് ഒരുമിച്ച് കൂടിയത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഭാരതം സ്വതന്ത്രമായതിനുശേഷം ആദ്യമായാണ് ഇങ്ങനെയൊരു മീറ്റിംഗ് നടക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഈ വക കാര്യങ്ങളെ കുറിച്ച് എനിയ്ക്ക് ആലോചിക്കാന്‍ അവസരം നല്കിയ യുവമിത്രങ്ങളെ ഞാന്‍ ആദ്യം അഭിനന്ദിക്കട്ടെ. ഞാന്‍ എല്ലാവരെയും കണ്ടു വളരെ വലിയ കോ-ഓര്‍ഡിനേഷന്റെ ആവശ്യമുണ്ടെന്ന് എനിയ്ക്ക് തോന്നി. അവരവരുടെതായ രീതിയില്‍ പല കാര്യങ്ങളും നടക്കുന്നുണ്ട്.
പക്ഷേ, സമൂഹവുമായി സഹകരിച്ച സംഘടിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ നല്ലൊരു റിസല്‍ട്ട് ഉണ്ടാക്കുവാന്‍ കഴിയും. അവയുടെ വ്യാപ്തി എത്ര വലുതാണ്. ഒരുപാട് കുടുംബങ്ങളില്‍ ഇത് എത്തപ്പെട്ടിട്ടുണ്ട്. ഇവയുടെ വൈപുല്യം കണ്ടിട്ട് എനിയ്ക്ക് ആശ്വാസം തോന്നി. അവരുടെ ആവേശം അത്ര വലുതായിരുന്നു. ഞാന്‍ എന്‍. സി. സി. കേഡറ്റായിരുന്നു എന്ന കാര്യം സത്യമാണ്. ഇങ്ങനെയുള്ള സംഘടനകളില്‍നിന്ന് നൂതനമായ ഊര്‍ജ്ജവും വീക്ഷണവും പ്രേരണയും ലഭിക്കുകയും ഒരു പുത്തന്‍ ദേശീയബോധം വളരുകയും ചെയ്യും എന്ന കാര്യം എനിയ്ക്കറിയാം. തീര്‍ച്ചയായും കുട്ടിക്കാലത്ത് എനിയ്ക്ക് പ്രചോദനം ലഭിച്ചിരുന്നു. ഈ സംഘടനകളില്‍ പുതിയ ജീവന് നിറയ്ക്കണം. ഇവയ്ക്ക് പുതുശക്തി നല്‍കണം. എന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. ഇപ്രാവശ്യം ഞാന്‍ അവരുടെ മുന്നില്‍ ഏതാനും വിഷയങ്ങള്‍ വച്ചു.
ഈ സീസണില്‍ ജലസംഭരണത്തിന്റെ ജോലി നമ്മുടെ യുവാക്കളേയും സന്നദ്ധസംഘടനകളേയും അണിനിരത്തി എന്തുകൊണ്ട് ചെയ്തുകൂടാ? നമ്മള് പ്രയത്നിച്ചാല്‍ എത്ര ബ്ലോക്കുകളില്‍, ജില്ലകളില്‍ തുറസ്സായ സ്ഥലത്ത് മലമൂത്രവിസ്സര്‍ജ്ജനം നടത്തുന്നത് തടയാന്‍ പറ്റും? തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസ്സര്ജ്ജനത്തില്നിന്ന് എങ്ങിനെ മോചനം നേടാം? രാജ്യത്തെ ഒത്തിണക്കുന്നതിന് ഏതുതരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാം? നമ്മുടെ എല്ലാ സംഘടനകള്‍ക്കും ഒന്നിച്ചു പാടാനുള്ള യൗവ്വനഗീതം ഏതാകും? ഇങ്ങനെയുള്ള പല കാര്യങ്ങളും അവരോട് സംസാരിച്ചു.
ഇന്ന് ഞാന്‍ നിങ്ങളില്‍നിന്നും വളരെ യുക്തമായ ഒരു നിര്‍ദ്ദേശം പ്രതീക്ഷിക്കുന്നു. നമുക്ക് ഇവിടെ അനേകം യുവസംഘടനകള്‍ ഉണ്ട്. അവയുടെ പ്രവര്‍ത്തനശൈലിയിലും പരിപാടിയിലും എന്തൊക്കെ പുതിയ കാര്യങ്ങളാകാം എന്ന് നിങ്ങള്‍ എന്നോട് പറയണം.
എന്റെ നരേന്ദ്രമോഡി ആപ്പില്‍ എഴുതുവിന്‍. അത് ഞാന്‍ ഉചിതമായ സ്ഥലത്തെത്തിക്കും. ഈ മീറ്റിംഗിനുശേഷം ഇതിനുവേണ്ടുവോളം വേഗതയുണ്ടാകുമെന്ന് ഞാന്‍ സമ്മതിക്കുന്നു. അങ്ങിനെയാണെങ്കില്‍ അതിനോടൊപ്പം ചേരാന്‍ നിങ്ങളുടെ മനസ്സും ആഗ്രഹിക്കും എന്നാണ് എനിയ്ക്ക് തോന്നുന്നത്. അങ്ങിനെയുള്ള ഒരു സ്ഥിതിവിശേഷം വരികതന്നെ ചെയ്യും.
എന്റെ നാട്ടുകാരെ, നമ്മളെയെല്ലാം വളരെയധികം ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ് എനിയ്ക്ക് പറയാനുള്ളത്. നമ്മെയെല്ലാം പിടിച്ചുകുലുക്കുന്ന ഒരു വിഷയമായാണ് ഞാനിതിനെ കാണുന്നത്. നിങ്ങളെല്ലാം തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. നമ്മുടെ നാടിന്റെ രാഷ്ട്രീയാവസ്ഥ കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായാണ് ഏതു രാഷ്ട്രീയപാര്‍ട്ടി എത്ര ഗ്യാസ് സിലിണ്ടര്‍ വാഗ്ദാനം ചെയ്തുവെന്നുള്ളത്. 12 സിലിണ്ടറാണോ 9 സിലിണ്ടറാണോ എന്നുള്ളത്. ഇത് തെരഞ്ഞെടുപ്പുകളിലെ ഒരു പ്രധാന വിഷയംതന്നെയായിരുന്നു.
ഓരോ രാഷ്ട്രീയപാര്‍ട്ടിയും കരുതിയിരുന്നത് മിഡില്‍ക്ലാസ്സിനെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ സമീപിക്കുമ്പോള്‍ ഇത് ഒരു പ്രധാനപ്പെട്ട പ്രശ്നംതന്നെയായിരിക്കും. മറുവശത്ത് സാമ്പത്തികവിദഗ്ദരുടെ സമ്മര്‍ദ്ദം സബ്സിഡി കുറയ്ക്കുക എന്നതായിരുന്നു. ഇതിനായി പല കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കമ്മിറ്റികളില്‍ വളരെയധികം ശുപാര്‍ശകള്‍ രൂപീകൃതമാകുകയും ചെയ്തിട്ടുണ്ട്. ഈ കമ്മിറ്റികള്‍ക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും കാര്യങ്ങള്‍ക്ക് പറയത്തക്ക മാറ്റങ്ങള്‍ ഇനിയുമുണ്ടായിട്ടില്ല.
ഈ അനുഭം എല്ലാവര്‍ക്കുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് പുറത്ത് വളരെയധികമൊന്നും ആലോചന വന്നിട്ടില്ല. എന്റെ നാട്ടുകാരേ, ഇപ്പോള്‍ എന്റെ പക്കലുള്ള കണക്കുകളുടെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് വളരെ സന്തോഷപൂര്‍വ്വം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കാര്യം ഞാന്‍ മൂന്നാമത്തെ മാര്‍ഗ്ഗമായ സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്ന മാര്‍ഗ്ഗം സ്വീകരിക്കുക എന്നതായിരുന്നു. ചിലപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന് തങ്ങളേക്കാള്‍ കൂടുതലായി ജനങ്ങളെ അധികം വിശ്വസിക്കേണ്ടതുണ്ട്.
ഞാന്‍ സാമാന്യ ജനങ്ങളെ അധികവിശ്വാസത്തിലെടുത്തുകൊണ്ടുതന്നെ കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ പറയുകയായിരുന്നു നിങ്ങള്‍ക്ക് വര്‍ഷംതോറും 1500/- രൂപ മുതല്‍ 2000/- രൂപവരെയുള്ള അധികചിലവിന്റെ ഭാരം സഹിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഗ്യാസ് സബ്സിഡി ഉപേക്ഷിച്ചുകൂടാ? അത് ദരിദ്രരായ ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. ഈ കാര്യങ്ങള്‍ ഞാനിങ്ങനെ പറഞ്ഞിരുന്നു. ഇന്ന് അത്യധികം അഭിമാനത്തോടെ പറയാന്‍ കഴിയും എന്റെ ജനങ്ങളില്‍ എനിയ്ക്ക് വളരെയധികം മതിപ്പുണ്ടെന്ന്.
ഒരു കോടിയോളം കുടുംബങ്ങള്‍ തങ്ങളുടെ ഗ്യാസ് സബ്സിഡി സ്വമേധയാ സറണ്ടര്‍ ചെയ്തിരിക്കുകയാണ്. ഈ ഒരു കോടി കുടുംബങ്ങള്‍ ധനികവിഭാഗത്തില്പ്പെടുന്നവരല്ല. സബ്സിഡി ത്യജിച്ചവരില്‍ മധ്യവര്‍ഗ്ഗത്തിലും താഴ്ന്ന മധ്യവര്‍ഗ്ഗത്തിലും പെടുന്ന പെന്‍ഷന്‍പറ്റിയ അദ്ധ്യാപകരും ക്ലര്‍ക്കുമാരും, കൃഷിക്കാര്‍, ചെറുകിടകച്ചവടക്കാര്‍ ഒക്കെയാണ്. മറ്റൊരു സവിശേഷതയുള്ളത് സബ്സിഡി ഉപേക്ഷിക്കുവാനായി മൊബൈല്‍ ഫോണ്‍ ആപ്, ഓണ്‍ലൈന്‍ ടെലിഫോണില്‍ മിസ്ഡ് കോള്‍ ഇങ്ങനെ പലവിധമാര്ഗ്ഗങ്ങളും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് മേല്‍പ്പറഞ്ഞ ഒരു കോടി കുടുംബങ്ങളില്‍ 80% ല്‍ അധികവും സ്വയം ഗ്യാസ് വിതരണക്കാരുടെ അടുത്ത് നേരിട്ടെത്തി വരിയില്‍ സ്ഥലംപിടിച്ച് തങ്ങളുടെ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കുന്നുവെന്ന് എഴുതിക്കൊടുക്കുകയായിരുന്നു.
എന്റെ ദേശവാസികളേ, ഇതൊരു ചെറിയ കാര്യമല്ല. സര്‍ക്കാര്‍ ഏതെങ്കിലും നികുതിയില്‍ അല്പം സൗജന്യം അല്ലെങ്കില്‍ കുറവ് വരുത്തുകയാണെങ്കില്‍ ആഴ്ച മുഴുവന്‍ ടി.വി.യിലും പത്രങ്ങളിലും സര്‍ക്കാരിനെ പുകഴ്ത്തുന്നത് കേള്‍ക്കാം. ഒരു കോടി കുടുംബങ്ങള്‍ സബ്സിഡി ഉപേക്ഷിച്ചു.
നമ്മുടെ രാജ്യത്ത് സബ്സിഡി ഒരു അവകാശം തന്നെയായിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു ഉപേക്ഷിക്കല്‍. ഞാന്‍ ആ ഒരു കോടി കുടുംബങ്ങളെയും നമിക്കുന്നു. ഒപ്പം അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ഇവരൊക്കെയും രാഷ്ട്രീയ നേതാക്കന്മാരെ പുതിയ രീതിയില്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഈയൊരു സംഭവം രാജ്യത്തിലെ സാമ്പത്തികവിദഗ്ദരെയും പുതിയ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇങ്ങനെയായാല്‍ അങ്ങനെയാകും ഇങ്ങനെ ചെയ്താല്‍ അങ്ങനെയാകും ഫലം എന്നൊക്കെയുള്ള സാമ്പത്തിക സമീകരണങ്ങള്‍ രൂപീകരിക്കുന്ന ലോകത്തുള്ള സകലസാമ്പത്തികശാസ്ത്രജ്ഞന്മാരുടെയും ചിന്തകള്‍ക്ക് അതിരുകള്‍ക്കു പുറത്തുള്ള കാര്യമായിരിക്കും ഈ സംഭവം. ഒരു കോടി കുടുംബങ്ങള്‍ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കുകയും പകരം ഒരു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുകയും ചെയ്യുന്നകാര്യം ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്.
ഒരു കോടി കുടുംബങ്ങള്‍ സബ്സിഡി ഉപേക്ഷിക്കുന്നതുവഴി ഉണ്ടാകുന്ന സാമ്പത്തിക ലാഭം സാമാന്യ ദൃഷ്ടിയില് വളരെ സാധാരണം മാത്രമാണ്. അസാധാരണമായി ഇതിലുള്ളത് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ചെയ്യുന്ന എല്ലാകാര്യങ്ങള്‍ക്കും അസാധാരണ ഫലം ലഭിക്കുമെന്നുള്ളതാണ്. ഞാന്‍ പ്രത്യേകിച്ചും രാഷ്ട്രീയനേതാക്കന്മാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം, നാം ഓരോ അവസരത്തിലും ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള ഒരു വസ്തുതയെങ്കിലും പറയണം. ഇതിന്റെ ഫലം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് നിങ്ങളാരും ചിന്തിച്ചിട്ടുണ്ടാവില്ല. നമുക്ക് ഈ വഴി തന്നെ സ്വീകരിക്കണം.
എനിയ്ക്ക് എപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് മൂന്നും നാലും ഗ്രേഡുകള്‍ക്ക് അഭിമുഖം എന്തിനാണെന്ന്? പരീക്ഷ എഴുതി കഴിഞ്ഞ് ലഭിക്കുന്ന മാര്‍ക്കുകളില്‍ നമുക്ക് വിശ്വസിച്ചുകൂടേ? ചിലപ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്. നമ്മുടെ റെയില്‍വേ റൂട്ടുകളില്‍ ടിക്കറ്റ് ചെക്കര്‍മാരെ ഒഴിവാക്കിയാലെന്തെന്ന്? നമുക്ക് നമ്മുടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാം. ഇങ്ങനെയുള്ള ധാരാളം പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. ഒരു പ്രവശ്യം ജനങ്ങളെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്താല്‍ ലഭിക്കുന്ന ഫലം തീര്‍ച്ചയായും അതിശയകരമായിരിക്കും. ഇതൊക്കെ എന്റെ മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങള്‍ മാത്രമാണ്. ഇതിനെ സര്‍ക്കാര്‍ നിയമങ്ങള്‍ ഉണ്ടാക്കുക സാധ്യമല്ലെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കാം. ഈ സാഹചര്യങ്ങള്‍ ഏതെങ്കിലും ഭരണാധികാരികള്‍ ഉണ്ടാക്കേണ്ടവയല്ല. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ഉണ്ടാക്കേണ്ടവയാണ്.
രവികര്ക്കെ എന്ന മാന്യദേഹം എനിയ്ക്ക് എഴുതുകയുണ്ടായി, ഗുഡ് ന്യൂസ് എവരിഡേ, താങ്കളുടെ ഓഫീസര്‍മാരെക്കൊണ്ട് ഓരോ ദിവസവും ഒരു നല്ല സംഭവത്തിന്റെയെങ്കിലും പോസ്റ്റ് ഇടീക്കണമെന്ന് അദ്ദേഹം എഴുതുകയുണ്ടായി. എല്ലാ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും ബ്രേക്കിംഗ് ന്യൂസ് ആയി വരുന്നത് ചീത്ത വാര്‍ത്തകള്‍ മാത്രമാണ്. 125 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് നമുക്ക് ചുറ്റും നല്ല കാര്യങ്ങളൊന്നും സംഭവിക്കുന്നില്ലേ? ദയവായി ഈ സ്ഥിതിയില്‍ മാറ്റം വരുത്തണം. ശ്രീമാന്‍ രവി തന്റെ ക്രോധം പ്രകടിപ്പിച്ചുകൊണ്ട് എഴുതുന്നു. എന്നാല്‍ ഞാന്‍ പറയട്ടെ, അദ്ദേഹം ക്രോധം പ്രകടിപ്പിക്കുന്നത് എന്നോടല്ല, മറിച്ച്, നമ്മുടെ അവസ്ഥയോടായിരിക്കും. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുല്‍കലാം എല്ലായ്പ്പോഴും പറഞ്ഞിരുന്ന കാര്യം.
പത്രങ്ങളുടെ ആദ്യ പേജില്‍ പോസിറ്റീവ് ന്യൂസ് മാത്രം അച്ചടിക്കുക. അദ്ദേഹം ഈ കാര്യം പലകുറി ആവര്‍ത്തിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പത്രം എനിയ്ക്ക് കത്തയച്ചിരുന്നു. ഞായറാഴ്ചകളില്‍ ഞങ്ങളുടെ പത്രം ഒരു നെഗറ്റീവ് ന്യൂസും പ്രസിദ്ധീകരിക്കുകയില്ല. പോസിറ്റീവ് ന്യൂസ് മാത്രം പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്ന് അവര്‍ എനിയ്ക്ക് എഴുതുകയുണ്ടായി. സമീപ ദിവസങ്ങളില്‍ ഞാന്‍ കണ്ട ഒരു കാര്യം ചില ടി.വി. ചാനലുകളില്‍ പോസിറ്റീവ് ന്യൂസിനുള്ള സമയം പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു. പോസിറ്റീവ് ന്യൂസിനുള്ള അന്തരീക്ഷം ഒരുങ്ങിയിരിക്കുന്നുവെന്ന കാര്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു. സത്യവും നന്മയുമുള്ള വാര്‍ത്തകള്‍ നമുക്ക് ലഭിക്കുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന തോന്നല്‍ പലര്‍ക്കും ഉണ്ടായി തുടങ്ങി. ഒരു കാര്യം സത്യംതന്നെയാണ്.
വലിയ വലിയ ആളുകള്‍ മഹത്വപൂര്‍ണമായ കാര്യങ്ങള്‍ നല്ലനല്ല വാക്കുകളില്‍ നല്ല രീതിയില്‍ പറയുമ്പോഴുണ്ടാകുന്നതിനേക്കാള് കൂടുതല്‍ സ്വാധീനം ഒരു നല്ല വാര്ത്തയ്ക്കുണ്ടായിരിക്കും. നല്ല വാര്‍ത്തകള്‍ നല്ല പ്രവൃത്തികള്‍ക്ക് പ്രചോദനമായി തീരാറുണ്ട്. നന്മയ്ക്ക് നാം കൂടുതല്‍ കൂടുതല്‍ ഇടം നല്കുമ്പോള് തിന്മയുടെ ഇടം കുറയുമെന്നുള്ളത് സത്യംതന്നെയാണ്. ദീപം തെളിഞ്ഞാല്‍ അന്ധകാരം തീര്‍ച്ചയായും അകലും അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ചുമതലയില്‍ ‘ട്രാന്‍സ്ഫോമിംഗ് ഇന്ത്യ’ എന്ന വെബ്സൈറ്റ് തുടങ്ങിയിട്ടുള്ള വിവരം നിങ്ങള്ക്കുമറിയുമായിരിക്കും. ഇതില്‍ പോസിറ്റീവ് ന്യൂസ് മാത്രമേ നല്‍കുകയുള്ളൂ.
സര്‍ക്കാരിന്റെ മാത്രമല്ല, ജനങ്ങള്‍ നല്കുന്ന ശുഭവാര്‍ത്തകളും ഈ പോര്‍ട്ടലില്‍ നല്കി വരുന്നു. താങ്കളുടെ പക്കല്‍ ശുഭവാര്‍ത്തകള്‍ ഉണ്ടെങ്കില്‍ ഈ പോര്‍ട്ടലില്‍ അയയ്ക്കാവുന്നതാണ്. താങ്കളുടെ സംഭാവനകളും സ്വീകരിക്കപ്പെടും. പ്രിയപ്പെട്ട രവി നല്‍കിയിരിക്കുന്നത് നല്ലൊരു നിര്‍ദ്ദേശം തന്നെയാണ്. എന്നാല്‍, ദയവായി എന്നോട് കോപിയ്ക്കരുത്. നമുക്ക് എല്ലാവര്ക്കും ചേര്‍ന്ന് പോസിറ്റീവ് മാത്രം ചെയ്യാനും പറയാനും പോസിറ്റീവ് മാത്രം ലഭിക്കാനുമായി പ്രയത്നിക്കാം.
നമ്മുടെ രാഷ്ട്രത്തിന്റെ ഒരു വിശേഷതയാണ് കുംഭമേള. കുംഭമേള വിനോദസഞ്ചാരത്തിന്റെയും ആകര്‍ഷണകേന്ദ്രമാകാവുന്നതാണ്. നദീതീരത്ത് കോടിക്കണക്കായുള്ള ജനങ്ങള്‍ ദിവസങ്ങളോളം വന്നുതങ്ങുന്നുവെന്ന വിവരം ലോകത്ത് കുറച്ചാളുകള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ശാന്തമനസ്ക്കരായി ശാന്തിപൂര്‍ണമായ അന്തരീക്ഷത്തില്‍ ഈ മഹോത്സവം സമ്പൂര്‍ണമാകുന്നു. ഇവിടുത്തെ കാര്യങ്ങള്‍ ഓര്‍ഗനൈസേഷന്റെ ദൃഷ്ടിയിലും ഇവന്റ്മാനേജ്മെന്റിന്റെ ദൃഷ്ടിയിലും ജനപങ്കാളിത്തത്തിന്റെ ദൃഷ്ടിയിലും വളരെ ഉന്നത മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവ തന്നെയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വളരെയധികം ആളുകള്‍ സിംഹസ്ഥകുംഭചിത്രങ്ങള്‍ അപ്ലോഡ് ചെയ്തുവരുന്നുവെന്ന കാര്യം എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
എനിയ്ക്ക് ഒരു ആഗ്രഹം തോന്നുന്നുണ്ട്, ഭാരത സര്‍ക്കാരിന്റെ വിനോദ സഞ്ചാരവകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ വിനോദ സഞ്ചാരവകുപ്പും ഇതുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ കോംപറ്റീഷന്‍ സംഘടിപ്പിക്കണമെന്ന്. അതുപോലെതന്നെ ഒന്നിനൊന്ന് മെച്ചപ്പെട്ട ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനും ആവശ്യപ്പെടുക. കുംഭമേളവേദിയിലെ മുക്കിലും മൂലയിലും എന്തുമാത്രം വൈവിധ്യപൂര്‍ണമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള അന്തരീക്ഷം സംജാതമാകുന്നതെന്നും ആളുകള്‍ക്ക് മനസ്സിലാകും. തീര്‍ച്ചയായും ഇത് ചെയ്യാനുള്ള കാര്യം തന്നെയാണ്. നോക്കൂ, ഇക്കാര്യം സത്യമല്ലേ? ഇതിനിടയില്‍ ഞാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറയുകയുണ്ടായി, ഞങ്ങള്‍ ശുചിത്വത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ശുചിത്വം മേളയില്‍ മാത്രമല്ല, ശുചിത്വസന്ദേശവുമായിട്ടായിരിക്കും മേളയില്‍ പങ്കെടുക്കുന്ന ഓരോ ആളും അവിടെ നിന്നും മടങ്ങുക. കുംഭമേള വാസ്തവത്തില്‍ ഒരു ആധ്യാത്മിക കാര്യമാണെങ്കിലും നമുക്ക് അതിനെ ഒരു സാമൂഹിക സാംസ്കാരിക സംരംഭം ആയിക്കൂടി മാറ്റാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. നല്ല നല്ല തീരുമാനങ്ങളും ശീലങ്ങളും സ്വീകരിച്ച് ഗ്രാമാന്തരങ്ങളില്‍വരെ അവ എത്തിക്കാനും കഴിയും. കുംഭമേളയിലൂടെ ജലത്തിനോടുള്ള ആഭിമുഖ്യം ജലത്തോടുള്ള പ്രതിപത്തി ജലസംഭരണത്തിനുള്ള താല്പര്യം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഈ കുംഭമേളയിലൂടെ പ്രദാനം ചെയ്യാന്‍ കഴിയും. നാം അതൊക്കെ ചെയ്യുകതന്നെ വേണം.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, പഞ്ചായത്തിരാജിന്റെ മഹത്വപൂര്‍ണമായ ഈ വാര്‍ഷിക ദിനത്തില്‍ വൈകുന്നേരം ഒരു പ്രാവശ്യമെങ്കിലുംകൂടി ഞാന്‍ നിങ്ങളെ കാണുന്നുണ്ട്. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എന്റെ നന്ദി. എല്ലായ്പ്പോഴും എന്ന പോലെ എന്റെയും നിങ്ങളുടെയും മനസ്സുകളിലുള്ള കാര്യങ്ങള്‍ തമ്മില്‍ അഭേദ്യബന്ധം സ്ഥാപിച്ചിരിക്കുന്നുവെന്നകാര്യം എനിയ്ക്ക് പ്രത്യേകം സന്തോഷം പ്രദാനം ചെയ്യുന്നു. ഒരിക്കല്‍കൂടി വളരെ വളരെ നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: