സര്‍ഗ്ഗോ ളയം കഥിത സ്താത്ത
യത്പൃഷ്ടോളഹം ത്വയാളധുനാ
ഗുണാനാം രൂപ സംസ്ഥാം വൈ
ശൃണഷൈ്വകാഗ്രമാനസ:
സത്വം പ്രീത്യാത്മകം ജ്ഞേയം
സുഖാത് പ്രീതിസമുദ്ഭവ:
ആര്‍ജ്ജവം ച തഥാ സത്യം
ശൗചം ശ്രദ്ധാ ക്ഷമാ ധൃതി:
ബ്രഹ്മാവ് പറഞ്ഞു: ‘സൃഷ്ടിസ്വരൂപവിവരണമാണ് ഞാന്‍ ഇതുവരെ പറഞ്ഞത്. ഇനി ഗുണസ്വരൂപം വിശദമാക്കാം. ശ്രദ്ധിച്ചു കേട്ടാലും. പ്രീതിയാണ് സത്വഗുണത്തിന്റെ സ്വരൂപം. സുഖമാണ് പ്രീതിക്ക് നിദാനം. ആര്‍ജ്ജവം, സത്യം, ശുചിത്വം, ക്ഷമ, ശ്രദ്ധ, ധൃതി, ദയ, ലജ്ജ, ശാന്തി, സന്തോഷം, എന്നിവയുണ്ടെങ്കില്‍ സദാ സത്വഗുണമാണ് പ്രകടമാവുന്നതെന്ന് മനസ്സിലാക്കാം. ശുഭ്രവര്‍ണ്ണമാണ് സത്വത്തിനുള്ളത്. ധര്‍മ്മത്തില്‍ നിസ്തന്ദ്രമായ താല്പര്യം, നന്മയില് ശ്രദ്ധ, തിന്മയില് അശ്രദ്ധ എന്നിവ സത്വഗുണലക്ഷണങ്ങളാണ്.
ശ്രദ്ധയും സാത്വികം, രാജസം, താമസം എന്നിങ്ങിനെ മൂന്നുവിധത്തിലാണ്. രക്തവര്‍ണ്ണമാണ് രജോഗുണസംബന്ധിയായി പറയപ്പെടുന്നത്. അപ്രീതിയും തുടര്‍ന്നുണ്ടാകുന്ന ദുഖവും രജോഗുണത്തിന്റെ ലക്ഷണങ്ങളാണ്. ദ്വേഷം, മത്സരം, ദ്രോഹം, ഡംഭ്, ഉത്്കണ്ഠ, നിദ്ര, എന്നിവ രാജസമായ ശ്രദ്ധയില്‍പ്പെടുന്നു. മാനം, മദം, എന്നിവയും രജസ്സിനാല്‍ സൃഷ്ടമാവുന്നു. കറുപ്പാണ് തമോഗുണത്തിന്റെ നിറം. മോഹം, ആലസ്യം, നിദ്ര, അജ്ഞാനം, ദീനത, ഭയം, ആധികള്‍, ലുബ്ധ്, തര്‍ക്കം, കുടിലത, നാസ്തിക്യം, പരദൂഷണം, എന്നിവയെല്ലാം തമോഗുണലക്ഷണങ്ങളാണ്. പരോപദ്രവപരമാണ് താമസികമായ ശ്രദ്ധ.
ശുഭേച്ഛുക്കള്‍ സത്വത്തെ വര്‍ദ്ധിപ്പിക്കാനും, രജസ്സിനെ അടക്കാനും തമസ്സിനെ ഇല്ലാതാക്കാനുമുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവ എപ്പോഴും ഒരുമിച്ചാണ് നിലകൊള്ളുന്നതെങ്കിലും ഒരാളില്‍ത്തന്നെ ഈ മൂന്നുഗുണങ്ങളും പരസ്പരം പോരാടിക്കഴിയുന്നു. ത്രിഗുണങ്ങള്‍ക്ക് ഓരോന്നിനും അതതിന്റെ ശുദ്ധഭാവത്തില്‍ നിലനില്ക്കാനാവില്ല. അവയുടെ പരസ്പരബന്ധം എങ്ങിനെയെന്ന് അറിയുന്നതുപോലും സംസാരബന്ധത്തെ ഇല്ലായ്മ ചെയ്യാന്‍ പോന്നതാണ്. എന്റെ വാക്കുകളെ നീ സംശയിക്കേണ്ടതില്ല. എങ്കിലും അനുഭവമാണ് ജ്ഞാനം നല്‍കുന്നത് എന്നറിയുക. ആ അനുഭവങ്ങള്‍ ഫലസിദ്ധിപ്രാപിക്കുമ്പോഴേ ജ്ഞാനം സംസ്കാരമാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: