വമ്പന്‍ ആശയങ്ങളിലൂടെ മലയാളിയെ ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത മഹാരഥന്മാര് ധാരാളമുണ്ട്… എന്നാല്‍ ചുറ്റുവട്ടക്കാഴ്ചകളുടെ ലളിതമായ ആഖ്യാനങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവരുടെ എണ്ണം നോക്കിയാല്‍ അത് ഏതാനും പേരുകളില്‍ മാത്രം ഒതുങ്ങും… കുഞ്ചന്‍ നമ്പ്യാര്‍, സഞ്ജയന്, വി കെ എന്‍ എന്നിങ്ങനെ വളരെ ചുരുക്കം… അതില്‍ തന്നെ കാര്‍ട്ടൂണ്‍ രംഗം എടുത്താല്‍, ഏറ്റവും തലയെടുപ്പോടെ വിരാജിക്കുന്ന ഒരാളേയുള്ളു…. ഇന്ന് വിടവാങ്ങിയ ടോംസ്…
അക്ഷരം കൂട്ടിവായിക്കുന്ന ,ഇതൊരു മലയാളിയും ഒരിക്കലും മറക്കാത്ത രണ്ട് പേരുകളാണ് ബോബനും മോളിയും .ഒരു വലിയ കാലഘട്ടത്തിലെ , സാമൂഹ്യ സാംസ്കാരിക യാഥാര്‍ഥ്യങ്ങളുടെ ,ആക്ഷേപഹാസ്യ പരിഛേദമായി മാറിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ,ലോകചരിത്രത്തില്‍ തന്നെ വിരളമായിരിക്കും …അത്രയേറെ സ്വാധീനമാണ് ,ഈ കാര്‍ട്ടൂണ്‍ പരമ്പര കേരളത്തിനു നല്‍കിയത് …അതിന്റെ നാള്‍വഴികളിലൂടെ ,ഇത്തിരി യാത്ര ചെയ്താലോ ???…..
1961 ലാണ് ,കുട്ടനാട്ടുകാരനായ വി .ടി .തോമസ് എന്ന ടോംസ് ,മലയാളത്തിലെ ‘മ ‘ പ്രസിദ്ധീകരണങ്ങളുടെ തലതൊട്ടപ്പനായ ,മനോരമ ആഴ്ചപ്പതിപ്പില്‍ കാര്‍ട്ടൂണിസ്റ്റ് ആയി പ്രവേശിക്കുന്നത്. സമകാലീന സംഭവങ്ങളെ ,ആക്ഷേപഹാസ്യ രൂപത്തില്‍ ,കുറിക്ക് കൊള്ളുന്നത് പോലെ അവതരപ്പിക്കുക എന്നതാണല്ലോ ഒരു കാര്‍ട്ടൂണിസ്റ്റ് നേരിടുന്ന എറ്റവും വലിയ വെല്ലുവിളി. അതിന് പറ്റിയ ,കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുക ,അവരെ സമൂഹത്തിന്റെ പ്രതിബിംബങ്ങളാക്കി മാറ്റുക എന്നതൊക്കെ ,കലാകാരന്റെ പ്രതിഭയുടെ ഉരകല്ലുകലാണ് ….
തന്റെ മനസ്സില്‍ വിരിയുന്ന ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പറ്റിയ കഥാപാത്രങ്ങളെ അന്വേഷിച്ച് വിഷമിച്ച ടോംസിന് മുന്‍പിലേക്ക് , അയല്പക്കത്തെ കുസൃതിക്കുരുന്നുകള്‍ ,ഞങ്ങളെ ഒന്ന് വരക്കാമൊ എന്ന് ചോദിച്ച് എത്തിയപ്പോള്‍ ,തേടിയ വള്ളി കാലിലല്ല ,ആ കലാകാരന്റെ ജീവിതത്തിലാണ് ചുറ്റിവരിഞ്ഞത് ….അവിടെനിന്നിങ്ങോട്ടു ഓരോ ആഴ്ചയും ,ബോബനും മോളിയും ലക്ഷക്കണക്കിന് വീടുകളില്‍ കലപില കൂട്ടാന്‍ തുടങ്ങി ….അന്നവരോടൊപ്പം ഉണ്ടായിരുന്ന ഒരു നായക്കുട്ടി പോലും , അനശ്വരമായി ..പരമ്പര വളര്‍ന്നപ്പോള്‍ ,ഒപ്പം മറ്റു ചില കഥാപാത്രങ്ങളും കൂടി ….
പോത്തനും മേരിക്കുട്ടിയും ബോബന്റെയും മോളിയുടെയും മാതാപിതാക്കള്‍
ഇട്ടുണ്ണന് ചേട്ടന് വിഡ്ഢിയായ പഞ്ചായത്ത് പ്രസിടന്റ്റ് ,ചേട്ടന് എന്ന് വിളിക്കും
മറിയാമ്മ ഇട്ടുണ്ണന് ചേട്ടന്റെ ഭാര്യ ,ചേട്ടത്തി
ആശാന് പരിണിത പ്രജ്ഞാനായ ഒരു മുതിര്‍ന്ന കാരണവര്‍
അപ്പി ഹിപ്പി അക്കാലത്തെ ഒരു ഫ്രീക്കന്‍ കാമുകന്
ഈ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാത്ത സംഭവങ്ങളോ ,വിഷയങ്ങളോ സൂര്യന് താഴെയില്ല ….ചില രസകരമായ സംഭവങ്ങള്‍ ,ഓര്‍മ്മയില്‍ നിന്നും
തോല്കും എന്നുറപ്പുള്ള കണക്ക് പരീക്ഷക്ക് മുന്‍പ് പള്ളീലച്ചനെ കാണാന്‍ ചെന്നപ്പോള്‍
അച്ചന് പ്രാര്‍ഥിച്ചോ …താന്‍ പാതി ദൈവം പാതി എന്നല്ലേ
മോളി സമാധാനമായി ,ജയിക്കാന്‍ 35 മാര്‍ക്ക് മതി ,ദൈവത്തിന്റെ പാതി തന്നെ ജയിക്കാനുണ്ട് ..
പരീക്ഷാഹാളില്‍ ,അടുത്തിരിക്കുന്നവന്റെ നോക്കിയെഴുതുന്നത് പിടിച്ച അധ്യാപകനോട്
‘സാറേ …എളുപ്പവഴിയില്‍ ക്രിയ ചെയ്യാനാ ചോദ്യം …’
ഇപ്പോഴും കിടന്നുറങ്ങുന്ന പഞ്ചായത്ത് പ്രസിടന്റ്റ് ചേട്ടനോട് മോളി ..
‘എപ്പഴുമിങ്ങനെ കിടന്നാല്‍ ക്ഷീണം തോന്നില്ലേ ?’
ചേട്ടന് ‘ ക്ഷീണം തോന്നിയാല്‍ അപ്പം ഞാന്‍ റസ്റ്റ് എടുക്കും ‘
ഇതൊക്കെ സേമ്പിള് …..പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങളും കതിനകളും മത്താപ്പുകളുമായി, ബോബനും മോളിയും നിറഞ്ഞാടിയ പതിറ്റാണ്ടുകള്‍ ഇന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് …
1987 ലെ കാത്തുകാത്തിരുന്ന ഒരു ആഴ്ചയറുതിയില്‍ എത്തിയ മനോരമയിലെ അവസാന പേജിലേക്ക് ആര്‍ത്തിയോടെ പാഞ്ഞ കണ്ണുകളില്‍ ,പെട്ടന്നൊരു കല്ലുകടി ….എല്ലാം ഉണ്ട് ,ബോബന് ,മോളി ,നായക്കുട്ടി ,ചേട്ടന് ….പക്ഷെ എന്തോ എവിടെയോ നഷ്ടപ്പെട്ട പോലെ …പതുക്കെ പതുക്കെ ,ആ വാര്‍ത്ത കേരളം ഒരു ഞെട്ടലോടെ കേള്‍ക്കുന്നു ,ടോംസ് മനോരമ വിട്ടൂ …..ബോബനും മോളിയും അവകാശത്തര്‍ക്കത്തിലാണ് ….പെട്ടന്ന് ,കലാകൗമുദിയില്‍ ,ടോംസ് വരച്ച് തുടങ്ങി .ബോബനും മോളിയും വരാന്‍ തുടങ്ങിയ കലാകൗമുദി ആദ്യ രണ്ടാഴ്ച പുറത്ത് വന്നത് തന്നയില്ല …ന്യൂസ് സ്റ്റാന്ഡിലെത്തുന്നതിനു മുന്‍പ് ,മനോരമ മുഴുവനായി വാങ്ങി നശിപ്പിച്ചു എന്ന് ,അങ്ങാടിപ്പാട്ടായ അണിയറക്കഥ …വലിയ താമസമില്ലാതെ അതും നിലച്ചു …അവകാശത്തര്‍ക്കം കോടതിയിലെത്തി …
ടോംസ് ഒരു സാധാരണ സ്റ്റാഫ് മാത്രമായിരുന്നു.ജോലി ചെയ്ത കാലത്ത് അതിനുള്ള ശമ്പളവും വാങ്ങിയിട്ടുണ്ട് .കാര്‍ട്ടൂണിന്റെ ആശയവും ,ഉള്ളടക്കവും സ്ഥാപനത്തിന്റെ ,കൂട്ടായ ചിന്തയുടെ ഫലമാണ് .അത് കൊണ്ട് തന്നെ ടോംസിന് അതില്‍ ഒരു അവകാശവുമില്ല എന്ന മനോരമയുടെ സാങ്കേതികമായ വാദമാണ് ,സുപ്രീം കോടതിയില്‍ വിജയം കണ്ടത്….മഹാനായ കലാകാരന്റെ സര്‍ഗവ്യാപാരങ്ങള്‍, വന്‍ ബിസിനസ്സിന്റെ സാമ്പത്തിക വ്യാകരണങ്ങള്‍ക്ക് മുന്പില് കടപുഴകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കേരളത്തിനു കഴിഞ്ഞുള്ളൂ .
കേസ് ജയിച്ച് കഴിഞ്ഞ് ,പിറ്റെന്നാള്‍ ഇറങ്ങിയ മനോരമ പത്രത്തിനു ഒരു സവിശേഷതയുണ്ടായിരുന്നു. അന്നവര്‍ ,ഒന്നാം പേജിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. കേസിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ച ശേഷം അവര്‍ ,ബോബന്റെയും മോളിയുടെയും മുഴുവന്‍ അവകാശവും ടോംസിന് തന്നെ വിട്ട് കൊടുത്തു ….വെറും കോടതിവിധിയുടെ സാങ്കേതികതയില്‍ മാത്രം ,ബോബനെയും മോളിയെയും സ്വന്തമാക്കിയത് കൊണ്ട് ഒരു കാര്യവുമില്ല ,സൃഷ്ടിച്ച കലാകാരന്റെ ശാപവും പേറി ,ആത്മാവ് നഷ്ടപ്പെട്ട കഥാപാത്രങ്ങളായി അലയുന്ന ഈ കുട്ടികള്‍ മനോരമക്ക് ദോഷമേ ചെയ്യൂ എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം അവര്‍ക്കുണ്ടായിരുന്നു…ഒരു മഹാമനസ്കതയുടെ മൂടുപടത്തിലോളിച്ചു ,ഈ ശാപത്തില്‍ നിന്ന് തലയൂരുക എന്നത് മാത്രമായിരുന്നു ,മനോരമയുടെ മുന്‍പിലുണ്ടായിരുന്ന ഏക പോംവഴി ….അണ്ണാന് കുഞ്ഞിനെ മരം കേറ്റവും ,മനോരമയെ കച്ചവടവും ആരും പഠിപ്പിക്കെണ്ടതില്ലല്ലോ…
അഭിമാനം മുറിപ്പെട്ടങ്കിലും ,തിരികെക്കിട്ടിയ തന്റെ പ്രിയമക്കളെ ,ടോംസ് അവസാന നിമിഷം വരെ പരിപാലിച്ചു ……കാലത്തിനൊപ്പം കുതിച്ചോടുന്ന മലയാളിക്കൊപ്പം ,കാലത്തിനൊപ്പം വളരാത്ത നിത്യഹരിത കൗമാരമായി ,നമ്മുടെ അകത്തളങ്ങളിലെവിടെയോക്കയോ ആ കുസൃതിക്കുരുന്നുകള്‍ കലപില കൂട്ടുന്നു ….
എങ്കിലും ,ആഴ്ചയറുതിക്ക് വേണ്ടി കാത്തുകാത്തിരുന്ന ആ ദിവസങ്ങള്‍ ,ദശാബ്ദങ്ങള്‍ക്ക് പിന്നില്‍ നിന്ന് ചുരമാന്തുന്നു …..
മലയാളിയെ ചിരിപ്പിച്ച് ചിന്തിപ്പിച്ച് ഇപ്പോള്‍ കരയിച്ച മഹാനായ കലാകാരന് ഒരു പിടി കണ്ണീര്‍പൂക്കള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: