രാജ്യം വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കൂടി തയ്യാറെടുക്കുകയാണ്. കേരളത്തില്‍ പതിവു പോലെ മാറി മാറി അധികാരത്തില്‍ വരുന്ന ഇടതു,വലതു മുന്നണികള്‍ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. വികസന പ്രക്രിയയില്‍ നിന്നും വലിയൊരു വിഭാഗം ജനങ്ങളെ വിശേഷിച്ച് അവശ പിന്നാക്ക ജനവിഭാഗത്തെ അകറ്റിനിര്‍ത്തിയ കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ് രാഷ്ട്രീയം കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും വികസനരംഗത്ത് ഒരു മാതൃകയാണെന്നും അവകാശപ്പെടുകയാണ്.
കാര്‍ഷിക മേഖലയിലും, വ്യവസായ മേഖലയിലും യാതൊരു വളര്‍ച്ചയും നേടാത്ത കേരളം ഉയര്‍ന്ന മാനവവികസന സൂചിക ചൂണ്ടിക്കാട്ടി മേനി നടിക്കുകയാണ്. ഉപരിതലത്തില്‍ നിന്നും കേരളത്തില്‍ കാണുന്ന പുരോഗതി നാല്‍പ്പതു ലക്ഷം മലയാളികള്‍ പുറം നാട്ടില്‍ പോയി അധ്വാനിച്ച് അയയ്ക്കുന്ന മണി ഓര്‍ഡറിന്റെ പിന്‍ബലത്തില്‍ നേടിയതാണ്. അതായത് ഇടതുവലതു മുന്നണി ഭരണത്തിന്റെ നയങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ വികസനമല്ല കേരളത്തില്‍ നാം കാണുന്നത്. ദൈവം അനുഗ്രഹിച്ച നാട്ടില്‍ എന്തു കൊണ്ട് തൊഴിലവസരങ്ങള്‍ ഉണ്ടായില്ല? കാര്‍ഷിക മേഖലയുടെ നട്ടെല്ലു തകര്‍ത്തതും വ്യവസായ സംരഭകരെ ആട്ടിയോടിച്ചതും, ഐ.ടി ഉള്‍പ്പെടെയുള്ള രംഗത്തെ തൊഴില്‍ സാധ്യതകളെ നിരാകരിച്ചതും കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് നയങ്ങളാണ്. ഈ നയങ്ങള്‍ കൂടുതല്‍ അവലോകനം ചെയ്യപ്പെടേണ്ടതുണ്ട്.
കേരളം ചില മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടുള്ള വികസനമല്ല ഇവിടെയുണ്ടായത്. രാഷ്ട്രീയ നേതൃത്വം അവകാശപ്പെടുന്ന പുരോഗതിയുടെ ഗുണഭോക്താക്കളാകാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും അവസരം ഉണ്ടാകാത്തത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സംഘടിത ശക്തിയുടെ ബലത്തില്‍ ചില വിഭാഗങ്ങള്‍ രാഷ്ട്രീയ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക മേഖലകളിലൊക്കെ പുരോഗതി കൈവരിച്ചപ്പോള്‍ വലിയ ഒരു വിഭാഗം ജനത അവഗണിക്കപ്പെട്ടു. മുന്നണി സംവിധാനത്തില്‍ വോട്ടുബാങ്കുള്ളവര് നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അസംഘടിത വിഭാഗങ്ങള്‍ നോക്കുകുത്തികളായി.
ജാതികളിലായി വിഭജിച്ചു നിര്‍ത്തുന്ന ഭൂരിപക്ഷം എന്നു പറയുന്ന സമൂഹം വിശേഷിച്ച്, പട്ടികജാതി, പട്ടികവര്‍ഗ്ഗ, അവശ, പിന്നാക്ക വിഭാഗങ്ങള്‍ എല്ലാ മേഖലയിലും പിന്നിലാണ്. രാഷ്ട്രീയ രക്തസാക്ഷികളിലും, സമരഭടന്മാരിലും അവര്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചുവെങ്കിലും രാഷ്ട്രീയ അധികാരത്തില്‍ വിശേഷിച്ച് നയരൂപീകരണ ഫോറങ്ങളില്‍ അവര്‍ പിന്നിലായി. സാക്ഷരത നേടി എന്നല്ലാതെ ഉതവിദ്യാഭ്യാസ മേഖലയിലോ, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലോ ഈ വിഭാഗങ്ങള്‍ ഇല്ല. സര്‍ക്കാര്‍ മേഖലയിലെ വിദ്യാലയങ്ങളിലെ സംവരണ സീറ്റിനപ്പുറം മറ്റ് അവസരങ്ങള്‍ വിശേഷിച്ച് ന്യൂ ജനറേഷന് കോഴ്സുകളിലൊന്നും ഈ വിഭാഗക്കാര്‍ക്ക് അവസരം നല്‍കുന്നില്ല.
തുല്യ വോട്ടവകാശം ഉള്ള കീഴാളര്‍ ജനാധിപത്യ വ്യവസ്ഥയില്‍ കുടുതല്‍ ചൂഷണം ചെയ്യപ്പെടുന്നു. മാത്രമല്ല അവഗണനയും നേരിടുന്നു. കേരളത്തിലെ ജനസംഖ്യയില്‍ 23 ശതമാനം വരുന്ന പിന്നാക്ക വിഭാഗമായ ഈഴവ ജനസമൂഹം ഹിന്ദു സമൂഹത്തിന്റെ 41 ശതമാനം വരും. എന്നാല്‍ 20 ശതമാനം വരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ഹിന്ദുക്കളിലെ 38 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിന്റെ വികസനപ്രക്രിയയില്‍ ഈ വിഭാഗങ്ങളെല്ലാം അവഗണിക്കപ്പെട്ടവരാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ടത് പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക ഹിന്ദു വിഭാഗങ്ങളാണ്.
സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി ഈ വിഭാഗങ്ങളെ സാക്ഷരരാക്കാന്‍ കഴിഞ്ഞുവെങ്കിലും കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് നേതൃത്വം രാഷ്ട്രീയ ലാഭത്തിനായി ഈ ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. അവരുടെ മാനവവിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനോ, പരമ്പരാഗത മേഖലയ്ക്കപ്പുറമുള്ള തൊഴിലവസരം നേടിയെടുക്കാനോ, വിദേശ രാജ്യങ്ങളില്‍ കേരളത്തിലെ മറ്റ് ജനവിഭാഗങ്ങള്‍ നേടിയെടുത്തതു പോലെ തൊഴിലവസരങ്ങള്‍ പ്രാപ്തമാക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല കേരളത്തില്‍ കാര്‍ഷിക വ്യാവസായ മേഖലയില്‍ പുതുതായി തൊഴിലവസരം ഉണ്ടായതുമില്ല. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് രാഷ്ട്രീയ വഞ്ചനയുടെ ബാക്കിപത്രമാണ് അവശ പിന്നാക്ക ജനവിഭാഗങ്ങള്‍. സംഘടിത ജനവിഭാഗങ്ങള്‍ എല്ലാം നേടിയെടുക്കുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന അവഗണന മനസ്സിലാക്കാന്‍ പോലും പ്രാപ്തിയില്ലാത്തവരായി പിന്നാക്ക വിഭാഗങ്ങള്‍ മാറിയിരിക്കുന്നു.
സംവരണത്തിന്റെ പിന്‍ബലത്തില്‍ ത്രിതല പഞ്ചായത്തുകളിലും നിയമസഭയിലും തെരഞ്ഞെടുക്കപ്പെടുന്നതൊഴിച്ചാല് പൊതു മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഈ വിഭാഗങ്ങളെ കോണ്‍ഗ്രസോ, കമ്യൂണിസ്റ്റ് പാര്‍ട്ടിയോ അനുവദിക്കാറില്ല. അധികാരത്തില്‍ പങ്കാളിയാക്കിയാലും പട്ടികജാതി വികസന വകുപ്പ് മാത്രം ഭരിക്കുകയാണ് ഇവരുടെ ഉത്തരവാദിത്വം. സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഇടതുവലതു മന്ത്രിസഭകളുടെ ചരിത്രം പരിശോധിച്ചാല്‍ സുപ്രധാനപ്പെട്ട ഒരു വകുപ്പും അവശ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ഭരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: