പ്രബലമായ രണ്ടുമുന്നണികളും അവയെ നയിക്കുന്ന കക്ഷികളും പ്രഖ്യാപിച്ചത് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേട്ടമുണ്ടാക്കാന്‍ അനുവദിക്കില്ലെന്നാണ്. എന്നാല്‍ ഇത്തവണ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ബിജെപി ഒരു മണ്ഡലത്തില്‍ ജയിക്കുകയും ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരിക്കുന്നു. ബിജെപി നയിച്ച എന്‍ഡിഎ സഖ്യം 30 ലക്ഷത്തിലധികം വോട്ടുനേടി ശക്തമായ സാന്നിധ്യമുറപ്പിച്ചെങ്കില് അടുത്ത തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത് സംസ്ഥാന ഭരണം തന്നെയാണ്.
അതിനുള്ള ശക്തമായ അടിത്തറയാണ് ഇപ്പോള്‍ കെട്ടിപ്പൊക്കിയിട്ടുള്ളത്. ബിജെപി ജയിക്കാതിരിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ എല്ലാ അടവുകളും പ്രയോഗിച്ചു. ബിജെപി ജയിച്ചാല്‍ കലാപമുണ്ടാകുമെന്ന് പ്രവചിച്ചു. നരേന്ദ്രമോദിയും ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തുന്നത് വിദ്വേഷ പ്രചാരണത്തിനാണെന്നുവരെ ആക്ഷേപിച്ചു. പ്രധാനമന്ത്രിയും നേതാക്കളും ഒരുതരത്തിലുള്ള വിഭാഗീയപ്രസംഗങ്ങളും നടത്തിയില്ല. വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല. എന്നിട്ടും ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ ആട്ടിയോടിക്കപ്പെടുമെന്ന് പ്രചരിപ്പിച്ചു.
പള്ളിയിലും ചര്‍ച്ചിലും കയറിയിറങ്ങി വിശ്വാസികളെ ഭീതിയിലാക്കി. ഇരുമുന്നണികളും പ്രചരിപ്പിച്ച ഒരു കള്ളക്കഥ സമര്‍ത്ഥമായി വോട്ടാക്കുന്നതില്‍ വിജയിച്ചത് ഇടതുപക്ഷമാകാം. എന്നാല്‍ എന്‍ഡിഎ ചിഹ്നങ്ങളിലും ന്യൂനപക്ഷവോട്ടൊഴുകി.
നേമത്താണ് ബിജെപി അട്ടിമറി വിയം നേടിയത്. സര്‍വ്വാദരണീയനായ ഒ.രാജഗോപാല്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത് ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടിനൊപ്പം ന്യൂനപക്ഷങ്ങളുടെ വോട്ടും നേടിക്കൊണ്ടുതന്നെയാണ്. വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് മുന്നണികള്‍ രണ്ടും ബിജെപിയെ ആക്ഷേപിക്കുമ്പോള്‍ അത് കണ്ണുമടച്ച് വിശ്വസിക്കാന്‍ എല്ലാവരും തയ്യാറാകുന്നില്ല.
‘ചില കാലങ്ങളില്‍ ചിലരെ വിഡ്ഡികളാക്കാം. എന്നാല്‍ എല്ലാ കാലത്തും എല്ലാവരേയും വിഡ്ഡികളാക്കാന്‍ കഴിയുകയില്ല’ എന്ന പാഠമാണ് നേമത്തുനിന്നും ഉണ്ടായിരിക്കുന്നത്. രാജഗോപാലിനെ തോല്‍പ്പിച്ചേ അടങ്ങൂ എന്ന് മുന്നണികള്‍ രണ്ടും തീരുമാനിച്ചപ്പോള്‍ ജയിപ്പിച്ചേ അടങ്ങൂ എന്ന് ജനങ്ങള്‍ നിശ്ചയിച്ചു. ആ നിശ്ചയം നേമത്തിന് മാത്രമല്ല കേരളത്തിനാകെയും
ദേശീയതലത്തിലും ദേശസ്നേഹികളെ ഒന്നടങ്കവും ആഹ്ലാദപുളകിതരാക്കി. നാലുപതിറ്റാണ്ടിലധികമായി ഒരുനിഷ്ഠപോലെ തെരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കേണ്ടിവരുമ്പോള് ആദ്യം എഴുതുന്ന പേര് ഒ.രാജഗോപാല്‍ എന്ന പ്രിയ രാജേട്ടന്റേതാണ്. സ്വയം താല്പര്യക്കുറവ് പ്രകടിപ്പിക്കുമ്പോഴും സംഘടനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിക്കൊടുത്ത സാഹചര്യമായിരുന്നു എന്നും. സ്ഥാനാര്‍ത്ഥിയാകുന്നതും സ്ഥാനങ്ങള്‍ ലഭിക്കുന്നതും ഒരിക്കലും സ്വയംകാര്യത്തിനായി വിനിയോഗിക്കുന്ന പ്രകൃതക്കാരനല്ല രാജേട്ടന്.
കേരളം തോല്പിച്ചിട്ടും മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലെത്തി കേന്ദ്രമന്ത്രി പദവിയിലെത്തിയ രാജേട്ടന് കേരളത്തിന്റെ വികസനകാര്യത്തില്‍ മാതൃകാപരമായ താല്പര്യമെടുത്തു. ചൂണ്ടിക്കാട്ടാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുള്ള രാജേട്ടന് നേമം നല്കിയ ഈ അംഗീകാരം അവിസ്മരണീയമാണ്.
കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ ഫലം വന്നപ്പോള്‍ ഇവിടെ താമരയാണ് താരമെന്നാണ് ബോധ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനമായ ആസാം ബിജെപിയുടെ ഭരണത്തിലായി. കോണ്‍ഗ്രസ് അവിടെ തോറ്റ് തുന്നംപാടി. കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് ഭരണം പിടിച്ചു. കോണ്‍ഗ്രസും സിപിഎമ്മും കൂട്ടുകെട്ടിലേര്‍പ്പെട്ട് മത്സരിച്ച ബംഗാളില്‍ ഇരുകൂട്ടരും തോറ്റു.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഒന്നില്‍നിന്നും ബിജെപി എട്ട് സീറ്റില്‍ വിജയിച്ച് വെന്നിക്കൊടി നാട്ടി. സിപിഎം ശക്തമായ സ്ഥലത്ത് ബിജെപി വളരില്ലെന്ന വാദം ഇവിടെ മണ്ണടിഞ്ഞു. ബംഗാളിലും കേരളത്തിലും ബിജെപി സ്വാധീനമുറപ്പിച്ചു. ഇനി പിഴുതെറിയാന്‍ പറ്റാത്തവിധം ബിജെപി വേരുകളാഴ്ത്തി. തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ ഭരണം നിലനിര്‍ത്തി. ഇതിലൂടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന എന്‍ഡിഎയുടെ ലക്ഷ്യം യാഥാര്ത്ഥ്യമാകാന്പോകുന്നു.
ഇനി കോണ്‍ഗ്രസിന് എടുത്തുപറയാനുള്ള സംസ്ഥാനം കര്‍ണാടകം മാത്രമാണ്. അടുത്ത തെരഞ്ഞെടുപ്പോടെ കര്‍ണാടകവും കോണ്‍ഗ്രസിനോട് വിടപറയും എന്നതാണ്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും ജനങ്ങള്‍ക്ക് മടുത്തു. അത്തരം നീചപ്രവര്‍ത്തികളെ കെട്ടുകെട്ടിക്കാനാണ് ജനം ഉറച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: