1993 ജനുവരിയിലാണെന്നാണോർമ്മ. അന്ന് വിഭാഗ് പ്രചാരകനായിരുന്ന നന്ദേട്ടന്റെ (ജെ.നന്ദകുമാർ) അച്ഛൻ ജഗന്നാഥൻ സാർ സുഖമില്ലാതെ കിടക്കുമ്പോൾ അഖിലഭാരതസഹ ബൗധിക് പ്രമുഖായിരുന്ന ഹരിയേട്ടൻ (ആർ.ഹരി) കാണാനെത്തി. അയോധ്യയിൽ തർക്കമന്ദിരം തകർക്കപ്പെട്ടതിനെ തുടർന്ന് സംഘം നിരോധിക്കപ്പെട്ടിരുന്ന സമയമാണെങ്കിലും നിരോധനം അത്ര ശക്തമല്ല…വൈകുന്നേരം ഞാനടക്കമുള്ള സ്വയംസേവകർ നന്ദേട്ടന്റെ വീട്ടിൽ ഹരിയേട്ടനോടൊപ്പം വെടിവട്ടത്തിനിരുന്നു. ചുറ്റും ആൾക്കാർ ഉള്ളപ്പോൾ ഹരിയേട്ടൻ സടകുടഞ്ഞെഴുനേൽക്കും. കഥകളും അനുഭവങ്ങളുമൊക്കയായി പുത്തനറിവുകൾ അങ്ങനെ തകർത്ത് പെയ്തു. അതങ്ങിനയാണു ചതുരമലയാളത്തിൽ ഹരിയേട്ടൻ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല കേൾക്കില്ല. മണിക്കൂറുകൾ കടന്ന് പോകുന്നത് അറിയുകയുമില്ല. അന്ന് ഹരിയേട്ടൻ പങ്ക് വച്ച ഒരു സംഭവം ഇരുപത്തി മൂന്ന് വർഷത്തിനിപ്പുറവും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.
1980-81 കാലം…തലശ്ശേരിയും പരിസരവും യുദ്ധസമാനമായ അന്തരീക്ഷം. ദിവസേനമെന്നോണം പിടഞ്ഞ് വീഴുന്ന മനുഷ്യജീവനുകളുടെ രോദനത്തിൽ കേരളം മുഴുവൻ വിറങ്ങലിച്ച് നിൽക്കുന്നു. ആദർശ്ശങ്ങളുടെ ബലിപ്പുരകളിൽ പച്ചജീവനുകൾ ഹോമിക്കപ്പെട്ട് കൊണ്ടെയിരുന്നു. ഇരുപക്ഷത്തുമുള്ള ചില മനുഷ്യസ്നേഹികൾ മുൻ കൈയ്യെടുത്ത് ഈ ചോരക്കളി അവസാനിപ്പിച്ചേ തീരൂ എന്ന് തീരുമാനിച്ചു. അങ്ങനെ മാർക്സിസ്റ്റ് പാർട്ടിയും സംഘവും ഒരു മേശക്ക് ഇരുപുറവുമെത്തി. ചർച്ചയുടെ വേദി ദല്‍ഹി കേരളഹൗസ്. പത്രങ്ങളുടേയും ദോഷൈകദൃക്കുകളുടേയും കണ്ണിൽ പെടാതെ.
അങ്ങനെ സംഘത്തിന്റെ ഭാഗത്ത് നിന്നും ഹരിയേട്ടൻ,പരമേശ്വർജി (പി.പരമേശ്വരൻ) എന്നിവർ ദല്‍ഹിയിലെത്തി. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രി ഇ.കെ.നായനാർ, ഇ.എം.എസ്, പി.സി.ചാക്കോ (അന്ന് ആശാൻ ഇടതുപക്ഷത്താണ്). ചർച്ച നിശ്ചയിച്ച ദിവസം രാവിലെ ഝണ്ടേവാല കാര്യലായത്തിൽ ഇടിത്തീ പോലെ ആ വാർത്തയെത്തി.
ദല്‍ഹിയിലെ എബിവിപി പ്രവർത്തകർ കേരള ഹൗസിൽ മുഖ്യമന്ത്രിയെ ഘൊരാവോ ചെയ്ത് മുറിക്കുള്ളിലിട്ട് പൂട്ടി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടടപെട്ടാണ് നായനാരെ രക്ഷപെടുത്തിയത്. അന്ന് എബിവിപി ദേശീയ സമിതി അംഗമായിരുന്ന മുരളിയേട്ടനെ (വി.മുരളീധരൻ) കേരളത്തിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സംഭവം.
പ്രതീക്ഷയോടെ വന്ന ചർച്ച കുളമാകുമോ, ചോരച്ചൊരിച്ചിൽ അവസാനിക്കില്ലേ ആകെ പരിഭ്രമം. പരമേശ്വർജി ആകെ തകർന്നു പോയി (അതങ്ങിനെയാണു പരമേശ്വർജിയുടെത് ഒരു കവിയുടെ ലോലഹ്രുദയമാണ്. പലപ്പോഴും പ്രായോഗികതയുടെ വ്യാകരണങ്ങൾക്ക് വഴങ്ങാത്ത പ്രതിഭയുടെ മനസ്സ്). എന്തായാലും, നിശ്ചയിച്ചുറപ്പിച്ച സമയത്ത് തന്നെ കേരളാ ഹൗസിലെത്താൻ തീരുമാനിച്ചു.
ഒട്ടും കാത്തിരിക്കാതെ തന്നെ ഹരിയേട്ടനും പരമേശ്വർജിയും മുഖ്യമന്ത്രിയുടെ മുറിയിലെത്തി. നായനാർ ഒരു കള്ളിമുണ്ടും അരക്കൈയ്യൻ ബനിയനുമിട്ട് കൈ കഴുകുന്നു. ഹ്രദ്യമായി ചിരിച്ച് ഇരിക്കാൻ ക്ഷണിച്ചു. ഇഎംഎംസ് അതിഥികളെ കണ്ടഭാവം നടിക്കാതെ ലോകത്തിന്റെ മുഴുവൻ ഭാരവും തലയിലേറ്റി ഒരു ചാരുകസേരയിൽ. എന്ത് ചെയ്യണമെന്നറിയാതെ പിസി ചാക്കോ. ഹരിയേട്ടൻ തന്നെ ഐസ് ഭേദിച്ചു..
“ഇന്ന് രാവിലെ വിദ്യാർത്ഥിപരിഷത്തിന്റെ കുട്ടികൾ എന്തോ പ്രശ്നമുണ്ടാക്കിയല്ലോ..”
കേരളാഹസ് മുഴുവൻ കുലുങ്ങുന്ന വിധം നായനാർ പൊട്ടിച്ചിരിച്ചപ്പോൾ,എല്ലാവരും ഒരു നിമിഷം അന്തം വിട്ടു..
.”നിങ്ങടെ പിള്ളേരെന്തായാലും മിടുക്കന്മാരാ കേട്ടോ…ഞങ്ങളെ ഇതിന്റകത്തിട്ട് അടച്ച് ബോൾട്ടിട്ട് കളഞ്ഞില്ലേ.പിള്ളേരായാലിങ്ങനെ വേണം.”
അവരുടെ കൈയ്യിൽ ആയുധങ്ങളുണ്ടായിരുന്നുവെന്ന് പിസി ചാക്കോ..
“ഒന്ന് പോടോ…അവർ നല്ല പിള്ളേരാ…അവരുടെ നേതാവിനെ പിടിച്ചകത്തിട്ടാൽ പിന്നെ കൈയ്യും കെട്ടി നിക്കണോ…ഞാൻ പി.എമ്മിനെ വിളിച്ച് പറഞ്ഞിട്ടുണ്ട് കേസ് ഒന്നും വേണ്ടാന്ന്”
അപ്പോൾ നമ്മൾ നിശ്ചയിച്ച ചർച്ച..
അതിനല്ലേ ഞങ്ങ ഇവിടിരിക്കുന്നത്. നിങ്ങ ഇക്കണ്ട ദൂരം വന്നത്. അത് നടക്കണം..
ആ ചർച്ച നടന്നു…അങ്ങനെ തലശ്ശേരി കുറേക്കാലത്തേക്ക് ശാന്തമായി…
പതിറ്റാണ്ടുകൾക്കിപ്പുറം ഒരു നേതാവ് വഴിയിൽ തടയപ്പെടുമ്പോൾ പൊതുജനസമക്ഷം വധശിക്ഷകൾ നടക്കുന്നു. അധികാര സോപാനങ്ങളിൽ അഭിഷിക്തരായ കമ്യൂണിസ്റ്റ് മാടമ്പികളുടെ ദ്രവിച്ച് തുടങ്ങിയ ആട്ടിൻ തോലുകളിലൂടെ ചെന്നായ് ചൂര് നാട്ടിലാകെ പടരുന്നു.
തലശ്ശേരി ഇപ്പോൾ കണ്ണൂരിന്റെ അതിർത്തികൾ ഭേദിച്ച് കേരളമാകെ പടരുകയാണ്. എകെജി, നായനാർ, സുശീലാ ഗോപാലൻ, തുടങ്ങി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നന്മയുടെ തലമുറ എന്നന്നേക്കുമായി അസ്തമിച്ചോ. കാലം മറുപടി പറയട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: