എംജി റോഡിലും മേനകയിലും ആള്‍ത്തിരക്കിന്റെ ഉത്സവം. ആളും വണ്ടിയും നിരത്തു കൈയ്യേറിയ തടസം. ഇപ്പോള്‍ ഞായറാഴ്ചകളില്‍ എറണാകുളം മാത്രമല്ല കൊച്ചി മുഴുവനും ഈ ആള്‍ത്തിരക്കിന്റെ കൈയേറ്റമാണ്. കൊച്ചിയെ കോണ്‍ക്രീറ്റു കാടെന്നു കൊച്ചിക്കാര് വിശേഷിപ്പിക്കുമ്പോഴും സ്വര്‍ഗമെന്നു വാഴ്ത്തുന്നവരാണ് പുറത്തുള്ളവര്‍. അവരുടെ തിക്കും തിരക്കുമായ കടല്ത്തിരയാണിത്.
കേരളത്തിലെ വിവിധഭാഗങ്ങളിലെ വന പ്രദേശത്തും ഹൈറേഞ്ചുകളിലും കഴിയുന്നവര്‍ കാഴ്ചയുടെ പൂരമായിട്ടാണ് കൊച്ചിയെ കാണുന്നത്. ഒന്നുകൊച്ചി കണ്ടെങ്കിലെന്നും പത്തു ദിവസം കൊച്ചിയില്‍ കഴിഞ്ഞെങ്കിലെന്നും ഇവരില്‍ മോഹിക്കാത്തവരില്ല. പുറത്തുപോകുമ്പോള്‍ കൊച്ചിക്കാരെന്നറിഞ്ഞാലുള്ള കൗതുകവും കൊച്ചി വിശഷങ്ങള്‍ അറിയാനുള്ള വെമ്പലുമൊക്കെ കാണണം. ഗള്‍ഫും അമേരിക്കയും പോലെയാണെന്നു തോന്നുന്നു ഇവര്‍ക്കു കൊച്ചി. ഇത്തരം കൊച്ചി പ്രണയികള്‍ ടൂര്‍ പ്രോഗ്രാം ചാര്‍ട്ടു ചെയ്യുമ്പോള്‍ കൊച്ചിയെ പ്രധാന പോയിന്റാക്കുന്നുണ്ട്. കൊച്ചിയിലേക്കുമാത്രമായി യാത്ര സംഘടിപ്പിക്കുന്നവരുമുണ്ട്.
കൊച്ചിയില്‍ താമസിച്ച് കൊച്ചിയെ അനുഭവിക്കുന്നവര്‍ക്കു കൊച്ചിക്കാര്യം അത്രവലുതല്ലായിരിക്കാം. കൊച്ചിക്കാരല്ലാത്തവര്ക്കു പക്ഷേ കൊച്ചിയിലേത് എല്ലാം വലിയ കാര്യങ്ങളാണ്. കൊച്ചിയെ തൊട്ടൊഴുകുന്ന അറബിക്കടല്‍. കാലുകള്‍, അംബരചുംബികള്‍, അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം, മാളുകള്‍, സിനിമാ തിയറ്ററുകള്‍, ആഡംബര വാഹനങ്ങള്‍, ഫാഷന്‍, ഭക്ഷണം, വസ്ത്രധാരണം എന്നുവേണ്ട കൊച്ചിയെ അതിശയത്തോടെ കാണാന്‍ വിഭവങ്ങള്‍ അനേകമാണ്. ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയും തൃപ്പൂണിത്തുറ ഹില്‍ പാലസുമൊക്കെയായി തീരാത്ത കാഴ്ചകള്‍. ലുലുമാള്‍ എന്ന കൗതുകം വേറെയും. കൊച്ചിക്കാര് പുതുലോകത്തെ മനുഷ്യരാണെന്നും എല്ലാം തികഞ്ഞവരാണെന്നുമൊക്കെ തോന്നും വിധമുള്ള ഒരു നിരീക്ഷണമാണ് പുറത്തുള്ളവര്‍ക്കുള്ളത്. കൊച്ചി മെട്രോ ആരംഭിക്കുന്നതോടെ ഈ അതിശയത്തിന്റെ ഉയരവും പരപ്പും ഇനിയും കൂടും.
ഞായറാഴ്ചകള്‍ കൊച്ചി കാണാന്‍ വരുന്നവരുടെ തിരക്കുകൊണ്ട് നഗരം ഉത്സവത്തിലാണ്. സ്ക്കൂള് കോളേജുകളില്‍ നിന്നും വീടുകളിലും നിന്നൊക്കെ കൂട്ടമായും കുടുംബമായും എത്തുന്നവരുടെ സംഘം വേനലവധിയായതിനാല്‍ അധികമാണ്. ദൂരെനിന്ന് ചെറിയ ക്ളാസുകളിലെ കുഞ്ഞുകുട്ടികള്‍ അധ്യാപകരോടൊപ്പമെത്തുന്നതു കാണാനാണു രസം. അവര്‍ക്കേതോ അവിശ്വസനീയമായ അന്യഗ്രഹമാണ് കൊച്ചി. രാവിലെയെത്തി കാഴ്ചകള്‍ കണ്ട് ഷോപ്പിംങ് നടത്തി സിനിമകണ്ട് ഭക്ഷണവും കഴിച്ച് ഒരു ദിവസം ചെലവഴിച്ചു പോകുന്നവരാണ് അധികവും.
കഥ പറഞ്ഞും കാഴ്ച കണ്ടും പുതുകൊച്ചി വിശേഷങ്ങള്‍ നീണ്ടുപോകുമ്പോള്‍ പക്ഷേ, അതിനു പിന്നിലെ പഴയ കഥകള്‍ അത്രയ്ക്കൊന്നും ആരും കേള്‍ക്കുന്നില്ല. പറയാന്‍ ആരും ഇല്ലാത്തതും കൊണ്ടാവാം. അതു പഴയ കൊച്ചിയാണ്. സാക്ഷാല്‍ അറബിക്കടലിന്റെ റാണിയായ കൊച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: