ഇടിക്കൂട്ടിലെ ഗർജ്ജിക്കുന്ന സിംഹമായിരുന്നു മുഹമ്മദ് അലി. എതിരാളികൾക്ക് മുന്നിൽ എപ്പോഴും തലയെടുപ്പോടെ നിൽക്കുന്ന അദ്ദേഹം കാണികൾക്ക് എന്നും കൗതുകമുണർത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പൗരുഷത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹത്തിനെ ലോകം കണ്ടിരുന്നത്. ലോകത്താകമാനമുള്ള തന്റെ ആരാധകർക്ക് ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ചാണ് മുഹമ്മദ് അലി എഴുപത്തിനാലാം വയസിൽ വിട പറയുന്നത്.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില ഏടുകളിലൂടെ:-
തന്റെ ജന്മ നാടായ ലൂസിവില്ലയിൽ പന്ത്രണ്ടാം വയസിലാണ് അദ്ദേഹം ആദ്യമായി ഇടിക്കൂട്ടിൽ കയറുന്നത്. ഇതിന് പ്രചോദനമായത് ഒരു പോലീസുകാരന്റെ നിർദ്ദേശമാണ്. തന്റെ സൈക്കിൾ മോഷണം പോയത് പോലീസുകാരനെ അറിയിച്ചപ്പോൾ കള്ളൻമാരെ ഇടിക്കാൻ പഠിച്ചു കൂടെ എന്ന് ചോദിച്ചത് അദ്ദേഹത്തെ പിന്നീട് നയിച്ചത് ബോക്സിങ് റിങ്ങിലേക്കായിരുന്നു.
ഇരുപത്തിരണ്ടാം വയസിൽ അദ്ദേഹം ആദ്യമായി വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 1964ൽ മുൻ ലോക ചാമ്പ്യൻ സണ്ണി ലിൻസ്റ്റണെ ഏഴ് റൗണ്ടുകൾ നീണ്ട മത്സരത്തിൽ അദ്ദേഹം തോൽപിച്ചാണ് തന്റെ ആദ്യ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തിനു ശേഷം അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും കാഷ്യസ് ക്ലേ എന്ന പേര് മാറ്റി മുഹമ്മദ് അലി എന്ന് നാമം സ്വീകരിക്കുകയും ചെയ്തു.
പോരാടിയ 108 അമച്ച്വർ മത്സരങ്ങളിൽ 100ലും അദ്ദേഹത്തിന് ജയിക്കാനായി. കൂടാതെ 1960ൽ റോമിൽ നടന്ന ഒളിമ്പിക്സിൽ സ്വർണം നേടുകയും ചെയ്തു. എന്നാൽ ഒരു ഹോട്ടലിൽ വച്ച് തന്നെ കറുത്തവൻ എന്ന് ആഷേപിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം നേടിയ സ്വർണമെഡൽ നദിയിലേക്ക് വലിച്ചെറിഞ്ഞതും അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി.
1967ൽ വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയുടെ നടപടികളെ വിമർശിച്ച അദ്ദേഹത്തിന്റെ എല്ലാം സ്ഥാനബഹുമതികളും എടുത്തു മാറ്റുകയും അദ്ദേഹത്തിന് ബോക്സിംഗ് മത്സര രംഗത്ത് മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
1964, 1974, 1978 വർഷങ്ങളിൽ അദ്ദേഹം ലോക ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടി. 1981ൽ ട്രെവർ ബെർബിക്കിനോട് പരാജയപ്പെട്ടതിനു ശേഷം അദ്ദേഹം ബോക്സിംഗ് റിംഗിനോട് വിട പറയുകയായിരുന്നു. 1981ൽ അദ്ദേഹം ഇടിക്കൂടിനോട് വിടപറയുമ്പോൾ 56 വിജയങ്ങളും 5 പരാജയങ്ങളും അദ്ദേഹത്തിന്റെ ഔദ്യോഗിക മത്സരങ്ങളുടെ അക്കൗണ്ടിലുണ്ട്.
സ്വയം ‘മഹത്തായവൻ’ എന്ന് വിശേഷിപ്പിച്ചിരുന്ന അലി നാല് തവണ വിവാഹിതനായിട്ടുണ്ട്. അലിയുടെ ഒൻപത് മക്കളിലൊരാളായ ലൈല അറിയപ്പെടുന്ന ബോക്സിംഗ് താരവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: