കമ്പ്യൂട്ടർ വിപ്ലവത്തിന് പുത്തൻ പ്രതീക്ഷയേകുകയാണ് തിരുവനന്തപുരം സ്വദേശി ആകാശ് ബി ചന്ദ്രൻ. ആകാശ് നിർമ്മിച്ച വ്യത്യസ്തമായ കമ്പ്യൂട്ടർ ആപ്ലീക്കേഷനുകള്‍ ഇതിനകം തന്നെ മലയാളികളുടെ നവമാധ്യമങ്ങളിൽ ഏറെ സജീവമായിക്കഴിഞ്ഞു. ഇപ്പോൾ ഇതാ സാധാരണക്കാർക്ക് പണം സമ്പാദിക്കാനായി ‘മണി മേക്കിംഗ് പ്ലാറ്റ്ഫോം’ എന്ന പേരിൽ ഒരു വെബ് സൈറ്റ് ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണ് ഈ കൊച്ചു മിടുക്കൻ. ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ ഈ വെബ്സൈറ്റ് യഥാർത്ഥ്യമാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ ആകാശ് പതിമൂന്നാമത്തെ വയസിലാണ് കമ്പ്യൂട്ടർ രംഗത്തേക്ക് കടക്കുന്നത്. വിഷ്വൽ ബേസിക് വിദഗ്ദ്ധനായ ചേട്ടന്റെ ചുവടു പിടിച്ചാണ് ആകാശിന്റെ ആദ്യകാലത്തെ വെബ്സൈറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് ആകാശ് നിർമ്മിച്ചത് ഇരുന്നൂറോളം വെബ്സൈറ്റുകള്‍. ഇവയിൽ എല്ലാം തന്നെ മികച്ച രീതിയിൽ വിജയിപ്പിക്കാൻ ആകാശിനു കഴിഞ്ഞു എന്നതിൽ സംശയമില്ല.
ഓൺലൈനിൽ നിന്നുമുള്ള വിവിധ വെബ് ഡിസൈനിംഗ് വെബ്സൈറ്റുകളിൽ നിന്നും മറ്റ് പുസ്തകങ്ങളിൽ നിന്നുമാണ് ആകാശ് കമ്പ്യൂട്ടർ രംഗത്തെ അറിവുകൾ സമ്പാദിച്ചത്. ഇപ്പോൾ ഫേസ്ബുക്ക് ആപ്പ് ഡെവലപ്പ്മെന്റ്, ഇന്റർനെറ്റ് അധിഷ്ഠിത മാർക്കറ്റിംഗ്, വേർഡ് പ്രസ് ഡിസൈനിംഗ് എന്നിവയിലൂടെ ഒരു മാസം അഞ്ച് ലക്ഷം രൂപ വരെ ഈ മിടുക്കൻ സ്വന്തമാക്കുന്നുണ്ട്.
ജനങ്ങൾക്കിടയിൽ ആപ്പുകൾക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ആകാശ് പറയുന്നു. പ്രധാനമായും നിങ്ങളെ പറ്റിയുള്ള സംസാരം, നിങ്ങളെ പ്രണയിക്കുന്നവര്‍, നിങ്ങളിലെ സിനിമാ കഥാപാത്രത്തെ കാണാന്‍ എന്നീ ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്ക്കണ് ജനങ്ങൾ ഏറ്റവും അധികം പ്രശംസ നൽകിയതെന്നും ആകാശ് പറയുന്നു. വലിയ പ്രതീക്ഷ ഇല്ലാതെയാണ് ഫേസ്ബുക്കിലെ ആപ്പുകൾ നിർമ്മിച്ചത്. എന്നാൽ നവമാധ്യമങ്ങളിൽ ഇത് വൻ ഹിറ്റാകുകയായിരുന്നെന്ന് ആകാശ് പറഞ്ഞു. ജനങ്ങൾക്ക് ഏറെ കൗതുകമുണർത്തുന്നതും ചിരിയുളവാക്കുന്നതുമായിട്ടുള്ള ആപ്പുകൾ നിർമ്മിക്കുന്നതിൽ ആകാശിന് ഏറെ താത്പര്യമുണ്ട്.
നിരവധിയാളുകൾ അഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും നൽകാറുണ്ട്. ഇതിനു പുറമെ പുത്തൻ ആശയങ്ങൾ പ്രായഭേദമന്യേ ജനങ്ങൾ കൈമാറാറുണ്ടെന്നും ആകാശ് പറയുന്നു. ചെറുപ്പക്കാർക്കിടയിൽ വെബ് ഡിസൈനിംഗ് ഏറെ ചർച്ച വിഷയമാകുകയാണെന്നും നിരവധി യുവാക്കൾ ഇത് സംബന്ധിച്ച് സംശയങ്ങൾക്ക് ആകാശിനെ ബന്ധപ്പെടാറുണ്ട്. ഇവരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകാൻ ഈ കൊച്ചു മിടുക്കൻ പരാമാവധി ശ്രമിക്കാറുണ്ടെന്നും വ്യക്തമാക്കുന്നു. പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു പഠനശാഖയാണ് വെബ് ഡിസൈനിംഗ് എന്നാണ് ആകാശ് അഭിപ്രായപ്പെടുന്നത്.
ആകാശ്ബിസിനസ് ഡോട് കോം എന്ന പേരിൽ സ്വന്തമായി വെബ്സൈറ്റ് ആകാശിനുണ്ട്. പഠനത്തിൽ ഉഴപ്പാതെ തന്നെ തന്റെ ഡിസൈനിംഗ് ജോലികൾ മുന്നോട്ട് കൊണ്ടു പോകാനും ആകാശിന് സാധിക്കുന്നുണ്ട്. ചിലപ്പോൾ ഉറക്കമൊഴിഞ്ഞ് വരെ ഡിസൈനിംഗ് ജോലികളിൽ മുഴുകാറുണ്ടെന്ന് ആകാശ് പറയുന്നു.
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പരിപൂർണ്ണ പിന്തുണയുള്ളതു കൊണ്ടാണ് തനിക്ക് ഈ രംഗത്ത് ശോഭിക്കാൻ കഴിയുന്നതെന്ന് ആകാശ് പറഞ്ഞു. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽ ബി വോക് സോഫ്ട്വെയർ ഡവലപ്പ്മെന്റ് വിദ്യാർത്ഥിയാണ് ആകാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: