മെയ് 25th 1951, രേവ മഹാരാജാവ് മാര്‍ത്താണ്ഡ സിംഗ് ബാന്ധവ്ഗഡ് കാടുകളിൽ മൃഗയാ വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വാര്‍ത്ത എത്തിയത് – ഒരു പെണ് കടുവ ആ ഭാഗത്തുണ്ട് – ഒപ്പം നാല് കുഞ്ഞു കുട്ടികളും – അതിലൊരുകുഞ്ഞ് വെള്ളനിറക്കാരൻ. വര്‍ഷങ്ങളായി തേടിയ വള്ളി ഇതാ കാലിൽ ചുറ്റിയിരിക്കുന്നു. രാജാവിന്റെ കണ്ണില്‍ക്കണ്ട തിളക്കം ഒരു ചരിത്രം രചിക്കലായിരുന്നു – മനുഷ്യ ക്രൂരതയുടെ മറ്റൊരധ്യായം..
അടുത്തദിവസം ചെണ്ടകൊട്ടും വെടിയൊച്ചയും കൊമ്പുവിളിയും ആര്‍പ്പും ആ കാനനമേഖലയിൽ മുഴങ്ങി. തന്റെ കുഞ്ഞുങ്ങളെയും നയിച്ച് കൊണ്ട് സുരക്ഷിത സ്ഥാനം തേടിവന്ന ആ കടുവ എത്തിപ്പെട്ടത് കാത്തിരുന്ന രാജാവിന്റെയും അതിഥികളുടെയും മുൻപിൽ. താമസമുണ്ടായില്ല അമ്മയെയും രണ്ടു കുട്ടികളെയും വെടിവച്ചുകൊന്നു. രണ്ടു പേരെ ഭാഗ്യം രക്ഷിച്ചു-തല്‍ക്കാലത്തേക്ക്. അടുത്തപ്രഭാതം. കാൽപ്പാടുകൾ നോക്കിയുള്ള തെരച്ചിലിൽ കണ്ടത് പാറക്കൂട്ടത്തിൽ നിന്നും വിശപ്പുസഹിക്കാതെ പുറത്തുവന്നു മരിക്കുന്നതിനു മുൻപ് അമ്മ കൊന്നിട്ടിരുന്ന ഇരയെ കഴിക്കാൻ ശ്രമിക്കുന്ന വെള്ളക്കടുവാക്കുഞ്ഞിനെ. വീണ്ടും അവൻ ഓടിഒളിച്ചു. അന്നു വലയിട്ടു പിടിക്കാൻ നോക്കി, കഴിഞ്ഞില്ല. പിന്നെ ചെയ്തത് അവനു വെള്ളം അന്വേഷിച്ചു പോകാനുള്ള വഴികൾ അടയ്ക്കുകയായിരുന്നു.
.
പഴയകാല മഹാരാജാവിന്റെ നിർദേശമനുസരിച്ചു ഒരു ഇരുമ്പു പണിക്കാരൻ വാതിൽ താഴേക്ക് വീണ് അടയുന്ന ഒരു കൂട് ഉണ്ടാക്കി വള്ളികൾ കൊണ്ട് മറച്ചു അതിൽ വെള്ളം വെച്ച് കാട്ടിൽ സ്ഥാപിച്ചു. 27 നു ദാഹിച്ചരണ്ടു വെള്ളം തേടി വന്ന കുഞ്ഞു കടുവ കൂട്ടില്‍പ്പെട്ടു പക്ഷെ റിഫ്ലെക്സ് അവനെ പെട്ടെന്ന് പുറത്തേക്കു ചാടാൻ പ്രേരിപ്പിച്ചു-കൂട്ടിനു പുറത്തേക്കു ചാടിയെങ്കിലും അതിന്റെ വാതിൽ തലയിൽ വീണു മുറിവുപറ്റി. രാജഭടൻമാര് അവനെക്കൂട്ടിലാക്കി. മെയ് 30 നു ആ കുഞ്ഞൻ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു. കാടടച്ചു നടത്തിയ തെരച്ചിലിൽ വീണ്ടും കണ്ടുകിട്ടി. അവൻ സര്‍വ ശക്തിയുമെടുത്തു പോരാടി, പിടിക്കാൻ വന്നവരെ മാന്തിക്കീറി. ഒടുവിൽ അവർ അവനെ കമ്പി വടികൊണ്ട് തലക്കടിച്ചു വീഴ്ത്തി ബോധം കെടുത്തി കൈകാൽ ബന്ധിച്ചുപിടിച്ചു കൊണ്ട് പോയി – രക്ഷപ്പെടുമെന്നു കരുതിയില്ല – പക്ഷെ ആ കടുവാക്കുഞ്ഞിന്നായി ഒരു വല്യ നിയോഗം കാത്തിരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാകാം ആ കുഞ്ഞ് രക്ഷപെട്ടത്. മഹാരാജാവിന്റെ 150 മുറിയുള്ള കൊട്ടാരത്തിന്റെ നടുമുറ്റത്തേക്ക് അവനെ മാറ്റിപ്പാര്‍പ്പിച്ചു അവന് രാജാവു പേരിട്ടു – മോഹൻ – the enchanter.
മോഹനെ ബീഗം എന്ന സാധാരണ പെണ് കടുവയുമായി മൂന്നുവട്ടം ഇണ ചേര്പ്പിച്ചെങ്കിലും മൂന്നു പ്രസവങ്ങളിലും ഉണ്ടായതെല്ലാം സാധാരണ റോയൽ ബംഗാൾകടുവകൾ തന്നെയായിരുന്നു. രാജാവിന്റെ വെള്ളക്കടുവകൾക്ക് വേണ്ടിയുള്ള കാത്തിരുപ്പ് തുടർന്നു. “ബീഗത്തിനെ” മൃഗശാലക്ക് സംഭാവന ചെയ്തശേഷം ബീഗത്തിന്റെ രണ്ടാം പ്രസവത്തിലുള്ള രാധയുമായി മോഹനെ വീണ്ടും ഇണ ചേര്‍ത്തു – അങ്ങനെയുണ്ടായവരാണ് രാജയും, റാണിയും, സുകേശിയും മോഹിനിയും. എല്ലാം വെള്ളക്കടുവകൾ. (മോഹിനിയാണ് അമേരിക്കയിൽ എത്തിയ വെള്ളക്കടുവ). 1960 ലാണ് മോഹിനിയെ വൈറ്റ് ഹൗസിലെ പുൽത്തകിടിയിൽ വച്ചു ഐസൻഹോവർ ഏറ്റുവാങ്ങിയത്. രാജയും റാണിയും തമ്മിലുണ്ടായ ഇണചെർക്കലുകളിൽ 20 വെള്ളക്കടുവകൾ ജനിച്ചു. പിന്നെ ഈ വെള്ളക്കടുവകൾ മൂന്നിൽ ഒന്ന് എന്ന ശരാശരിയിൽ വെള്ളക്കടുവകളെ ജനിപ്പിച്ചു തുടങ്ങി. രാജാവുമായി ഉടമ്പടിയിലേര്‍പ്പെട്ട ഇന്ത്യൻ സര്‍ക്കാര്‍ ഇവയിൽ കുറെയെണ്ണത്തിനെ ഇന്ത്യയിലെയും വിദേശത്തെയും പല മൃഗശാലകളിലുമെത്തിച്ചു. നിയമതടസ്സമുണ്ടാകുന്നത് വരെ ചില ഉന്നതസ്ഥാനീയർക്കും മറ്റു രാജ്യങ്ങള്‍ക്കും രാജാവ് വെള്ളക്കടുവകളെ വിൽക്കുകയും ചെയ്തു. ഈ കടുവകളിൽ നിന്നാണ് ഇന്ന് ലോകത്തുള്ള എല്ലാ വെള്ളക്കടുവകളുണ്ടായത്. ഇതിന്റെ തുടക്കക്കാരനായ മോഹന്റെ ജീവിതം ഇരുപതാം പിറന്നാളാഘോഷങ്ങൾ വൻതോതിൽ പ്ലാൻ ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോൾ (19 വയസ്സും ഏഴു മാസവും) അവസാനിച്ചു. ഹിന്ദു ആചാരാനുസാരം മോഹനെ കൊട്ടാരവളപ്പിൽ അടക്കി.
ആദ്യമായി പിടിയിലായ വെള്ളക്കടുവ മോഹനല്ല. മോഹൻ പിടിയിലാകുന്നതിന് മുമ്പായി വെള്ളക്കടുവകൾ ജനിച്ചിട്ടുണ്ട്, പിടിക്കപ്പെട്ടിട്ടുണ്ട് വിനോദ വേട്ടയാടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളക്കടുവയെ സംബന്ധിച്ച ആദ്യ ശാസ്ത്രീയ രേഖ 1820 ൽ ബ്രിട്ടനിൽ Exeter Exchange ൽ പ്രദര്‍ശിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. 1915 ഡിസംബറിൽ, അന്നത്തെ രേവ രാജാവായിരുന്ന ഗുലാബ് സിംഗ് ഒരു വെള്ളക്കടുവകുട്ടിയെപിടിച്ചു രണ്ടു വര്‍ഷം ഗോവിന്ദ്ഗഡ് കൊട്ടാരത്തിൽ വളര്‍ത്തുകയും അതിനുശേഷം അതിനെക്കൊന്നു stuff ചെയ്തു കിംഗ് ജോർജ് അഞ്ചാമനു സമ്മാനമായി അയക്കുകയും ചെയ്തിട്ടുണ്ട്.
ആരാണ് വെള്ളക്കടുവ – ഇവൻ ഒരു പ്രത്യേക ഇനം അല്ല ഇന്ത്യയില്‍ കാണുന്ന വെള്ളക്കടുവ panthera tigris tigris അഥവാ ബംഗാൾ റോയൽ ടൈഗർ തന്നെയാണ്. മുൻ നാട്ടുരാജ്യമായ റേവയിലേയും ആസാം, ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെയും വനങ്ങളിലാണ് ഇവയെ കണ്ടുതുടങ്ങിയത്. ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 10,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്നു കണക്കാക്കപ്പെടുന്നു. ജനിക്കുമ്പോഴും അതിനുശേഷവും സാധാരണ കടുവകളെക്കാളും വലിപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകൾക്ക്. ജനിതക ഗവേഷണങ്ങള പ്രകാരം SLC45A2 ജീനിന്റെ പരിവര്‍ത്തനം മൂലമാണ് ഇവന്റെ ഓറഞ്ച് നിറം തരുന്ന പിഗ്മെന്റ്റേന് ഇല്ലാതെ പോകുന്നത്. ഇത് മൂലം ഇവനുകാട്ടിൽ നിലനില്‍പ്പില്ല. വെളുത്ത നിറം മൂലം പ്രകൃതി നല്കുന്ന ശത്രുക്കളെ കബളിപ്പിക്കുന്നതിനുള്ള കപടതന്ത്രങ്ങള്‍ നഷ്ടപ്പെട്ട ഇവരെ കുട്ടിക്കാലത്തുതന്നെ മറ്റ് മൃഗങ്ങള്‍ വകവരുത്താനുള്ള സാധ്യത വളരെ. എങ്ങനെയും കുട്ടിക്കാലം കടന്നാലും നിറത്തിന്റെ പ്രത്യേകത മൂലം ഇവര്‍ക്ക് ഒളിച്ചിരുന്ന് വേട്ട പറ്റില്ല.
.
ആവര്‍ത്തിച്ചുള്ള ഇണചേര്‍ക്കല്‍ മൂലം ഇവര്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മുന്‍ കാലുകളിലേക്കുള്ള നീളം കുറഞ്ഞ ഞരമ്പുകള്‍, ചലന ശേഷികുറഞ്ഞ രൂപഭേദം പറ്റിയ പാദങ്ങൾ, വൃക്ക രോഗങ്ങൾ, വളഞ്ഞ നട്ടെല്ല്, വളവുള്ള കഴുത്ത്, കുറഞ്ഞ പ്രത്യുല്‍പ്പാദന ശേഷി എന്നിവ ചിലത് മാത്രം. കടുത്ത ചൂടും, ശബ്ദ മലിനീകരണവും താങ്ങാനാകില്ല. നിലവിൽ നൂറുകണക്കിനു വെള്ളക്കടുവകൾ പല മൃഗശാലകളിലായുണ്ട്. ഇവയിൽ ഏതാണ്ട് നൂറോളം എണ്ണം ഇന്ത്യയിലാണ്. ഇവയെ ഇണചേർക്കുന്നതിൽ മൃഗശാലകൾക്കു താത്പര്യമുള്ളതിനാൽ വെള്ളക്കടുവകളുടെ സംഖ്യ ഇന്ന് വർദ്ധിച്ചുവരുന്നു.
വെളുത്ത സൈബീരിയൻ കടുവകളെ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും അവയ്ക്ക് ശാസ്ത്രീയ രേഖകളില്ല. സൈബീരിയൻ കടുവകളുടെ വെള്ള സന്താനങ്ങൾ ഉണ്ടായിട്ടുള്ളത് അവ ബംഗാൾ കടുവകളുമായി ഇണചേർന്നപ്പോൾ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: