തൃശൂര്‍: സാംസ്കാരിക നഗരിയുടെ പ്രൗഢിക്ക് അക്ഷരവിശുദ്ധിയുടെ തിളക്കമേറ്റി ജന്മഭൂമി തൃശൂര്‍ എഡിഷന് മൂന്നാം വര്‍ഷത്തിലേക്ക്. ഇന്നലെ നടന്ന എഡിഷന് രണ്ടാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി. വാര്‍ത്താമാധ്യമരംഗത്ത് നേരിന്റെ കാഴ്ചയും കാഴ്ചപ്പാടുകളുമായി നിലകൊള്ളുന്ന ജന്മഭൂമി മലയാളത്തിന്റെ അഭിമാനമെന്ന് പ്രമുഖര്‍. തൃശൂര്‍ വൃന്ദാവന്‍ ഇന്നില്‍ നടന്ന വാര്ഷികാഘോഷചടങ്ങ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ടും കല്യാണ്‍സില്‍ക്സ് എംഡിയുമായ ടി.എസ്.പട്ടാഭിരാമന് ഉദ്ഘാടനം ചെയ്തു.
ജന്മഭൂമിയെ ഒഴിവാക്കി മലയാള മാധ്യമരംഗത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കല്‍ദായ സുറിയാനി സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ അപ്രേം, പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജനസാമാന്യത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും വേദനകളും പങ്കുവെക്കുന്ന മാധ്യമമെന്ന നിലക്ക് ജന്മഭൂമിയെ ഏറെ താല്പര്യത്തോടെയാണ് താന്‍ കാണുന്നതെന്ന് മാര്‍ അപ്രേം പറഞ്ഞു.
ജനാധിപത്യ സമൂഹത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ആയ പത്രങ്ങള്‍ ആരോഗ്യത്തോടെ നിലനില്‍ക്കേണ്ടത് ആവശ്യമെന്നും പ്രലോഭനങ്ങള്ക്കടിപ്പെടാത്ത പത്രപ്രവര്‍ത്തനത്തിന് ജന്മഭൂമി മാതൃകയെന്നും സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. പ്രമുഖ ചിന്തകനും എഴുത്തുകാരനും ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരുമായ തുറവൂര്‍ വിശ്വംഭരന് മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രതിബദ്ധത, ത്യാഗസന്നദ്ധത, വിട്ടുവീഴ്ചയില്ലാത്ത ദേശീയമനോഭാവം എന്നിവക്ക് ജന്മഭൂമി പത്രവും പത്രപ്രവര്‍ത്തകരും മാതൃകയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാനഗര്‍ സംഘചാലകും പ്രിന്റര്‍ ആന്റ് പബ്ലിഷറുമായ വി.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ പ്രസ്ക്ലബ് പ്രസിഡണ്ട് സന്തോഷ് ജോണ്‍ തൂവല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. സംപൂര്‍ണ, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എ.സി.കൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്.ബലരാമന് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
ജന്മഭൂമി മാതൃകാജീവനക്കാര്ക്ക് ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ ഉപഹാരങ്ങള്‍ നല്കി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. 34 വര്‍ഷമായി ഡെസ്പാച്ച് വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന പി.വി.രവിയെ ചടങ്ങില്‍ ആദരിച്ചു. ടി.സി. സേതുമാധവന് സ്വാഗതവും പി.എസ്.രഘുനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: