ദേശീയതക്കു വേണ്ടി പോരാടുവാൻ വിദ്യാർത്ഥി സമൂഹത്തോട് ആഹ്വാനം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി മാറിയ എബിവിപി യുടെ അറുപത്തിയെട്ടാം സ്ഥാപക ദിനമാണ് ജൂലൈ ഒമ്പത്. നാല്പതുകളിലെ സ്വാതന്ത്ര്യ സമര തീഷ്ണതയിൽ നിന്നും സമാരംഭം കുറിച്ച്, ത്യാഗോജ്ജ്വലമായ സാമൂഹിക നവോത്ഥാന ഇതിഹാസങ്ങൾ രചിച്ച് ഭാരതീയ വിദ്യാർത്ഥി സമൂഹത്തിൽ കാലത്തിന്റെ കരുത്തായി തീർന്ന എബിവിപി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായി മാറിക്കഴിഞ്ഞു.
സാംസ്കാരിക ദേശീയതയിലൂടെ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി ജ്ഞാനം, ശീലം, ഏകത എന്നീ മുദ്രാവാക്യങ്ങളിലൂടെ വിദ്യാർത്ഥികളുടെ രാഷ്ട്രബോധമാണ് ഇന്ന് എബിവിപി.
ആറ് പതിറ്റാണ്ട് കാലം രാഷ്ട്ര വികസനത്തിനും ദേശീയ ബോധത്തിനും വേണ്ടി വിദ്യാർത്ഥി സമൂഹത്തിൽ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന എബിവിപിയുടെ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾ ദേശീയ സമൂഹത്തിന്റെ ദിശാബോധമായി തീര്ന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ, കാശ്മീരിലെ ദേശവിരുദ്ധതക്കെതിരെ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിനെതിരെ, വിദ്യാഭ്യാസത്തിന്റെ ഭാരതീയവത്ക്കരണത്തിനായി എബിവിപി നടത്തിയ സമരങ്ങൾ സ്വതന്ത്ര്യ ഇന്ത്യയുടെ ഭാവി ഭാഗധേയം തന്നെയാണ് നിർവചിച്ചത്.
സമരങ്ങൾക്കൊപ്പം എബിവി.പി നടത്തിയ ക്രിയാത്മക ഇടപെടലുകൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ നേരിലേക്കും ആവശ്യകതയിലേക്കുമാണ് വിരൽ ചൂണ്ടിയത്. മോഡേൺ മെഡിസിൻ വിദ്യാർത്ഥികൾക്കായി “മെഡിവിഷൻ”, ആയുഷ് വിദ്യാർത്ഥികൾക്കായ് “ജിജ്ഞാസ”, IIT, IIM വിദ്യാർത്ഥികൾക്കായ് “തിങ്ക് ഇന്ത്യ”, വിദേശ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന ആഗോള വിദ്യാർത്ഥി പ്രസ്ഥാനമായ “WOSY”, നോർത്ത് ഈസ്റ്റ് വിദ്യാർത്ഥികളുടെ “SEl L”, കലാ വിദ്യാർത്ഥികളുടെ “രംഗതോരണ”, നിയമ വിദ്യാർത്ഥികളുടെ “ന്യായ”, ടെക്നിക്കൽ മേഖലയിലെ “എൻജിനീയേഴ്സ് “, വികസനോന്മുഖ മുന്നേറ്റത്തിനായി “SFD” തുടങ്ങിയ പ്രോജക്ടുകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. വർഷങ്ങളായി കേരളത്തിൽ നടന്നുവരുന്ന എൻജിനിയേഴ്സും ജിജ്ഞാസയും ടെക്നിക്കൽ, ആയൂർവേദ മേഖലയിലെ ശക്തമായ സാന്നിദ്ധ്യമാണ്. സേവനമേഖലയിൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സേവാ ട്രസ്റ്റിന്റെയും SFD യുടേയും നേതൃത്വത്തിൽ നടന്നുവരുന്ന നിളാ സംരക്ഷണ പദ്ധതി ”നിളായനം”, ഇഗ്നൈറ്റഡ് മൈൻഡ്സ്, അനുമോദനം, വെക്കേഷൻ പ്രോഗ്രാം, മോഡൽ എൻട്രൻസ് ടെസ്റ്റ് തുടങ്ങിയ സാമൂഹ്യക്ഷേമ പ്രവർത്തങ്ങൾ ജനസമൂഹത്തിന് സുപരിചിതമായി കഴിഞ്ഞു.
വിദ്യാഭ്യാസ പ്രക്ഷോഭങ്ങൾക്കൊപ്പം ആറന്മുള പോലെയുള്ള സമരഭൂമിയിൽ പങ്കെടുത്ത ഏക വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയുടെ നിറസാന്നിദ്ധ്യം വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അനിവാര്യമായ ജാഗ്രതയാണ് തെളിയിച്ചത്. ദേശീയതക്കു വേണ്ടി നടത്തുന്ന നിരന്തമായ ഇടപെടലുകൾ എബിവിപിയെ കേരളത്തിലെ ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനമാക്കി മാറ്റി കഴിഞ്ഞു. സാമൂഹിക നവോത്ഥാനത്തിന്റെ ആവേശോജ്വലമായ ചരിത്രമുള്ള സമരഭൂമികയാണ് കേരളം. അയ്യങ്കാളിയും മന്നത്ത് പത്മനാഭനും ശ്രീ നാരായണ ഗുരുദേവനും വിദ്യാഭ്യാസ മേഖലയിലൂന്നി നടത്തിയ സാമൂഹിക പരിഷ്കാരങ്ങൾ, കേരളത്തിലെ ജനസമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ ദേശീയ ചിന്താഗതികളുടെ തുടർച്ചയാണ്, കഴിഞ്ഞ അൻപത് വർഷക്കാലമായി എബിവിപിയുടെ കേരളത്തിലെ ശക്തമായ സാന്നിധ്യം. ഇടതും വലതും മാറി മാറി ഭരിച്ച് ദേശീയതയെ പ്രതിരോധിച്ച വിദ്യാഭ്യാസ സമൂഹത്തിൽ, രാഷ്ട്ര സ്നേഹത്തിന്റെയും രാഷ്ട്ര വികസനത്തിന്റെയും പുത്തൻകാഴ്ച്ചപ്പാടുകളാണ് എബിവിപി മുന്നോട്ട് വച്ചത്. ഇന്ന് കേരളത്തിലെ വലിയ സംഘടിത മുന്നേറ്റമായി എബിവിപി മാറിക്കഴിഞ്ഞു. അഴിമതി വിമുക്തവും വർഗീയ വിരുദ്ധവും വികസനോന്മുഖവും തൊഴിലധിഷ്ടിതവും ആയ വിദ്യാഭ്യാസ നയത്തിന്റെ ആവശ്യകത ഇന്ന് ഏറുകയാണ്. എല്ലാവരിലേക്കും വിദ്യാഭ്യാസമെത്തിക്കുവാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കേണ്ട സമയമായിക്കഴിഞ്ഞു.
രാജ്യമാസകലം ആഭ്യന്തരവും ബാഹ്യവുമായി നിരവധി വെല്ലുവിളികൾ ഇന്ന് ഉയർന്നു കൊണ്ടിരിക്കുകയാണ്. ദേശീയ സങ്കൽപ്പങ്ങളെ തകർത്ത് രാഷ്ട്രത്തെ ശിഥിലമാക്കുവാൻ ശ്രമിക്കുന്ന ശക്തികൾക്ക് ചെറിയ തോതിലെങ്കിലും രാജ്യത്ത് ഇടം കിട്ടുന്നുണ്ട് എന്നത് ജനസമൂഹത്തെ ഭീതിയിലാഴ്ത്തുന്നു. സാമൂഹിക ചിന്തകൾക്കപ്പുറത്ത് മതവും രാഷ്ട്രീയവും അധികാരവും ലക്ഷ്യമിടുന്ന രാജ്യത്തെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും ദൗർഭാഗ്യവശാൽ രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുകയോ അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന സമീപനമാണ് ഇന്നുള്ളത്. സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലാകമാനം ഈ ഭീതി നിലനിൽക്കുന്നുണ്ട്. മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായ രാഷ്ട്ര വികസനചിന്തകൾ വളർത്തേണ്ടതിന്റെ ആവശ്യകത സമീപകാല സ്ഥിതിഗതികൾ നമ്മെ ബോധ്യപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിന്റെ രാഷ്ട്രദർശനം കാലഘട്ടത്തിന്റെ അനിവാര്യമായിരിക്കുന്ന സമകാലീക സാമൂഹിക അന്തരീക്ഷത്തിൽ വിദ്യാർത്ഥി സമൂഹത്തിന് ഏറെ പ്രവർത്തിക്കുവാനുണ്ട്. കലാലയങ്ങളിൽ നിന്ന് ദേശീയതയുടെ ജനമുന്നേറ്റത്തിന് തുടക്കം കുറിക്കുവാൻ കഴിയണം. വിദ്യാർത്ഥി ശക്തി രാഷ്ട്രത്തിന്റെ ശക്തിയാണ്. ശക്തമായ ജാഗ്രതയുണർത്തേണ്ട കാലഘട്ടമാണിത്. ഇതാകട്ടെ എബിവിപിയുടെ അറുപത്തിയെട്ടാം സ്ഥാപകദിന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: