വിസ്മയങ്ങളുടെ സംവിധായകൻ എന്നറിയപ്പെടുന്ന ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്’ എന്ന സിനിമ കണ്ടിട്ടുള്ളവരാരും അതിലെ പശ്ചാത്തല സംഗീതവും My Heart Will Go On എന്ന ഗാനവും മറക്കാനിടയില്ല. എന്നാൽ പശ്ചാത്തല സംഗീതം ആരാണ് നിർവഹിച്ചത് എന്നു ചോദിച്ചാൽ ഭൂരിപക്ഷവും കൈ മലർത്തും. ദുഖത്തോടെ പറയട്ടെ, ജനകോടികളെ മത്ത് പിടിപ്പിച്ച ആ പശ്ചാത്തല സംഗീതത്തിൻറ്റെ ഉടമ ഇന്ന് ജീവിച്ചിരിപ്പില്ല. ജെയിംസ് റോയ് ഓണർ (James Roy Horner) എന്ന ആ ഇതിഹാസം നമ്മോട് വിട പറഞ്ഞിട്ട് ഇക്കഴിഞ്ഞ ജൂൺ 22 ന് ഒരു വർഷം പൂർത്തിയായി.
സംഗീത വിദഗ്ധർ എപ്പോഴും ജുറാസിക് പാർക്ക്, സേവിംഗ് പ്രൈവറ്റ് റയാൻ തുടങ്ങിയ സിനിമകളിൽ പശ്ചാത്തല സംഗീതം ചെയ്ത ജോൺ വില്യംസിനോടോപ്പമാണെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഏറ്റവും കൂടുതൽ ജനപ്രീതിയാർജിച്ച സംഗീത സംവിധായകൻ ജെയിംസ് തന്നെയാണ്; സംശയമില്ല.
ഇപ്പോഴത്തെ സ്ലോവാക്യയിലെ ഹോളിക് എന്ന സ്ഥലത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഹാരി ഓണറിന്റെയും കാനഡക്കാരിയായ ജോൺ റാത്തിന്റെയും മകനായി 1953 ആഗസ്റ്റ് 14 ന് അമേരിക്കയിലെ ലോസാഞ്ചലസിലാണ് ജെയിംസ് ഓണർ ജനിച്ചത്. തന്റെ അഞ്ചാം വയസു മുതൽ പിയാനോ വായിച്ച് തുടങ്ങിയ ജെയിംസ്, ലണ്ടനിലെ റോയൽ കോളേജ് ഓഫ് മ്യൂസിക്കിൽ പഠനം നടത്തിയതിന് ശേഷം അമേരിക്കയിൽ തിരിച്ചെത്തി വെർഡെ വാലി സ്ക്കൂളിൽ തുടർപഠനം നടത്തി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും ഒടുവിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലോസാഞ്ചലസിൽ നിന്നും സംഗീതത്തിൽ ഡോക്റ്ററേറ്റും നേടി.
താൻ പഠിച്ചത് പ്രാവർത്തികമാക്കാൻ ഫിലിം വ്യവസായ മേഖലയിലേക്ക് കാൽ വച്ച ജെയിംസ്, ബി-മൂവീസ് എന്ന പേരിൽ അറിയപ്പെടുന്ന ചെലവ് കുറഞ്ഞ സിനിമകളിൽ മാറ്റുരച്ചു. സംവിധായകനായ റോജർ കോർമാനുമായുള്ള പരിചയം, അദ്ദേഹത്തിന്റെ THE LADY OF THE RED, BATTLE BEYOND THE STARS, HUMANOIDS OF THE DEEP എന്നീ ചിത്രങ്ങളിൽ സംഗീത സംവിധാനം നടത്തുവാൻ ജെയിംസിന് അവസരമൊരുക്കി. 1982 ൽ STARTREK II: THE WRATH KHAN എന്ന സിനിമയിലെ സംഗീതസംവിധാനം ജെയിംസിന് തന്റേതായ ഒരു വ്യക്തിത്വമുണ്ടാക്കി. 1987 ൽ പുറത്തിറങ്ങിയ ALIENS എന്ന ചിത്രത്തിലൂടെ ആദ്യത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചു. അവാർഡ് കിട്ടിയില്ലെങ്കിലും ജെയിംസ് എന്ന സംഗീത സംവിധായകനെ ലോകം അറിഞ്ഞു. തുടർന്ന് FIELD OF DRAMA (1989) എന്ന ചിത്രത്തിലും ഓസ്കാർ നോമിനേഷൻ ലഭിച്ചെങ്കിലും അവാർഡ് നഷ്ടമായി.
1995 ൽ പ്രശസ്ത നടനും സംവിധായകനുമായ മെൽ ഗിബ്സന്റെ BRAVE HEART എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം കാണികളെ ഇളക്കി മറിച്ചു. പശ്ചിമ യൂറോപ്പിലെ കെൾട്ട് ഭാഷാ(Celt Language) പാരമ്പര്യമുള്ള രാജ്യങ്ങളിലെ (അയർലൻഡ്, സ്കോട്ട്ലാൻഡ്, വെയ്ൽസ് തുടങ്ങിയവ) കെൾട്ടിക് ബാലഡുകൾ (Celtic ballads) കടമെടുത്ത് ജെയിംസ് തകർത്തെങ്കിലും, കപ്പിനും ചുണ്ടിനുമിടയിൽ ഓസ്കാർ നഷ്ടമായി. പക്ഷെ ഇംഗ്ളീഷ് ചിത്രങ്ങൾ കണ്ടു പരിചയമില്ലാത്തവരും ഇതിന്റെ പശ്ചാത്തല സംഗീതം എങ്ങനെ ഒപ്പിച്ചു എന്ന് ചോദിച്ചു തുടങ്ങിയത് അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു.
രണ്ട് വർഷത്തിന് ശേഷം 1997 ൽ ‘ടൈറ്റാനിക്’ പുറത്തിറങ്ങിയപ്പോൾ ചിത്രം കണ്ടിറങ്ങിയവരിൽ പലരും പറഞ്ഞത് “ഇതിന്റെ പശ്ചാത്തല സംഗീതം കേട്ടാൽ മനുഷ്യൻ കിറുങ്ങും” എന്നാണ്. ഒരു പക്ഷെ കെൾട്ടിക് ബാലഡുകളിൽ ഒരു ഗവേഷണം തന്നെ അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി നടത്തിക്കാണും. ചിത്രത്തിലെ മാസ്മരസംഗീതത്തിന് അദ്ദേഹത്തെ തിരക്കി ഓസ്കാർ എത്തി. പശ്ചാത്തലസംഗീതത്തിന് മാത്രമല്ല ഈ ചിത്രത്തിൽ പ്രശസ്ത ഗായിക സെലിൻ ഡിയോൺ പാടിയ ‘My heart will Go On’ എന്ന ഗാനത്തിനും അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു. (ഗാനം ചിട്ടപ്പെടുത്തുന്നത് അത് എഴുതിയ ആളും സംഗീതം നിർവഹിക്കുന്ന ആളും ഒരുമിച്ചാണെന്ന ആശയമുള്ളതുകൊണ്ട് ഈ ഗാനം എഴുതിയ വിൽ ജെന്നിങ്സുമായി അവാർഡ് പങ്ക് വച്ചു).
പിന്നീടങ്ങോട്ട് A BEAUTIFUL MIND, HOUSE OF SAD AND FOG, ജെയിംസ് കാമറൂണിന്റെ AVATAR തുടങ്ങിയ ചിത്രങ്ങളിൽ തന്റെ പാടവം നല്ല രീതിയിൽ പുറത്തെടുത്തെങ്കിലും അവയൊന്നും ടൈറ്റാനിക്കിനെ കടത്തി വെട്ടുന്നവയായിരുന്നില്ല. ജെയിംസ് ഓണർ എന്നാൽ ടൈറ്റാനിക് എന്ന കാഴ്ച്ചപ്പാട് വളരെ ആഴത്തിലായിപ്പോയി. ക്രിസ്റ്റഫർ ലീയെ ഡ്രാക്കുളയായും നമ്മുടെ വിക്രത്തെ അന്യനായും മാത്രം ഓർമ്മിക്കുന്ന പ്രേക്ഷകരുടെ വികാരം ഇതിലും കടന്നു കയറി എന്നു വേണം കരുതാൻ. ഇവർക്കെല്ലാം പറ്റിയത് ഒന്നു തന്നെ; ഒരാളെക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി ഒന്നിൽ പ്രയോജനപ്പെടുത്തിയാൽ പിന്നെ അതിനുമപ്പുറത്ത് എന്തുണ്ട് ബാക്കി?
പൈലറ്റ് കൂടിയായ ജെയിംസ്, 2015 ജൂൺ 22 ന് തന്റെ സ്വകാര്യവിമാനത്തിൽ യാത്ര ചെയ്യവേ, കാലിഫോർണിയയ്ക്ക് സമീപം വിമാനം തകർന്ന് വീണ് മരിക്കുകയായിരുന്നു. അദ്ദേഹം യാത്രയായെങ്കിലും അദ്ദേഹത്തിന്റെ സംഗീതം ഇനിയും കാറ്റിലൂടെ ഒഴുകി നടക്കും; ഒരു പക്ഷേ അത് അദ്ദേഹത്തിന്റെ ആത്മാവ് തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: