കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം ക്രിമിനല്‍ സംഘം നടത്തിയ കൊലപാതകമുള്‍പ്പടെയുള്ള അക്രമ സംഭവങ്ങള്‍ വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൊലപാതകങ്ങളും അക്രമപരമ്പരയും അരങ്ങേറുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സ്വന്തം നാട്ടിലാണെന്നത് ഇരുവരുടെയും ദയനീയ പരാജയമാണ് വ്യക്തമാക്കുന്നത്. ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുവര്‍ക്കും ഒഴിഞ്ഞ് മാറാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയെ പോലെ സംസാരിക്കുന്നത് ഖേദകരമാണ്. സിപിഎമ്മുകാരന് കൊല്ലപ്പെട്ടതിന് പകരാണ് ബിഎംഎസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതെന്ന തരത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശം അപലപനീയമാണ്.
സിപിഎമ്മുകാരന്റെ കൊലപാതകം സംബന്ധിച്ച് പൂര്‍ണ്ണവിവരം ലഭ്യമല്ലെന്നാണ് സംഭവത്തെകുറിച്ച് ഡിജിപി പ്രതികരിച്ചത്. വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രി എന്തിനാണ് ഇത്തരമൊരു പരസ്യ പ്രസ്താവന നടത്തിയത്. അക്രമം നടന്നാല്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി അഭിപ്രായം പറയേണ്ടത് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രി നടത്തിയത് കീഴ്വഴക്കങ്ങളുടെ ലംഘനവും നീതി നിഷേധവുമാണ്. കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. തലശ്ശേരി അക്രമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പോലീസിനോട് ചോദിക്കാന്‍ പറഞ്ഞ പിണറായി പയ്യന്നൂര്‍ അക്രമത്തില്‍ ഇത്രയും വേഗം പ്രതികരിച്ചത് ധന്‍രാജിന്റെ കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനാണ്. സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ നേരത്തെയും ഇത്തരം നീക്കങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. തലശ്ശേരി ഫസല്‍ വധക്കേസില്‍ സിപിഎം ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ സിപിഎം നേതാക്കളുള്‍പ്പടെ യഥാര്‍ത്ഥ പ്രതികള്‍ ഇരുമ്പഴിക്കുള്ളിലായപ്പോഴാണ് പാര്‍ട്ടി ഗൂഡാലോചന പുറത്ത് വന്നത്.
പയ്യന്നൂരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎം സംഘം നടത്തിയ അക്രമ പരമ്പരകളെകുറിച്ച് വിദഗ്ധസംഘം അന്വേഷിക്കണം. 35 വാഹനങ്ങള്‍, 19 വീട്, 3 കച്ചവട സ്ഥാപനങ്ങള്‍, ഒരു സ്കൂള്‍ തുടങ്ങിയവ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ഇതിന് പിന്നില്‍ വന്‍ ആസൂത്രണം നടന്നിട്ടുണ്ട്. വിദഗ്ധ കുറ്റാന്വേഷക സംഘത്തെകൊണ്ട് കേസ് അന്വേഷിപ്പിക്കണം. സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അക്രമ സംഭവങ്ങളില്‍ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിയമത്തിന്റെ പരിരക്ഷ സര്‍ക്കാരിന്റ ബാധ്യതയാണെന്നിരിക്കെ എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിയമസഹായം ലഭിക്കുന്നില്ലെന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്, സംസ്ഥാനസമിതി അംഗം കെ.രഞ്ജിത്ത് എന്നിവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: