ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. എറണാകുളം സിബിഐ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് ഷാജുവില്‍ നിന്ന് കേസിനെക്കുറിച്ചുള്ള ഫയലും രേഖകളും കൈപ്പറ്റി.
സിബിഐ ഡിവൈഎസ്പി ജോര്‍ജ്ജ് ജെയിംസിനാണ് കേസിന്റെ അന്വേക്ഷണ ചുമതല.
മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മണിയുടെ ഭാര്യ നിമ്മി, സഹോദരന്‍ രാമകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവായത്. ആദ്യം കേസ് ഏറ്റെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും മറ്റും മരണ കാരണം വിഷാംശം ഉള്ളില്‍ ചെന്നതാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു.
2016 മാര്‍ച്ച് 5നാണ് വീടിനടുത്തുള്ള പാഡിയില്‍ അവശനിലയിലായിരുന്ന മണിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6ന് രാത്രി 7 മണിയോടെ മണി മരണപ്പെട്ടു. മരണം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ദുരൂഹത പുറത്ത് കൊണ്ടുവരാത്തതില്‍ പ്രതിഷേധിച്ച് മണിയുടെ വീട്ടുകാര്‍ നിരാഹര സമരംവരെ നടത്തിയിരുന്നു. നിരവധി സംഘടനകളും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.
കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥര്‍ മറ്റു കേസുകളുമായി പോയതോടെ അന്വേഷണം നിലച്ച പോലെയായി. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ തയ്യാറായെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകയായിരുന്നുവെന്നും, ബന്ധുക്കളും മറ്റും നല്‍കാത്ത മൊഴികളാണ് ഇന്‍ക്വസ്റ്റില്‍ ചാലക്കുടി പോലീസ് എഴുതി ചേര്‍ത്തിരിക്കുന്നതെന്നും മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
കേസില്‍ ദുരൂഹതയില്ലെന്ന പോലീസ് നിലപാടിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും രാമകൃഷ്ണന്‍ നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: