പാലക്കാട്: ട്രിച്ചി എസ്. ഗണേശന്റെ (56) വിയോഗത്തോടെ കര്‍ണ്ണാടക സംഗീത രംഗത്ത് ഒരു പ്രതിഭകൂടി നഷ്ടമായി. ജന്മമകൊണ്ട് മലയാളിയായിരുന്നെങ്കിലും തമിഴ്നാടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. ശനിയാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞു.
സംഗീതജ്ഞന് സുബ്രഹ്മണ്യ അയ്യരുടെ മകനായി 1960-ല്‍ വെള്ളിനേഴിയില്‍ ജനിച്ച ഗണേശന് അച്ഛനായിരുന്നു ആദ്യ ഗുരു. പിന്നീട് ചെമ്പൈയുടെ ശിഷ്യത്വം നേടി. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളെജില്‍നിന്ന് ഗാനപ്രവീണ്‍ പാസായി.
തമിഴ്നാട്ടിലായിരുന്നു പിന്നീട് കലാപ്രവര്‍ത്തനം. അതിനാല്‍ത്തന്നെ തമിഴ്നാട്ടുകാരനായാണ് അറിയപ്പെട്ടത്.
സംഗീത ചൂഡാമണി, മധുര കലാനിധി, സദ്ഗുരുകുല പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. വിപുലമായ ശിഷ്യസമ്പത്തുണ്ടായിരുന്ന ട്രിച്ചി എസ്. ഗണേശന് കേരളത്തില്‍ ഒട്ടേറെ പ്രമുഖ കേന്ദ്രങ്ങളില്‍ സംഗീത കച്ചേരി നടത്തി ജന്മനാടുമായുള്ള ബന്ധം നിലനിര്‍ത്തി.
വെള്ളിനേഴി സ്വദേശി രമണി ഭാര്യ. മകള്‍: വിദ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: