ന്യൂദല്‍ഹി/ഗാസിപൂര്‍: നെഹ്റുവിനെ പിന്തുണച്ചും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും പ്രധാനമന്ത്രി മോദി. നെഹ്റുവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തന്റെ ശ്രമമെന്നും മോദി പറഞ്ഞു.
”പണ്ഡിറ്റ് നെഹ്റു, താങ്കളുടെ കുടുംബവും പാര്‍ട്ടിയും എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിക്കുന്നു. എന്നാല്‍ ജനങ്ങളുടെ വികസനമെന്ന താങ്കളുടെ നിറവേറ്റപ്പെടാത്ത ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് തുടക്കമിടാനാണ് താങ്കളുടെ ജന്മദിനത്തില് ഞാനിവിടെയെത്തിയത്”. ഗാസിപ്പൂരില്‍ റാലിയില്‍ മോദി പറഞ്ഞു. ഇവിടെ കൊല്‍ക്കത്തക്കുള്ള ശബ്ദ് ഭേദി എക്സ്പ്രസ് ട്രെയിന്‍ മോദി ഉദ്ഘാടനം ചെയ്തിരുന്നു.
ഗാസിപൂര്‍ എംപിയായിരുന്ന വിശ്വനാഥ് സിംഗ് ഗമാരി തന്റെ നാട്ടിലെ ദുരിതം പാര്‍ലമെന്റില്‍ വിവരിച്ചിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ പഠിക്കാന്‍ നെഹ്റു കമ്മറ്റിയെ നിയോഗിച്ചു. നെഹ്റുവിന് ശേഷം നിരവധി പ്രധാനമന്ത്രിമാരുണ്ടായി. ഉത്തര്‍ പ്രദേശില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒന്‍പതാമത്തെ പ്രധാനമന്ത്രിയാണ് ഞാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെയോ കുടുംബങ്ങളിലെയോ ഒരാളും റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് നെഹ്റുവിന്റെ ജന്മദിനത്തില് വാഗ്ദാനം ചെയ്യുന്നു. ഇത് നെഹ്റുവിനുള്ള തന്റെ ആദരാഞ്ജലിയാണ്. പദ്ധതിയുടെ ഉദ്ഘാടനത്തിന് അദ്ദേഹത്തിന്റെ ജന്മദിനം തെരഞ്ഞെടുത്തത് മനഃപ്പൂര്‍വ്വമാണെന്നും നെഹ്റുവിന്റെ സ്വപ്നങ്ങള്‍ യാഥാര്ത്ഥ്യമാക്കാതിരുന്നവര് തുറന്നുകാട്ടപ്പെടണമെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: