ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ശക്തവും വിപ്ലവകരവുമായ തീരുമാനമാണെന്ന് അഴിമതിവിരുദ്ധ സമരനായകന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചത് കള്ളപ്പണത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുക്കുന്ന നടപടികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ്.
വിപ്ലവകരമായ ഈ ചുവടുവെയ്പ് കള്ളപ്പണത്തെയും അഴിമതിയെയും ഭീകരവാദത്തെയും വന്‍തോതില്‍ തടയുമെന്ന് ഹസാരെ അഭിപ്രായപ്പെടുന്നു. ഇതിനുമുന്പുള്ള സര്‍ക്കാരുകള്‍ കള്ളപ്പണത്തെ നേരിടാനുള്ള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോഴെടുത്തിരിക്കുന്ന നടപടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കലായിരിക്കണം അടുത്ത നടപടിയെന്നും അദ്ദേഹം പറയുന്നു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളെ അസാധുവാക്കി കള്ളപ്പണത്തെയും ഭീകരവാദത്തെയും നേരിടാനുറച്ച നരേന്ദ്ര മോദിയുടെ ചോരക്കുവേണ്ടി ദാഹിക്കുന്നവരുടെ തനിനിറം തുറന്നുകാട്ടുന്നതാണ് ഹസാരെയുടെ വാക്കുകള്‍. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുവഴി സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് കള്ളപ്പണക്കാര്‍ക്കെതിരായ നടപടികളില്‍നിന്ന് സര്‍ക്കാരിനെ പിന്മാറ്റാന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യമെമ്പാടും കോലാഹലമുയര്ത്തുമ്പോഴാണ് മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്ന നിലപാട് അണ്ണാ ഹസാരെ സ്വീകരിച്ചിട്ടുള്ളത്.
ഹസാരെയുടെ സത്യസന്ധവും രാജ്യസ്നേഹനിര്ഭരവുമായ വാക്കുകള്‍ പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കുന്നവര്‍ ഉള്‍ക്കൊള്ളണം. കള്ളപ്പണവേട്ട എന്തുവന്നാലും അനുവദിക്കില്ലെന്ന ആക്രോശവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തുവന്നിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ പേരിലാണ് ഇവര്‍ ആണയിടുന്നതെങ്കിലും ഇവരുടെ ഉദ്ദേശ്യമെന്തെന്ന് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ അറിയാം.
ജനാധിപത്യപ്രക്രിയയെ അട്ടിമറിച്ച് രാഷ്ട്രീയവിജയം കൊയ്യാന്‍ കരുതിവച്ചിട്ടുള്ള കള്ളപ്പണത്തിന് കടലാസിന്റെ വിലപോലും ഇല്ലാതായതാണ് ഈ നേതാക്കളെ ക്രുദ്ധരാക്കിയിട്ടുള്ളത്. പൊതുജനങ്ങളില്‍നിന്ന് പിരിക്കുന്ന പത്തുരൂപയുടെ കണക്കുപോലും പരസ്യപ്പെടുത്തുമെന്ന് വീരവാദം മുഴക്കിയ അരവിന്ദ് കേജ്രിവാള് മുഖ്യമന്ത്രിയായതോടെ എല്ലാം വിസ്മരിച്ചു. അഴിമതിയുടെ ചെളിക്കുണ്ടായി കേജ്രിവാളിന്റെ പാര്‍ട്ടി മാറിയിരിക്കുകയാണ്. പാര്‍ട്ടി വിട്ട നിരവധി സഹപ്രവര്‍ത്തകര്‍ പോലും കേജ്രിവാളിന്റെയും കൂട്ടാളികളുടെയും അഴിമതികളിലേക്ക് വിരല്‍ചൂണ്ടുകയുണ്ടായി. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് അധികാരത്തില്‍ തുടരുകയാണ് അണ്ണാ ഹസാരെയുടെ ശിഷ്യനെന്ന് മേനി നടിക്കുന്ന ഈ അവസരവാദി.
കള്ളപ്പണത്തോട് യാതൊരു വിയോജിപ്പും ഇല്ലാത്തയാളാണ് മമതാ ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും മമത വന്‍തോതില്‍ കള്ളപ്പണം ഒഴുക്കിയെന്ന് ആരോപണമുയരുകയുണ്ടായി. മമത ഭരിക്കുന്ന ബംഗാളിലെ മാള്‍ഡ കള്ളപ്പണത്തിന്റെ താവളവുമാണ്. ഇതൊക്കെ അറിയാവുന്ന ജനങ്ങള്‍ മോദി സര്‍ക്കാരിനെതിരായ അവരുടെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില പോലും കല്പ്പിക്കില്ല. കള്ളപ്പണത്തിനെതിരായ നടപടിയുടെ പേരില്‍ മോദിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം ഒറ്റപ്പെടുന്നതാണ് ഒടുവില്‍ കാണുന്നത്. മമതയും കേജ്രിവാളും തരംതാണ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മോദിയുടെ ബദ്ധശത്രുവെന്ന് കരുതപ്പെടുന്ന നിതീഷ്കുമാര്‍ കള്ളപ്പണത്തെ നേരിടുന്ന കാര്യത്തില്‍ മോദിക്ക് ആവര്‍ത്തിച്ച് പിന്തുണ അറിയിക്കുകയാണ്. ഉറിയില്‍ പാക്കിസ്ഥാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതല്‍ പേര് ബാങ്കുകള്‍ക്കു മുന്നില്‍ വരിനിന്ന് മരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ദേശസ്നേഹം തൊട്ടുതെറിക്കാത്ത വിധത്തില്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവായതോടെ ജമ്മുകശ്മീരില്‍ വിഘടനവാദികള്‍ നടത്തിക്കൊണ്ടിരുന്ന കല്ലേറ് അവസാനിച്ചിരിക്കുകയാണ്. ഭീകരവാദവും കള്ളപ്പണവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഇത്. എന്നാല്‍ ഇതിനുനേരെ ആസാദിനെപ്പോലുള്ളവര്‍ കണ്ണടക്കുകയാണ്.
ഇപ്പോഴത്തെ നടപടിയുടെ ഭാഗമായി സാധാരണക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമ്മതിച്ചിട്ടുള്ളതുമാണ്. ഡിസംബര്‍ 30 വരെ തന്നോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ ഇതിനകം കാര്യങ്ങളൊക്കെ അലങ്കോലമാക്കി ഇപ്പോഴത്തെ നടപടികളില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്നാണ് പ്രതിപക്ഷകക്ഷികള്‍ വ്യാമോഹിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കൊപ്പം ജനങ്ങളില്ലെന്ന് ഇവര്‍ മനസിലാക്കുന്നില്ല. അഴിമതിയുടെ ദുരന്തഫലം അനുഭവിക്കുന്ന ജനങ്ങള്‍ മോദിക്കു പിന്നിലാണ്. മോദിയെ വിമര്‍ശിച്ച അരവിന്ദ് കേജ്രിവാൡനും രാഹുല്‍ഗാന്ധിക്കും കിട്ടിയ ശകാരങ്ങള്‍ ഇതിന് തെളിവാണ്. ആരൊക്കെ എങ്ങനെയൊക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും തീരുമാനത്തില്‍നിന്ന് മോദിസര്‍ക്കാര്‍ പിന്മാറില്ല. വിജയംവരെ മുന്നേറുകയെന്നതാണ് മോദിയുടെ നയം. കള്ളപ്പണക്കാര്ക്കെതിരെയാവുമ്പോള് മോദിസര്‍ക്കാരിന്റെ പ്രഹരശേഷി വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: