”തെരെഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ ചിത്രം കിട്ടണമെങ്കില്‍ അനില്‍ മാധവ് ദവെയെ കാണണം” 2013 ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ജന്മഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഭോപ്പാലിലെത്തിയപ്പോള്‍ ആര്‍എസ്എസ് അഖിലേന്ത്യാ സഹബൗദ്ധിക് പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു, ദവെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അവസരവും ഒരുക്കി.
ഭോപ്പാല്‍ ശിവജിനഗറിലെ ‘നദി ഭവന’ (നദീ കാ ഖര്) അല്‍ എത്തിയത് രാത്രി 8 മണിക്കാണ്. ‘നര്‍മ്മദ സമഗ്ര’ എന്ന സന്നദ്ധസംഘടനയുടെ ആസ്ഥാനമാണ് അത്. നദീസംരക്ഷണം ജീവിതവ്രതമാക്കിയ അനില്‍ ദവെയുടെ ഓഫീസും വീടും എല്ലാമാണത്.
ജന്മഭൂമിയെക്കുറിച്ചും കേരളത്തെക്കുറിച്ചുമെല്ലാം നന്നായി അറിയാവുന്ന ദവെ ആദ്യം ചോദിച്ചത് നിള നദിയെക്കുച്ച്. ഭാരതപ്പുഴ സംരക്ഷണത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെ സ്മരണ പങ്കുവച്ചു. അതുസംബന്ധിച്ച് ‘ജന്മഭൂമി’യില്‍ നല്ല രീതിയില്‍ ചിത്രവും വാര്‍ത്തയും വന്നകാര്യവും ദവേ പറഞ്ഞു. സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ആദര്‍ശ പ്രചരണത്തിന് ‘മാധ്യമം’ കൂടിയേ കഴിയൂ എന്ന് ഉറച്ചവിശ്വാസമായിരുന്നു അദ്ദേഹത്തിന്.
തെരഞ്ഞെടുപ്പിനെക്കുറിച്ചും ബിജെപിയുടെ വിജയത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വിലയിരുത്തല്‍ കിറുകൃത്യമാണെന്ന് മനസ്സിലായി( തെരഞ്ഞെടുപ്പുഫലം അത് വ്യക്തമാക്കുകയും ചെയ്തു)ി. മധ്യപ്രദേശില്‍ വീണ്ടും ബിജെപി ജയിക്കുമെന്ന് ഉറപ്പിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാകാന്‍ ആത്മവിശ്വാസം വന്നത് ദവെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ‘വിജയതന്ത്രജ്ഞന്‍’ എന്ന വിളിപ്പേര് അമിത്ഷായ്ക്ക് മുന്‍പ് പതിച്ചുകിട്ടിയ ആളാണ് അനില്‍ ദവെ.
2003 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി സ്ഥാനാര്‍ത്ഥി നിര്‍ണയം, ബൂത്ത് പ്രവര്‍ത്തനം, പ്രചരണം തുടങ്ങി മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കിയത് ദവെയായിരുന്നു. ഭോപ്പാല്‍ വിഭാഗ് പ്രചാരകനായിരുന്ന ദവെയെ ഇതിനായി ആര്‍എസ്എസ് നിശ്ചയിക്കുകയായിരുന്നു. ബിജെപി വന്‍ ജയം നേടി. ഉമാഭാരതി മുഖ്യമന്ത്രിയും. ഉമാഭാരതിയുടെ രാഷ്ട്രീയ ഉപദേശകനായി ദവേ നിയമിക്കപ്പെട്ടു.2008, 2013 നിയമസഭാ തെരഞ്ഞെടുപ്പിലും 2004, 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും അനില്‍ ദവേയായിരുന്നു കര്ട്ടന് പിന്നില്‍ നിന്ന് ബിജെപിയുടെ വിജയ രഹസ്യം രൂപപ്പെടുത്തിയത്.
രാഷ്ട്രീയ നര്‍മ്മദയാണ് തന്റെ മനസ്സിലെന്ന് അഭിമുഖത്തിലുടനീളം ദവെ തെളിയിച്ചു. ആകാശം, ഭൂമി, വെള്ളം എന്നീ മൂന്നു മാധ്യമങ്ങളിലൂടെയും നര്‍മ്മദയെ അടുത്തറിഞ്ഞ ദവെയ്ക്ക് ആശങ്കയും ഈ നദിയെക്കുറിച്ചായിരുന്നു.പൈലറ്റായിരുന്ന ദവെ നര്മ്മക്കയുടെ ഉത്ഭവം മുതല്‍ അഴിമുഖം വരെ വിമാനം പറത്തി. 19 ദിവസം കൊണ്ട് നദിയിലൂടെ പൂര്‍ണമായും യാത്ര ചെയ്തു. നദീതടങ്ങളിലെല്ലാം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് നദീസംരക്ഷണത്തിന് ജനകീയ പ്രതിരോധവും ഉണ്ടാക്കി കേരളത്തിലെ പി.പരമേശ്വര്‍ജിയുടെ മധ്യപ്രദേശ് പതിപ്പായിട്ടാണ് എനിക്ക് അനില്‍കുമാര്‍ ദവെയെ തോന്നിയത്. ഉജ്ജനി സന്ദര്‍ശിച്ചിട്ടേ പോകാവൂ എന്ന് പറഞ്ഞാണ് ഉജ്ജനിക്കാരനായ ദവെ എന്നെയാത്രയാക്കിയത്.
കഴിഞ്ഞവര്‍ഷം ദല്‍ഹിയില്‍ ‘ജന്മഭൂമി’ കോണ്‍ക്ലേവ് നടക്കുമ്പോഴാണ് അനില്‍ ദവെയുമായി വീണ്ടും ബന്ധപ്പെടുന്നത്. പരിപാടിയില്‍ വരുന്ന കേന്ദ്രമന്ത്രിമാരുടെ കാര്യത്തില്‍ അവസാനം വരെ അനിശ്ചിതത്വം ഉണ്ടായിരുന്നു. നിളാ നദീസംരക്ഷണച്ചുമതലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ‘ജന്മഭൂമി’ കോഴിക്കോട് യൂണിറ്റ് മാനേജര്‍ വിപിനുമായി അനില്ദവേക്ക് അടുത്തബന്ധം ഉണ്ടായിരുന്നു. അത് പ്രയോജനപ്പെടുത്തി. തീര്‍ച്ചയായും വരാമെന്ന് ഉറപ്പുംവാങ്ങി.
ആറന്മുള വിമാനത്താവളത്തിന് കേന്ദ്രം അനുമതി നല്‍കുമെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന ദിവസമായിരുന്നു ‘ജന്മഭൂമി’ കോണ്‍ക്ലേവ്. അതുകൊണ്ടുതന്നെ മലയാള മാധ്യമ പ്രതിനിധികളെല്ലാം കേന്ദ്രവനംപരിസ്ഥിതി മന്ത്രിയുടെ മറുപടിയുമായി എത്തിയിരുന്നു. കുമ്മനം രാജശേഖരനെ സാക്ഷിനിര്‍ത്തി അനില്‍ ദവെ ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കി.
ആറന്മുളയിലെ വിവാദ വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും പാരിസ്ഥിതിക പഠനം നടത്താനുള്ള വിദഗ്ധസമിതി ശുപാര്‍ശ തള്ളുമെന്ന് ദവെ അറിയിച്ചു. പാരിസ്ഥിതികാഘാത പഠന സമിതിയുടെ ശുപാര്‍ശ വനംപരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറന്മുള വിമാനത്താവളത്തിനെതിരായ പോരാട്ടം വിജയിച്ചുവെന്ന് കുമ്മനത്തിന് ഉറപ്പായതും ദവെയുടെ അന്നത്തെ പ്രസ്ഥാവനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: