ഇടുക്കി: കൊടുംകാട്ടില്‍ കുരിശ് സ്ഥാപിച്ചു. അടിമാലി വാളറ ആറാംമൈല്‍ ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍പ്പെട്ട പഴമ്പിള്ളിച്ചാല്‍ മാമലക്കണ്ടം ഭാഗത്താണ് കാടിനുള്ളില്‍ കുരിശ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റില്‍ തീര്‍ത്ത കുരിശാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് കുരിശ് വച്ചതെന്നാണ് വിവരം.
കുരിശ് വച്ച വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും രഹസ്യമാക്കിവയ്ക്കുകയായിരുന്നു. അടുത്തിടെ പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രീന്‍ കെയര്‍ കേരളയുടെ ജില്ലാ സെക്രട്ടറിയുമായ ബുള്‍ബേന്ദ്രനാണ് കൊടുംവനത്തിലെ ഭൂമി കൈയേറ്റവും കുരിശും കണ്ടെത്തിയത്. വൈകാതെ തന്നെ ജില്ലാകളക്ടര്‍, നേര്യമംഗലം വനംവകുപ്പ് ഓഫീസ്, ദേവികുളം ആര്‍ഡിഒ, ഡെപ്യൂട്ടി റെയ്ഞ്ചര്‍ ആറാം മൈല്‍ എന്നിവര്‍ക്ക് പരാതി നല്കി.
റോഡ് നിരപ്പില്‍ നിന്ന് 500 അടി ഉയരത്തിലുള്ള പാറക്കെട്ടില്‍ സ്ഥാപിച്ചിരുന്ന കുരിശിന്റെ ചിത്രം സഹിതമാണ് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി ഇപ്പോഴും പൂഴ്ത്തിവച്ചിരിക്കുകയാണ്. രാഷ്ട്രീയ ഇടപെടലാണ് കുരിശ് നീക്കാത്തതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: