ചെന്നൈ: ഇംഗ്ലീഷ് ബാറ്റിങ് കരുത്തിന് കെ.എല്‍. രാഹുലിലൂടെ ഇന്ത്യന്‍ മറുപടി. ഇരട്ട ശതകത്തിന് ഒരു റണ്‍ അകലെ (199) മടങ്ങിയെങ്കിലും അവസാന ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍. രാഹുലിന് തുണയായി പാര്‍ഥിവ് പട്ടേലും (71), കരുണ്‍ നായരും (71 നോട്ടൗട്ട്) പൊരുതിയപ്പോള്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സില്‍. ആറു വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനെ മറികടക്കാന്‍ 86 റണ്‍സ് കൂടി വേണം. എം. വിജയ് (17) കരുണിന് കൂട്ട്.
വിക്കറ്റ് നഷ്ടമില്ലാതെ 60 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ പരീക്ഷിക്കാന്‍ സന്ദര്‍ശക ബൗളര്‍മാര്‍ക്കായില്ല. നൂറ്റമ്പതിനപ്പുറം നീണ്ട രണ്ട് കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് തുണയായത്. രണ്ടിലും രാഹുല്‍ പങ്കാളി. ആദ്യ വിക്കറ്റില്‍ പാര്‍ഥിവിനൊപ്പം 152 റണ്‍സും, മൂന്നാം വിക്കറ്റില്‍ കരുണിനൊപ്പം 161 റണ്‍സും ചേര്‍ത്തു. 112 പന്തില്‍ ഏഴു ബൗണ്ടറികള്‍ നേടിയ പാര്‍ഥിവിനെ മടക്കി മോയിന്‍ അലി ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും മുതലാക്കാനായില്ല സന്ദര്‍ശകര്‍ക്ക്. പിന്നീടെത്തിയ ചേതേശ്വര്‍ പൂജാരയും (16), വിരാട് കോഹ്ലിയും (15) വേഗത്തില്‍ മടങ്ങിയത് ആശങ്കയുയര്‍ത്തിയെങ്കിലും മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുണ്‍ നായരില്‍ മികച്ച പങ്കാളിയെ കിട്ടി രാഹുലിന്.
അതിനിടെ, കരിയറിലെ നാലാം ടെസ്റ്റ് സെഞ്ചുറി കുറിച്ചു 12ാം ടെസ്റ്റ് കളിക്കുന്ന കര്‍ണാടക താരം. ഒടുവില്‍ ഇരട്ട ശതകത്തിന് ഒരു റണ്‍ അകലെ റഷീദിന് ഇരയായി മടങ്ങുമ്പോഴേക്കും കരിയറിലെ ഉയര്‍ന്ന സ്കോറും കുറിച്ചു. 311 പന്തില്‍ 16 ഫോറും മൂന്നു സിക്സറും പറത്തിയാണ് രാഹുല്‍ ചെപ്പോക്കിലെ താരമായത്.
ആദ്യ ടെസ്റ്റുകളില്‍ പരാജയമായ മറുനാടന്‍ മലയാളിയായ കരുണ്‍, നായകന് അര്‍പ്പിച്ച വിശ്വാസം കാത്തു. കര്‍ണാടകത്തിനായി രാഹുലിനൊപ്പം ഒട്ടേറെ ഇന്നിങ്സുകള്‍ കെട്ടിപ്പടുത്ത കരുണ്‍ ഇന്നലെയും പ്രകടനം ആവര്‍ത്തിച്ചു. 136 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് ഈ മലയാളി താരം 71 റണ്‍സെടുത്തത്. സ്റ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, ബെന്‍ സ്റ്റോക്സ്, ആദില്‍ റഷീദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് 477
ഇന്ത്യ ഒന്നാമിന്നിങ്സ്
കെ.എല്‍. രാഹുല്‍ സി ബട്ലര് ബി റഷീദ് 199, പാര്‍ഥിവ് പട്ടേല്‍ സി ബട്ലര് ബി അലി 71, ചേതേശ്വര്‍ പൂജാര സി കുക്ക് ബി സ്റ്റോക്സ് 16, വിരാട് കോഹ്ലി സി ജെന്നിങ്സ് ബി ബ്രോഡ് 15, കരുണ്‍ നായര്‍ നോട്ടൗട്ട് 71, എം. വിജയ് നോട്ടൗട്ട് 17, എക്സ്ട്രാസ് 2, ആകെ 108 ഓവറില്‍ 4 വിക്കറ്റിന് 391.
വിക്കറ്റ് വീഴ്ച: 1-152, 2-181, 3-211, 4-372.
ബൗളിങ്: സ്റ്റുവര്‍ട്ട് ബ്രോഡ് 18-4-46-1, ജേക്ക് ബാള്‍ 15-1-50-0, മോയിന്‍ അലി 24-1-96-1, ബെന്‍ സ്റ്റോക്സ് 9-1-37-1, ആദില്‍ റഷീദ് 17-0-76-1, ലിയാം ഡ്വാസണ് 23-3-72-0, ജോ റൂട്ട് 2-0-12-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: