തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം. അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ വരിനില്‍ക്കുന്നതിനിടെ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു.
2017-18 സാമ്പത്തികവര്‍ഷം മുതല്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള വകുപ്പുതല വര്‍ക്കിങ് ഗ്രൂപ്പിന്റെ അധികാരപരിധി നിലവിലുള്ള 5 കോടി രൂപയില്‍നിന്നും 10 കോടി രൂപയായി ഉയര്‍ത്തി. 10 കോടി രൂപാവരെ ചെലവ് വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് വകുപ്പുതല കര്മസമിതികളേയും 10 കോടിക്കുമുകളില്‍ ചെലവുവരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്കാന് പ്രത്യേക കര്‍മസമിതിയേയും ചുമതലപ്പെടുത്തി.
കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യവസായമന്ത്രി എ.സി.മൊയ്തീന് കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ. കെ.ബാലന്, പ്രൊഫ.സി രവീന്ദ്രനാഥ്, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ.ശശീന്ദ്രന്, അഡ്വ.മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരന് എന്നിവര്‍ സമിതി അംഗങ്ങളാണ്.
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ഗവ.സെന്‍ട്രല്‍ ഹൈസ്കൂളിന്റെ കൈവശമുള്ള ഭൂമിയില്‍ ട്രിഡ മുഖേന ബസ്ബേ, ഷോപ്പിങ് കോംപ്ലക്സ് എന്നിവ നിര്‍മിക്കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഉത്തരവും മന്ത്രിസഭാ യോഗം റദ്ദാക്കി. തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒരു ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയും സൃഷ്ടിച്ചു.
അമ്പലപ്പുഴ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഒരു അധ്യാപക തസ്തിക സൃഷ്ടിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സുവോളജി വിഭാഗത്തില്‍ രണ്ട് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: