ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ മുസ്ലിം പ്രാതിനിധ്യമുണ്ടാകുമെന്ന് കേന്ദ്രവാര്‍ത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. വിജയിച്ച ബിജെപി എംഎല്‍എമാരില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ആരുമില്ലാത്തതിനാല്‍ എംഎല്‍സി(ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം)മാരില്‍ ഒരാളെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം.
നിയമസഭയിലേക്ക് മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാവാതെ വന്നത് പാര്‍ട്ടിക്ക് സംഭവിച്ച പിഴവായിരുന്നില്ലെന്നും വെങ്കയ്യ വ്യക്തമാക്കി. അതൊരു ദൗര്‍ബല്യമായിരുന്നു. വിജയ സാധ്യതയുള്ള ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല, വെങ്കയ്യ പറഞ്ഞു.
എന്നാല്‍ യുപി തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ മുസ്ലിം വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ വിജയിക്കാന്‍ സാധിച്ചത് ഇതിന്റെ തെളിവാണ്. മുത്തലാക്ക് വിഷയത്തില്‍ ബിജെപി സ്വീകരിച്ച നിലപാട് മുസ്ലിം സ്ത്രീകളുടെ വോട്ട് സമാഹരിക്കാന്‍ സഹായിച്ചു. പ്രത്യേകിച്ചും മുസ്ലിം യുവതികള്‍ വലിയ തോതില്‍ ബിജെപിക്കൊപ്പം നിന്നു, വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.
യുപിയുടെ ചരിത്രത്തില്‍ ഇത്രയധികം സ്ത്രീകള്‍ നിയമസഭയിലെത്തിയതും ഇതാദ്യമാണ്. 1985ല്‍ 31 സ്ത്രീകള്‍ എംഎല്എമാരായതാണ് ഇതിന് മുമ്പ് വലിയ സ്ത്രീ പ്രാതിനിധ്യം വന്നത്. എന്നാല്‍ ഇത്തവണ 32 സ്ത്രീകള്‍ വിജയിച്ചുകയറി. യുപിയിലെ ചരിത്ര വിജയത്തിന് ശേഷം നടന്ന വിജയാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പുതിയ ഇന്ത്യയുടെ ഉദയം എന്നത് വിവിധ ജനവിഭാഗങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിച്ചതുമായി ബന്ധിപ്പിക്കേണ്ടതാണ്.
ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വത്യാസങ്ങള്ക്കുപരിയായി സമൂഹത്തിലെ എല്ലാവിഭാഗവും ബിജെപിയെ പിന്തുണച്ചെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുപിയില്‍ രൂപീകരിക്കുന്ന സര്‍ക്കാര്‍ എല്ലാവരേയും പ്രതിനിധീകരിക്കുന്നതാവുമെന്ന മോദിയുടെ വാക്കുകളും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: