തിരുവനന്തപുരം: സൈബര്‍ സുരക്ഷയ്ക്ക് സംഘടിപ്പിച്ച അന്താരാഷ്ട്ര കൊക്കൂണ്‍ സമ്മേളനത്തില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. 2016 ആഗസ്റ്റ് 18, 19 തീയതികളിലായി കൊല്ലത്തെ സ്വകാര്യ നക്ഷത്ര റിസോര്‍ട്ടിലാണ് ചില സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ കേരള പോലീസിലെ ഒരുവിഭാഗം ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചത്. നടത്തിപ്പില്‍ വ്യാപകക്രമക്കേടും ധൂര്‍ത്തും ആഢംബരവും പാഴ്ച്ചെലവുമുണ്ടായെന്നാണ് വിജിലന്‍സ് മുന്‍ ഇന്റലിജന്‍സ് എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സമ്മേളനത്തിനുള്ള എല്ലാ സൗകര്യങ്ങളും തലസ്ഥാനനഗരിയിലുണ്ടായിട്ടും അയല്‍ ജില്ലയായ കൊല്ലത്തെ പ്രമുഖ റിസോര്‍ട്ടിലേക്ക് മാറ്റിയത് ദുരൂഹമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2,97,500 രൂപ മുടക്കി 85 മുറികള്‍ ഇവിടെ വാടകയ്ക്കെടുത്തത് പണം തട്ടിക്കാനാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടി അല്ലാതിരുന്നിട്ടും പോലീസ് വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിശിഷ്ടാതിഥികളെ കൊല്ലത്തേക്കും തിരിച്ചും കൊണ്ടുവരാന്‍ യാത്രാച്ചെലവിനത്തില്‍ ലക്ഷങ്ങള്‍ പാഴാക്കി. ഇതിനു പുറകില്‍ വമ്പന്‍ അഴിമതി നടന്നു. ഇതില്‍ പങ്കെടുത്ത വിദേശപ്രതിനിധികളെക്കുറിച്ചും വിശദമായ അന്വേഷണം വേണം. സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്മാന് ഐജി മനോജ് എബ്രഹാമിനെതിരെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുകളുണ്ട്.
കഴിഞ്ഞ നവംബറിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാലിതുവരെയും നടപടി എടുത്തിട്ടില്ല. 400 പ്രതിനിധികള്‍ പങ്കെടുത്ത കൊക്കൂണ്‍ ഉദ്ഘാടനം ചെയ്തത് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തില്‍ പങ്കെടുത്തു. ഹൈടെക് സെല്‍ ഡിവൈഎസ്പിയായിരുന്ന ഉദ്യോഗസ്ഥന് അവതാരകയെ കടന്നുപിടിച്ചെന്ന പരാതിയെത്തുടര്‍ന്ന് സമ്മേളനം വന്‍വിവാദത്തിലാണ് അവസാനിച്ചത്. മാത്രമല്ല സമ്മേളനത്തില്‍ യഥേഷ്ടം മദ്യസത്കാരം നടന്നെന്ന എക്സൈസ് കമ്മീഷണറുടെ പരാതിയും വിവാദത്തിന് കൊഴുപ്പുകൂട്ടി. സമ്മേളനവുമായി പോലീസിന് നേരിട്ട് ബന്ധമില്ലെന്നും ഇതിന്റെ ഫണ്ടിംഗ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് വഴിയല്ല നടന്നതെന്നും തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു.
പോലീസുദ്യോഗസ്ഥരുടെ പരിശീലനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ കോടികളുടെ ഫണ്ടാണ് ധൂര്‍ത്തടിച്ചത്. വിരലിലെണ്ണാവുന്ന ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതല്ലാതെ സമ്മേളനത്തില്‍ കാര്യമാത്രപ്രസക്തമായ യാതൊന്നും ഉണ്ടായില്ല. ഐടി കമ്പനികളുടെ ഒത്തുചേരലും ചില കച്ചവടധാരണകളുമാണ് സമ്മേളനത്തിന്റെ ബാക്കിപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: