ചങ്ങരംകുളത്ത് നിന്ന് പിടികൂടിയ 50 ലക്ഷത്തിന്റെ കുഴല്‍പ്പണം
മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്നായി 1.3 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചു. കൊളത്തൂരില്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാഹനപരിശോധനയില്‍ 80.8 ലക്ഷം രൂപയും, ചങ്ങരംകുളം എസ്ഐയുടെ നേതൃത്വത്തില്‍ പാവിട്ടപ്പുറത്ത് നടത്തിയ പരിശോധനയില്‍ 50 ലക്ഷവും പിടികൂടി. മുഴുവന്‍ രണ്ടായിരം രൂപയുടെ നോട്ടുകളാണ്.
ചങ്ങരംകുളം സംസ്ഥാന പാതയില്‍ നിന്നാണ് 50 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയിലായത്. ചങ്ങരംകുളം ഒതളൂര്‍ സ്വദേശി കോതളങ്ങര അഷറഫ്(44), പുലാമന്തോള്‍ വളപുരം സ്വദേശി കൂട്ടപ്പിലാവില്‍ മുഹമ്മദ് ഷിയാസ്(31) എന്നിവരാണ് അറസ്റ്റിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ വളയംകുളത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് മഹാരാഷ്ട്ര രജിസ്ട്രേഷന് കാറില്‍ നിന്ന് പണം പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ പണത്തിന്റെ ഉറവിടം കണ്ടെത്താല്‍ കഴിയൂയെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: