ക്ഷമയ്ക്കും ഒരതിരുണ്ട്. അത് ആരായാലുംകൊള്ളാം. ഡൊണാള്‍ഡ് ട്രംപിന് അതിരു വിടുന്നത് ഒട്ടും ഇഷ്ടപ്പെട്ട കാര്യമല്ല. അത്തരം വിഷയങ്ങള്‍ നേരിട്ട് തെരഞ്ഞെടുപ്പിനു മുന്‍പും പിന്നീടും കക്ഷി തുറന്നു പറഞ്ഞതാണ്. ഒരു പക്ഷേ ഈ തുറന്നു പറച്ചില്കൊണ്ടുകൂടിയാകണം ട്രംപ് വിജയിച്ചതും. എന്തായാലും താന്‍ ഒബാമയെപ്പോലെയായിരിക്കില്ലെന്ന് ബോധ്യപ്പെടുത്തിയിരുന്നു.
അങ്ങനെ ട്രംപും കളി തുടങ്ങി. ഇപ്പോഴാണ് തനി അമേരിക്കന്‍ പ്രസിഡന്റായത്.ലോകത്തിന്റെ പോലീസ് എന്നുകൂടി വിളിപ്പേരുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് യുദ്ധം എന്നും സ്വത്വം സ്ഥാപിച്ചെടുക്കാനുള്ള വഴിയും കൂടിയാണല്ലോ.ഇക്കഴിഞ്ഞ വ്യാഴാഴ്ച സിറിയയില്‍ അമേരിക്ക മിസൈല്‍ വിന്യസിച്ചുകൊണ്ട് ട്രംപിന്റെ ആദ്യയുദ്ധ വീര്യത്തിന്റെ കൂര്‍മുന പാഞ്ഞു.വര്‍ഷങ്ങളായി സിറിയയില്‍ തുടര്‍ന്നു വരുന്ന ആഭ്യന്തര കലാപത്തില്‍ അഞ്ചു ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ നാലിന് വിമത പോരാളികളില്‍ നിന്ന് അവര്‍ കൈവശം വച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശം പിടിച്ചെടുക്കാന്‍ വേണ്ടി പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം പ്രയോഗിച്ച രാസായുധത്തില്‍ കുട്ടികളടക്കം 80പേരാണ് ശ്വാസം മുട്ടിയും മറ്റും മരിച്ചത്.ആ പ്രദേശമാകെ ഒന്നും കാണാനാകാത്ത വിധം വിഷപ്പുക പരന്നിരുന്നു.ഇതിന്റെയെല്ലാം ദാരുണ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടിരുന്നു.
ഇതിനെത്തുടര്‍ന്നാണ് അമേരിക്ക സിറിയയില്‍ മിസൈല്‍ പ്രയോഗിച്ചത്.ഇതിനെതിരെ സിറിയക്കൊപ്പം നില്ക്കുന്ന റഷ്യയും ഇറാനും പ്രതിഷേധിച്ചിട്ടുണ്ട്.
ഇത്രയും നാള് സിറിയയുടെ ആഭ്യന്തര പ്രശ്നം എന്ന രീതിയില്‍ മാത്രമായിരുന്നു അമേരിക്കയുടെ നിരീക്ഷണം.രാസായുധം പ്രയോഗിച്ചതോടെ അമേരിക്കയുടെ പിടിവിട്ടു.രാസായുധം ഇനിയും പ്രയോഗിച്ചാല്‍ വീണ്ടും തക്കതായ രീതിയില്‍ ഇടപെടുമെന്നാണ് അമേരിക്കയുടെ ഭീഷണി.
അതുപോലെ തിരിച്ചടി ഉണ്ടാവുമെന്ന് റഷ്യ അമേരിക്കയ്ക്കു താക്കീതു നല്‍കിക്കഴിഞ്ഞു.ഇങ്ങനെപോയാല്‍ രണ്ടു വന്‍ ശക്തികള്‍ ശത്രുക്കളായി നേതൃത്വം നല്കുന്ന വലിയൊരു യുദ്ധംകൂടി ഉണ്ടാവുമോയെന്നും ആശങ്കപ്പെടുന്നവരുണ്ട്.
ഇതിനിടയില്‍ ഉത്തരകൊറിയയ്ക്കും അമേരിക്ക താക്കീതു നല്‍കിക്കഴിഞ്ഞു.
തുടര്‍ച്ചയായി ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇനിയും ഇതു തുടരരുതെന്നുംകൂടി താക്കീതുണ്ട്. ഇതൊക്കെ പറഞ്ഞു മനസിലാക്കാന്‍ ചൈനയെ അമേരിക്ക ഉപദേശിച്ചും കഴിഞ്ഞു. എന്നാല്‍ ഇതുകണ്ടൊന്നും പേടിക്കില്ലെന്നാണ് ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്‍ വ്യക്തമാക്കിയത്. രാജ്യത്തെയും ജനങ്ങളേയും രക്ഷിക്കാന്‍ മിസൈലുകളും വേണ്ടി വന്നാല്‍ അണ്വായുധങ്ങളും പ്രയോഗിക്കാന്‍ മടിക്കില്ലെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: