ന്യൂദല്‍ഹി: ബംഗാളില്‍ പാര്‍ട്ടിയുടെ പരാജയവും ബിജെപിയുടെ വളര്‍ച്ചയും തുറന്ന് സമ്മതിച്ച് സിപിഎം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘടനാ സംവിധാനം ദുര്‍ബ്ബലമാണെന്നും പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നെന്നും സിപിഎം നേതാവും ഇടത് ചെയര്‍മാനുമായ ബിമന്‍ ബോസ് പറഞ്ഞു.
കാന്തി ദക്ഷിണ് മണ്ഡലത്തിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ബിമന്‍ ബോസിന്റെ തുറന്നു പറച്ചില്. ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് പോലും കിട്ടാതെ ദയനീയമായാണ് ഇടത്പക്ഷം പരാജയപ്പെട്ടത്. തൃണമൂല്‍ ജയിച്ചപ്പോള്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി രണ്ടാമതെത്തിയിരുന്നു.
നിരവധി സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് മാറിയെന്നും ബോസ് പറഞ്ഞു. ”കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതാണ് ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ മനസിലാകുന്നത്”. അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനെ മറികടന്ന് ബിജെപി പ്രധാന പ്രതിപക്ഷമാകുന്ന നിലയില്‍ ബംഗാളിലെ രാഷ്ട്രീയം മാറുന്നത് ഇടത്പക്ഷത്ത് പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്.
നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. മമതയോട് പരാജയപ്പെടുന്നതിനേക്കാളേറെ ബിജെപിയുടെ മുന്നേറ്റമാണ് ഇടത് പാര്‍ട്ടികളെ അസ്വസ്ഥരാക്കുന്നത്. പ്രതിപക്ഷ സ്ഥാനം ബിജെപി നേടിയാല്‍ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് സിപിഎം തിരിച്ചറിയുന്നു. നേതൃത്വത്തില്‍ അഴിച്ചുപണി ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: