മാര്‍ത്തോമ്മ വലിയ മെത്രാപ്പോലിത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് സഭാധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിക്ക് നല്കി പ്രകാശനം ചെയ്യുന്നു
തിരുവല്ല: അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന് മാര്‍ത്തോമ്മ സഭ നല്കിയ പിന്തുണ മഹത്തരമെന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി. ആരുടെയും സ്വാധീനമില്ലാതെ സഭ സ്വീകരിച്ച ഈ നിലപാട് ചരിത്രപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ്മ വലിയ മെത്രാപ്പോലിത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറാമത് ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തില്‍ അടിയുറച്ച ഭാരതീയ സംസ്കാരമാണ് മലങ്കര മാര്‍ത്തോമസഭ പിന്തുടരുന്നത്. സഭകളുടെ ദേശീയ കൗണ്‍സിലില്‍ മാര്‍ത്തോമ്മ സഭക്ക് അഭേദ്യ സ്ഥാനവുമുണ്ട്. രാജ്യത്തെമ്പാടും നിരവധി പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ഇതേ പോലെ വ്യത്യസ്തമായ ചടങ്ങില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ പ്രതിബദ്ധതയോടെ നടപ്പിലാക്കുന്നതില്‍ മാര്‍ത്തോമ്മ സഭ നടത്തുന്ന സേവനങ്ങള്‍ മാതൃകാപരമാണ്്.
പത്ത് വര്‍ഷം മുമ്പ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ നവതി ആഘോഷ പരിപാടികളില്‍ അന്ന് പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അദ്വാനി പങ്കെടുത്തിരുന്നു. അന്ന് ആശംസാ പ്രസംഗത്തില്‍ തിരുമേനിയുടെ നൂറാം ജന്മദിനത്തിലും താന്‍ എത്തുമെന്ന് അദ്വാനി ഉറപ്പ് നല്‍കിയിരുന്നു.
ജന്മദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവറിന്റെ പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ് ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തയ്ക്ക് നല്കി നിര്‍വ്വഹിച്ചു. ഭിന്നലിംഗക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നവോദയ മൂവ്മെന്റിന് തുടക്കമിട്ടു. നൂറു വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കാനും സഭ പദ്ധതിയിട്ടിട്ടുണ്ട്. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സഭാധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിന്റെ പ്രതിനിധിയും ബെയ്റൂട്ട് ആര്‍ച്ച് ബിഷപ്പുമായ മാര്‍ ക്ലിമ്മീസ് ഡാനിയേല്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്, തമിഴ്നാട് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി, സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലപ്പ്, സീനിയര്‍ വികാരി റവ. ഡോ.ചെറിയാന് തോമസ്്, സഭാ ട്രസ്റ്റി അഡ്വ.പ്രകാശ് ബി.തോമസ്് എന്നിവര്‍ പ്രസംഗിച്ചു.
മനുഷ്യനായി ജീവിക്കാന്‍ പഠിക്കണം: മാര്‍ ക്രിസോസ്റ്റം
തിരുവല്ല: മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ പഠിക്കണമെന്ന് മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പോലിത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. തനിക്ക് ദൈവ ദര്‍ശനമുണ്ടായാല്‍ താന്‍ ആദ്യം ആവശ്യപ്പെടുന്നത് ഇതാകും. മനുഷ്യത്വം നഷ്ടപ്പെട്ടവരെ മനുഷ്യരെന്ന് പറയാന്‍ കഴിയില്ല. മറ്റുള്ളവരില്‍ ദൈവത്തെ കാണാന്‍ സാധിക്കുന്നവരാണ് മനുഷ്യരെന്ന് അദ്ദേഹം പറഞ്ഞു.
നര്‍മ്മം ചാലിച്ച സ്വന്തം ശൈലിയില്‍ തന്നെയായിരുന്നു അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിന് തുടക്കമിട്ടത്. ഇക്കൂട്ടത്തില്‍ മനുഷ്യരായിട്ടുള്ളവര്‍ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടോയെന്ന തിരുമേനിയുടെ ചോദ്യം സദസിനെ കൂട്ടച്ചിരിയിലേക്ക് എത്തിച്ചു. സമൂഹത്തിലെ എല്ലാവരെയും അംഗീകരിച്ച്് ഒന്നായി പോകണം. സമുദായങ്ങള്‍ തമ്മില്‍ അകലം പാടില്ല. ജാതിമത വേര്‍തിരിവുകള്‍ പാടില്ല. എല്ലാവരും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: