പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം സംസ്കരിക്കുന്നത് മലമ്പുഴ പഞ്ചായത്തിലെ മാന്തുരുത്തി വനമേഖലയില്‍. കേരളത്തിലെ പ്രധാന ജലസ്രോതസുകളിലൊന്നായ മലമ്പുഴയുടെ പ്രഭവ കേന്ദ്രത്തിലാണ് ആശുപത്രി മാലിന്യം സംസ്കരിക്കുന്നത്. നൂറു കണക്കിന് ആശുപത്രികളിലെ സുമാര്‍ 40 ടണ്‍ മാലിന്യമാണ് നിത്യേന ലോറികളില്‍ ഇവിടെയെത്തിക്കുന്നത്. ഇമേജ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 2003ല്‍ ഈ പ്രദേശത്ത് മാലിന്യ സംസ്കരണം ആരംഭിക്കുന്നത്.ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയാണ് ഇതിന്റെ സംഘാടകര്‍. തുടക്കത്തില്‍ സമീപവാസികള്‍ ഇതിനെ ഗൗരവമായി കണ്ടിരുന്നില്ല. ലോറികളില്‍ മാലിന്യം കൊണ്ടുവരുന്നതും സംസ്കരിക്കുന്നതും മാത്രമാണ് ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നത്. പെട്രോളുപയോഗിച്ചാണ് ടണ്‍ കണക്കിന് വരുന്ന മാലിന്യം സംസ്കരിക്കുന്നത്. വന സംരക്ഷണ നിയമം അനുസരിച്ച് വനമേഖലകളില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. നിയമങ്ങളെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് തുടരുന്നത്. ജലാശയങ്ങളുടെ സമീപം പ്രത്യേകിച്ച് ഡാമുകള്‍ക്ക് പരിസരത്ത് ഇത്തരത്തിലുള്ള മാലിന്യസംസ്കരണത്തിന് അനുമതി നല്‍കുന്നത് തന്നെ നിയമ വിരുദ്ധമാണ്. മലമ്പുഴ ഡാമിലേക്കുള്ള കോരയാര്‍പ്പുഴയുടെ പ്രഭവസ്ഥാനവും ഇവിടെയാണ്.സംസ്ക്കരിക്കാന്‍ കഴിയാത്ത മാലിന്യം ഒഴുകിയെത്തുന്നത് മലമ്പുഴ ഡാമിലേക്കാണ്. പാലക്കാട് നഗരസഭയിലേയും സമീപത്തുള്ള ഏഴു പഞ്ചായത്തുകളിലേയും ജനങ്ങളുടെ കുടിവെള്ളത്തിനുള്ള ആശ്രയമാണ് മലമ്പുഴഡാം. കുടിവെള്ളത്തെ കൂടാതെ പതിനായിരക്കണക്കിനേക്കര്‍ സ്ഥലത്ത് കൃഷി ആശ്രയിക്കുന്നതും ഈ വെള്ളമാണ്. അടുത്ത കാലത്തായി കടുത്ത വേനല്‍ക്കാലത്ത് ഭാരതപ്പുഴയിലേക്ക് വെള്ളം മലമ്പുഴയില്‍ നിന്നും തുറന്നു വിടാറുണ്ട്. മരുന്നുകളിലുള്ള വിഷാംശം ജലത്തില്‍ കലരുന്നത് വിവിധ തരത്തിലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. സ്വാഭാവികമായും ഇത് കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കുന്നു.സംസ്കരണ ഫാക്ടറിയില്‍ നിന്നും പുറത്ത വിടുന്ന പുക നെല്ലിന്റെ നിറത്തെ മാറ്റുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം കൃഷിയെ ബാധിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയിന്മേല് മനുഷ്യാവകാശ കമ്മീഷന് ഇടപെടുകയും അവര്‍ക്ക് നഷ്ട പരിഹാരം നല്കാന് ഉത്തരവിടുകയും ചെയ്തിരുന്നു. ആശുപത്രി മാലിന്യങ്ങളുടെ സംസ്കരണം പ്രദേശത്തെ കൃഷിയെയും ജലലഭ്യതയെയും ബാധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിന് പരാതികളുടെ പ്രവാഹമുണ്ടായെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭരണ പരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ്.അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് വര്‍ഷങ്ങളായി ഈ പ്രവര്‍ത്തനം നടത്തുന്നത് .വിവിധ പരിസ്ഥിതി സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തുകയും നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആധുനിക-സാങ്കേതിക സംവിധാനം ഉപയോഗിച്ച് ആശുപത്രി മാലിന്യം സംസ്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: