പത്തനംതിട്ട: പമ്പാനദിയിലെ മണ്‍പുറ്റുകള്‍ നീക്കംചെയ്യാത്തത് ആറന്മുളശ്രീപാര്‍ത്ഥസാരഥിക്ഷേത്ര ചടങ്ങുകള്‍ക്ക് തടസം സൃഷ്ടിക്കുന്നു. ആറന്മുളവഴിപാട് വള്ളസദ്യ,തിരുവോണത്തോണി വരവേല്പ്,ഉത്തൃട്ടാതി വള്ളംകളി,അഷ്ടമിരോഹിണി വളളസദ്യ തുടങ്ങി ക്ഷേത്രവുമായി ബന്ധമുള്ള ആചാരാനുഷ്ഠാനചടങ്ങുകള്‍ക്കെല്ലാം പമ്പയിലെ മണ്‍പുറ്റുകള്‍ തടസ്സമാകുന്നു. ക്ഷേത്രാചാരങ്ങള്‍ സുഗമമായി നടക്കാനാവും വിധം മണ്‍പുറ്റുകള്‍ നീക്കംചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നതായും ആക്ഷേപമുയരുന്നു.
ആറന്മുള വഴിപാട് വള്ളസദ്യകള്‍ ആരംഭിക്കാന്‍ കേവലം രണ്ടുമാസം മാത്രം ശേഷിച്ചിരിക്കെ ആറന്മുള ക്ഷേത്രകടവുമുതല്‍ മുകളിലേക്ക് വ്യാപിച്ചുകിടക്കുന്ന മണ്‍പുറ്റുകള്‍ മാറ്റാന്‍ ഇറിഗേഷന്‍ വകുപ്പ് നടപടിയെടുക്കാത്തതില്‍ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പമ്പാതീരത്ത് മണ്‍പുറ്റുകള്‍ വ്യാപിച്ചുകിടക്കുന്നതുമൂലം പളളിയോടങ്ങള്‍ക്ക് ക്ഷേത്രക്കടവില്‍അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ നദിയില്‍ കൂടി പള്ളിയോടങ്ങള്‍ക്ക് അപകടഭീതിയില്ലാതെ തുഴഞ്ഞെത്താനും മണ്‍പുറ്റുകള്‍ തടസ്സമാകുന്നു. ഈ വേനല്‍കാലത്ത് മണ്‍പുറ്റുകള്‍ പൂര്‍ണമായും മാറ്റി ഉത്തൃട്ടാതി വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കാമെന്ന് ജലസേചന വകുപ്പുമന്ത്രി മാത്യു.ടി.തോമസ് പറഞ്ഞിരുന്നെങ്കിലും ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഒന്നും നടന്നില്ല.
ആറന്മുളയിലെ പുറ്റ് മാറ്റണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 8ന് ഇറിഗേഷന്‍ വകുപ്പിലെ വിദഗ്ധ സംഘം പമ്പാ നദിയില്‍ പഠനം നടത്താന്‍ എത്തിയെങ്കിലും തുടര്‍നടപടികള്‍ ഒന്നും നടന്നില്ല.കൂടാതെ ക്ഷേത്രകടവിന് കിഴക്കുവശത്ത് ഗാലറി പണിയുന്നതിനായി ഇളക്കിമാറ്റിയ മണ്ണ് ഇപ്പോഴും എടുത്തുമാറ്റാതെ നദിയില്‍ തന്നെ കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം മണ്ണ് നീക്കം ചെയ്ത ഭാഗത്താണ് ഗാലറി നിര്‍മ്മാണത്തിനായി എടുത്ത മണ്ണും കിടക്കുന്നത്. ഇതിനുമുകളില്‍ പുല്ലുകിളിര്‍ത്ത് പുറ്റുപോലെ രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം ക്ഷേത്രകടവില്‍ നിന്നും ഇറിഗേഷന്‍ വകുപ്പ് മണ്ണ് മാറ്റിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് വെറും പ്രഹസനമായിരുന്നുവെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി.ശശിധരന്‍പിള്ള പറഞ്ഞു. പുറ്റ് പൂര്‍ണമായും അന്ന് നീക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ കാര്യമായ പ്രയോജനവും കഴിഞ്ഞ വര്‍ഷം ഉണ്ടായില്ല. ഇപ്പോള്‍ ക്ഷേത്രകടവിന് മുകളില്‍ കുന്നുകൂടി കിടക്കുന്ന മണ്ണ് ഇടവപ്പാതി കാലത്ത് നീരൊഴുക്ക് ശക്തമാകുമ്പോള്‍ ഒഴുകി ക്ഷേത്രകടവിലെത്തും. ഇത്തരത്തില്‍ മണ്ണ് ഒലിച്ച് ക്ഷേത്രകടവില്‍ എത്തിയാല്‍ പള്ളിയോടങ്ങള്‍ക്ക് ആചാരപ്രകാരം ക്ഷേത്രകടവില്‍ അടുക്കാന്‍ കഴിയാതെ പോകും. തിരുവോണതോണിപോലും ക്ഷേത്രകടവിലേക്ക് അടുക്കില്ല. കൂടാതെ ഇത് അപകടങ്ങള്‍ക്കും ഇടയാക്കും.ജൂലൈ 15-നാണ് വള്ളസദ്യ വഴിപാടുകള്‍ ആരംഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കീഴ്ച്ചേരിമേല്‍ പള്ളിയോടം മണല്കൂനയില് തട്ടിമറിഞ്ഞ് രണ്ട് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പോഴത്തെ സ്ഥിതിവെച്ചുനോക്കിയാല്‍ ഈ വര്‍ഷവും മണ്‍പുറ്റ് പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പള്ളിയോട കരകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പള്ളിയോടസേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള, സെക്രട്ടറി പി.ആര്.രാധാകൃഷ്ണന്, ട്രഷറാര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, വൈസ് പ്രസിഡന്റ് കെ.പി.സോമന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: