കല്‍പ്പറ്റ: ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിച്ചു 1975 ജൂണ്‍ 25നു പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥക്കെതിരെ പോരാടിയ ജനാധിപത്യവാദികളുടെ സ്മരണയെ നിലനിര്‍ത്തുന്നതിന് അടിയന്തരാവസ്ഥ സ്മാരക സ്തൂപം സ്ഥാപിക്കാന്‍ അടിയന്തരാവസ്ഥ പീഡിതരുടെ യോഗം തീരുമാനിച്ചു.
ഇതിനായി ദേശീയ തലത്തില്‍ തന്നെ ഫാസിസ്റ്റ് വിരുദ്ധ-ജനാധിപത്യ സംരക്ഷണ വാദികളുടെ ഒരു സമിതി ഉണ്ടാകണമെന്നു യോഗം അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയില്‍ അറസ്റ്റു ചെയ്യപ്പെട്ട് ഒന്നര വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുന്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥി എബ്രാഹം ബന്‍ഹര്‍ ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കുക, അടിയന്തരാവസ്ഥ വിഷയം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുക, അടിയന്തരാവസ്ഥ പീഡിതര്‍ക്ക് പെന്ഷന് അനുവദിക്കുക, ചികിത്സ സഹായങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്, ലോകസഭ സ്പീക്കര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ കുന്നേല്‍ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണിചെക്കന്‍, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, സുലോചന രാമകൃഷ്ണന്, രാജേന്ദ്രപ്രസാദ് ജെയിന്, കെ.മുഹമ്മദാലി, പി. മോഹനന്, സലീംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: