പാലക്കാട്: ഇന്‍സ്ട്രുമെന്റേഷന്‍ കഞ്ചിക്കോട് യൂണിറ്റിനെ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സിപിഎസ്യു ആയി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് സംഘ് (ബിഎംഎസ്) ഭാരവാഹികള്‍ യൂണിറ്റ് സന്ദര്‍ശിച്ച റിച്ചാര്‍ഡ് ഹേ എംപിക്ക് നിവേദനം നല്കി.
കഞ്ചിക്കോട് യൂണിറ്റ് സംസ്ഥാന സര്‍ക്കാരിന് കൈമാറരുതെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലും അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. മൂന്നുവര്‍ഷം മുമ്പ് യൂണിറ്റിന്റെ ടേണ്‍ഓവര്‍ 111 കോടിയായിരുന്നു.എന്നാല്‍ സിഎംഡി വന്നശേഷം നിലവില്‍ കമ്പനിയുടെ ടേണ്‍ ഓവര്‍ 62 കോടിരൂപയായി ചുരുങ്ങി. ഇതിനുകാരണക്കാരനായ സിഎംഡിയെമാറ്റി പുതിയ ആളെ നിയമിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ഇന്‍സ്ട്രുമെന്റ്റേഷന്‍ ലിമിറ്റഡിനെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും റിച്ചാര്‍ഡ് ഹേ എംപി വ്യക്തമാക്കി. തുടര്‍ന്ന് കഞ്ചിക്കോടുള്ള ഐഐടി ക്യാമ്പസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, ബിജെപി മലമ്പുഴ മണ്ഡലം അധ്യക്ഷന്‍ എന്‍.ഷണ്മുഖന് അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: