പഴമയുടെ ശീലുകള്‍ മലയാളികള്‍ ഏറ്റുപാടുവാന്‍ തുടങ്ങുന്നു. പഴയ നാടകഗാനങ്ങള്‍ എന്നും മനസ്സില്‍ താലോലിച്ചിരുന്ന മലയാളികള്‍ക്കായി എം.ജയചന്ദ്രന് അങ്ങനെ ഒരു പാട്ട് ചിട്ടപ്പെടുത്തി. മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ.സി.ഡാനിയേലിന്റെ ജീവിതകഥ പറയുന്ന ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തില്‍ “കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ട് മൂളി വന്നു” എന്ന റഫീക്ക് അഹമ്മദിന്റെ വരികള്‍ മലയാളികളെ വീണ്ടും പഴമയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ്തന്നെ സൂപ്പര്‍ഹിറ്റായ ഈ ഗാനം പാടി വൈക്കം വിജയലക്ഷ്മി എന്ന പാട്ടുകാരിയും മലയാളിയുടെ മനസ്സില്‍ ഇടം പിടിക്കുകയാണ്.
പി.ലീലയുടെ ശബ്ദത്തോടുള്ള സാദൃശ്യമാണ് ഈ അനുഗൃഹീത കലാകാരിക്ക് തുണയായത്. വിജയലക്ഷ്മിയുടെ പാട്ട് കേട്ടാല്‍ ആദ്യം ആരും കരുതും ഇത് പി.ലീലയാണെന്ന്. സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ പാടാന്‍ തനിക്ക് അവസരമുണ്ടാക്കിയത് ഈ സാദൃശ്യമാണെന്ന് ജയചന്ദ്രന് സര് പറഞ്ഞതായി നിറപുഞ്ചിരിയോടു കൂടി വിജയലക്ഷ്മി ഓര്‍ക്കുന്നു. സെല്ലുലോയ്ഡ് ചിത്രത്തിലെ ഈ പാട്ടിന്റെ ഈണമിടാന്‍ മറ്റ് സംഗീത സംവിധായകരെ കിട്ടിയേക്കാം. പക്ഷെ ഈ പാട്ടുപാടാന്‍ വിജയലക്ഷ്മിയല്ലാതെ മറ്റൊരാളില്ല. അത്രയ്ക്ക് ഹൃദ്യമാണ് വിജയലക്ഷ്മിയുടെ സ്വരം.
വൈക്കം ഉദയനാപുരത്ത് മുരളീധരന്റെയും വിമലയുടേയും മകള്‍ ഈ ഒറ്റപ്പാട്ടുകൊണ്ട് തന്നെ മലയാളികളുടെ സ്വന്തം പാട്ടുകാരിലൊരാളായി മാറി. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് ദൈവം സംഗീതം വാരിക്കോരി പകര്‍ന്നുകൊടുത്തു. അതാകട്ടെ നൂറുകണക്കിന് കാതുകള്‍ക്കും മനസ്സുകള്‍ക്കും അനുഭൂതിയുടെ തരംഗം ഉണ്ടാക്കുന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ പങ്കെടുത്ത സംഗീത പരിപാടികള്‍ക്കെല്ലാം സമ്മാനം വാങ്ങിക്കൂട്ടിയിരുന്നതായി അച്ഛന് മുരളീധരന് പറയുമ്പോള്‍ വിജയലക്ഷ്മിയ്ക്ക് സന്തോഷത്തിന് അതിരുകളില്ല. വിദ്യാഭ്യാസത്തിന് ശേഷം നിരവധി സ്റ്റേജ്ഷോകള്‍ നടത്തിവരികയായിരുന്നു വിജയലക്ഷ്മി.
റെക്കോഡിംഗിന് ശേഷം പാട്ടുകേട്ട് യേശുദാസും വേണുഗോപാലും മിന്മിനിയും വിളിച്ച് അഭിനന്ദിച്ചിരുന്നു. അവരെല്ലാം പാട്ട് നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തപ്പോള്‍ അതിലേറെ സന്തോഷം. സംഗീതജ്ഞ വൈക്കം സുമ ടീച്ചറില്‍നിന്നും ശിഷ്യത്വം സ്വീകരിച്ച് അകക്കണ്ണിന്റെ കാഴ്ചയുടെ നിറവില്‍ സംഗീത പ്രയാണം ആരംഭിച്ചു. വൈക്കത്തമ്പലത്തില്‍ കച്ചേരി നടത്തിയ സമയത്ത് അത് കേട്ടുകൊണ്ടിരുന്ന സംഗീത കുലപതി വി.ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ തലയില്‍ കൈവച്ചനുഗ്രഹിച്ച് ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്ന് പറഞ്ഞതായും വിജയലക്ഷ്മി പറയുമ്പോള്‍ ആഹ്ലാദത്തിന്റെ കൊടുംമുടിയിലായിരുന്നു. അത് വലിയൊരു അംഗീകാരം തന്നെയാണെന്ന് വിജയലക്ഷ്മി തിരിച്ചറിയുന്നു. ഇത് തന്റെ സംഗീത സപര്യയെ കരുത്തുറ്റതാക്കുന്നതില്‍ ഊര്‍ജ്ജം പകരുമെന്ന് വിജയലക്ഷ്മി പ്രത്യാശിക്കുന്നു. ഏത് കാര്യത്തോടും വളരെ മൃദുവായ സമീപനമാണ് വിജയലക്ഷ്മിക്കുള്ളതെന്ന് അച്ഛന് പറയുന്നു. അത് തുറന്നു സമ്മതിക്കാന്‍ വിജയലക്ഷ്മി മറന്നില്ല. ബ്രയ്ന് ലിപി ഉപയോഗിച്ചാണ് വിജയലക്ഷ്മി പാട്ട് പഠിക്കുന്നത്. ഏത് ഭാഷയിലെ പാട്ടും അസാദ്ധ്യമായി പാടാന്‍ വിജയലക്ഷ്മിക്ക് കഴിയുന്നുണ്ട്.
1997 ല്‍ സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തിയപ്പോള്‍ കുമ്മനം ശശികുമാര്‍ സമ്മാനിച്ച തംബുരുവിനെ ഒറ്റക്കമ്പിയുള്ള ഗായത്രി വീണയാക്കിയത് അച്ഛനായിരുന്നു. അത് പിന്നീട് ഇലക്ട്രിഫൈ ചെയ്തു. കുന്നക്കുടി വൈദ്യനാഥ ഭാഗവതര്‍ക്ക് ആ വീണ ദക്ഷിണയായി സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം അതിന് പേരിട്ടത് ഗായത്രി വീണ എന്നായിരുന്നു.
ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് എം.ജയചന്ദ്രനുമായി പരിചയപ്പെടുന്നത്. അന്നുമുതല്‍ സംഗീതത്തില്‍ എന്ത് സംശയമുണ്ടെങ്കിലും സാറിനെ വിളിച്ച് ചോദിക്കും. ഗാനഗന്ധര്വന് യേശുദാസിന്റെ കടുത്ത ആരാധികയാണ്. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ വാചാലയാകുന്ന വിജയലക്ഷ്മി അദ്ദേഹത്തിനൊപ്പം നിന്നുള്ള ഫോട്ടോ കാണിക്കാനും മറന്നില്ല.
കണ്ണുകള്‍ക്ക് കാഴ്ചയില്ലെങ്കിലും പ്രതിഭകള്‍ക്ക് അത് ബാധകമല്ലെന്ന് തെളിയിക്കുകയാണ് വിജയലക്ഷ്മി. അടുത്ത ഒരു സിനിമയില്‍ പാടാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. അതും നന്നായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് താനെന്നും വിജയലക്ഷ്മി സന്തോഷത്തോടെ പറയുമ്പോള്‍ ആ മുഖത്ത് ഒരായിരം സൂര്യന്മാര് ഉദിച്ചുയരുന്നതു കാണാം. മെലഡി ഗാനങ്ങളാണ് കൂടുതല്‍ പാടാന്‍ ഇഷ്ടമെങ്കിലും അടിച്ചുപൊളി പാട്ടുകള്‍ പാടാനും തയ്യാറാണെന്ന് ചെറുപുഞ്ചിരിയോടെ വിജയലക്ഷ്മി പറയുന്നു. പഴയപാട്ടുകളോടാണ് ഇഷ്ടം. മലയാള സിനിമയിലെ ഏത് പാട്ടാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ അതിന്റെ ഉത്തരം നിറഞ്ഞ ചിരി മാത്രമായിരുന്നു. സകലമാന ഭിന്നതകള്‍ക്കുമപ്പുറം സംഗീതത്തിന്റെ പാലാഴി തീര്‍ക്കുന്ന സൗകുമാര്യം മഹത്തരമാണെന്നും ഈ പ്രതിഭ തെളിയിക്കുന്നു.
സംഗീതത്തെ കൂടുതലറിഞ്ഞ് സംഗീത രംഗത്ത് ശക്തമായ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് സരസ്വതീകടാക്ഷമുളള വിജയലക്ഷ്മി. സംഗീതത്തില്‍ പ്രയാണം തുടരുന്ന വിജയലക്ഷ്മി സംഗീതപഥത്തില് ജൈത്രയാത്ര തുടരുന്നു………
അനിജമോള്‍ കെ.പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: