കോട്ടയം: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍ ഒരു വര്‍ഷത്തിലേറെയുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു. സൂപ്പര്‍ഹിറ്റ് സിനിമയായ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാംഭാഗത്തിലാണ് ഹാസ്യരാജാവ് മടങ്ങിയെത്തുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് നടക്കാനാകാതെ കസേരയില്‍ കഴിച്ചുകൂട്ടുന്ന കഥാപാത്രമായാണ് ജഗതി ഈ സിനിമയില്‍ അഭിനയിക്കുന്നത്.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം ജഗതി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതേയുള്ളു. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ യഥാര്‍ത്ഥ ജീവിതാവസ്ഥയുമായി സാമ്യമുള്ള കഥാപാത്രമായി ജഗതി സിനിമയില്‍ മടങ്ങിയെത്തുന്നത്.
മേലേപ്പറമ്പില്‍ ആണ്‍വീടെന്ന സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ജഗതി അഭിനയിച്ച ജയകൃഷ്ണനായിരുന്നു. ജഗതിയുടെ കഥാപാത്രത്തെ ഒഴിവാക്കാന്‍ സാധിക്കാത്ത തിനാലാണ് രണ്ടാം ഭാഗത്തില്‍ ഇത്തര ത്തിലുള്ള വേഷത്തിലെങ്കിലും ജഗതിയെ അഭിനയരംഗത്തേക്ക് മടക്കി കൊണ്ടുവരുന്നതെന്ന് നിര്‍മ്മാതാവ് മാണി സി. കാപ്പന് പറഞ്ഞു. മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ജയകൃഷ്ണന് എന്ന കഥാപാത്രത്തിലൂടെ തന്റെ ഹാസ്യകഥാപാത്രങ്ങളിലൂടെയുള്ള തുടര്‍ യാത്രയ്ക്ക് ജഗതി തുടക്കം കുറിക്കുകയാണ്.
സിനിമയുടെ ഒന്നാം ഭാഗം സംവിധാനം ചെയ്തത് രാജസേനനായിരുന്നു. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് ഡെന്നീസ് ജോസഫാണ്. ഉണ്ണിമുകുന്ദന് നായകനും മിയ നായികയുമാണ്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങി ജനുവരിയില്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനം. ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന ജഗതിയുടെ സ്വാഭാവിക ഹാസ്യപ്രകടനങ്ങള്‍ സിനിമാപ്രേമികള്‍ക്ക് അതിവിദൂരമല്ലാതെ ഇനിയും ആസ്വദിക്കാന്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: