കൊച്ചി: ചാനലുകള്‍ കട്ട് പറഞ്ഞതോടെ മലയാള സിനിമാനിര്‍മ്മാണ രംഗത്ത്ഇപ്പോള്‍ പായ്ക്കപ്പ്. ടെലിവിഷന്‍ ചാനലുകള്‍ സിനിമകള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സിനിമാ നിര്‍മ്മാണ രംഗം സ്തംഭനാവസ്ഥയിലാണ്. സാറ്റലൈറ്റ് അവകാശം വില്‍ക്കുന്നതിന്റെ പേരില്‍ മുടക്കുമുതല്‍ തിരികെ ലഭിച്ചിരുന്നതാണ് സിനിമാ വ്യവസായത്തെ താങ്ങിനിറുത്തിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ പുതിയ സിനിമകള്‍ വാങ്ങുന്നതില്‍ ചാനലുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ചിത്രീകരണം കഴിഞ്ഞ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളടക്കം പെട്ടിയിലിരിക്കുകയാണ്. വിജി തമ്പി സംവിധാനം നിര്‍വ്വഹിച്ച ദിലീപ് ചിത്രം നാടോടി മന്നന് ചിത്രീകരണം പൂര്‍ത്തിയായെങ്കിലും സാറ്റലൈറ്റ് അവകാശം വില്ക്കാന് കഴിയാത്തതിനാല്‍ റിലീസ് ചെയ്തിട്ടില്ല. തീയറ്ററില്‍ പ്രേക്ഷകരുടെ പ്രതികരണം മോശമായാല്‍ പിന്നെ ചിത്രം ചാനലുകള്‍ വാങ്ങുകയില്ല എന്ന അവസ്ഥയുമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് വരെ ചിത്രീകരണ സമയത്തുതന്നെ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം വിറ്റ് പോവുകയും നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരികെ ലഭിക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. പല ചിത്രങ്ങളും പുറത്തിറങ്ങുന്നതിനു മുന്‍പുതന്നെ നിര്‍മ്മാതാവിന് ഇത്തരത്തില്‍ വന്‍ ലാഭവും നേടിക്കൊടുത്തിരുന്നു. മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍ ആണ് മലയാളത്തില്‍ ഏറ്റവുമധികം സാറ്റലൈറ്റ് റേറ്റ് നേടിയ ചിത്രം എന്ന് അവകാശപ്പെടുന്നത്; അഞ്ചു കോടി രൂപ. മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന രഞ്ജിത് ചിത്രം കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയും ഇതേ തുകക്ക് ഒരു ചാനല്‍ സ്വന്തമാക്കിയതായാണ് വിവരം.
പുതിയ തീരുമാനമനുസരിച്ച് മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ്,ഫഹദ് ഫാസില്‍, ജയസൂര്യ എന്നിവരുടെ ചിത്രങ്ങള്‍ക്ക് മാത്രമാണ് ചാനലുകള്‍ റേറ്റ് നല്‍കുന്നത്. മറ്റുസിനിമകള്‍ തീയറ്റര്‍ കളക്ഷന്‍ നേടുന്നത് നോക്കിയ ശേഷം മാത്രം റേറ്റ് നല്‍കാനാണ് തീരുമാനം.ചിത്രീകരണം പാതിവഴിയിലെത്തിയവയും പൂര്ത്തിയായവയുമുള്പ്പെടെ 60ലേറെ ചിത്രങ്ങള്‍ മുടങ്ങിക്കിടക്കുന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
ചാനലുകളിലെ പരസ്യത്തിന് ട്രായ് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ടിവിയില്‍ സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞതുമാണ് പുതിയ തീരുമാനത്തിന് ചാനലുകളെ പ്രേരിപ്പിച്ചതെന്നാണ് ചാനല്‍ ഉടമകള്‍ പറയുന്നത്.
സാറ്റലൈറ്റ് റേറ്റിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ പുറത്തിറങ്ങിയത് 147 ചിത്രങ്ങളാണ്. ഇത് മലയാള സിനിമയുടെ ചരിത്രത്തില്‍ റെക്കോഡായിരുന്നു. ഈവര്‍ഷം ആദ്യം ഇതിന്റെ ചുവടുപിടിച്ച് ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മ്മാണം തുടങ്ങിയെങ്കിലും പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.
സാറ്റലൈറ്റ് നിരക്ക് ലഭിക്കില്ല എന്ന സാഹചര്യം വന്നതോടെ പണം മുടക്കാമെന്നേറ്റ പല നിര്‍മ്മാതാക്കളും പിന്മാറുകയും ചെയ്തു. സിനിമാവ്യവസായം പ്രതിസന്ധിയിലാകുന്നതോടെ ജീവിതം വഴിമുട്ടുന്നത് ആയിരക്കണക്കിന് ടെക്നിക്കല്‍ തൊഴിലാളികള്‍ക്കും ജൂനിയര്‍ താരങ്ങള്‍ക്കുമാണ്. ചിത്രീകരണം അനിശ്ചിതമായി മുടങ്ങിയതോടെ പലരും ചലച്ചിത്ര രംഗം വിട്ട് പുതിയ തൊഴിലുകള്‍ തേടുകയാണ്. അതെസമയം മലയാളത്തില്‍ സജീവമായ നവതരംഗസിനിമകളെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പ്രതിസന്ധിക്കു കാരണമെന്നും ഒട്ടുമിക്ക ചാനലുകളുടെയുംമേല് നിയന്ത്രണമുള്ള ചിലസൂപ്പര് താരങ്ങളാണ് ഈ നീക്കത്തിനു പിന്നിലെന്നും ആരോപണമുണ്ട്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: