ജീവിതയാത്രയില്‍ ഉള്ളില്‍ അലോസരം സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പലരുടെയും കണ്മുന്പിലെത്താറുണ്ട്. ഒഴുക്കിനൊത്തുള്ള ഓട്ടത്തിനിടയില്‍ പലരും ആ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കും. സിനിമ സ്വപ്നം കണ്ടുനടന്ന ഒരു ചെറുപ്പക്കാരന്റെ സംവിധാനമോഹങ്ങള് ഒരു യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ചുനിന്നതിന്റെ ബാക്കിപത്രമാണ് ‘സ്ട്രീറ്റ്ലെറ്റ്’ എന്ന ചിത്രം.
വെമ്പായം പാലമൂട് പനച്ചിവിളാകം വീട്ടില്‍ പരേതരായ രാജപ്പന് – വിജയമ്മ ദമ്പതികളുടെ മകനായ വി.ആര്.ശങ്കറിന്റെ മനസ്സില്‍ സിനിമ ആദ്യമായെത്തുന്നത് ഞായറാഴ്ചകളിലെ പത്രത്താളുകളിലൂടെയാണ്. സിനിമയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വായിച്ചാസ്വദിച്ച അവന്റെ ആദ്യമോഹം എഴുത്തുകാരനാവണമെന്നായിരുന്നു. പിന്നീട് മോഹം സിനിമയെന്ന സ്വപ്നമായി മാറി. നെടുമങ്ങാട് ഗവ. കോളേജില്‍ ഡിഗ്രി പഠനത്തിനെത്തിയപ്പോള്‍ തന്നെ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കുവേണ്ടി എഴുതാന്‍ അവസരം ലഭിച്ചു.
സിനിമയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വെറുതെയായില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ നായകനുമായി 11 എഎം എന്ന ആക്ഷന്‍ സിനിമ. നിര്‍മ്മാതാവിനെയും ഒത്തുകിട്ടി. എന്നാല്‍ ഒരു പ്രഭാത സവാരി ശങ്കറിന്റെ ജീവിതത്തില്‍ ചില ചോദ്യങ്ങളുയര്‍ത്തി.
അഞ്ചുവര്ഷങ്ങള്ക്കുമുന്പ് ആദ്യ സിനിമയുടെ വര്‍ക്കിന്റെ തിരക്കുപിടിച്ച ദിനങ്ങള്‍ക്കിടയില്‍ രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുതശേഷം കിഴക്കേക്കോട്ടയിലേക്ക് നടക്കുകയായിരുന്നു ശങ്കര്‍. വഴിയരികില്‍ ഏഴ് വയസ് പ്രായം തോന്നുന്ന പെണ്‍കുട്ടി വഴിയാത്രക്കാരുടെ മുന്നില്‍ കൈനീട്ടുന്നുണ്ടായിരുന്നു. ഈ പെണ്‍കുട്ടി അവിടെ നിന്നും കിഴക്കേക്കോട്ടയ്ക്ക് സമീപമുള്ള ഒരു ചായത്തട്ട് കടയ്ക്ക് മുന്നിലേക്ക് നടന്നുനീങ്ങി കൈനീട്ടി. നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ചായക്കടക്കാരന് കട തുറന്ന്അടുപ്പില് വെള്ളം വച്ച് തുടങ്ങിയ സമയം. രണ്ട് മൂന്ന് തവണ ഒന്നുമില്ലെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടി അവിടെ തന്നെ നിന്നതില്‍ ക്രുദ്ധനായ അയാള്‍ ആ ഏഴുവയസ്സുകാരിക്ക് സമ്മാനിച്ചത് തിളച്ചവെള്ളമായിരുന്നു. അമ്മേന്ന് വിളിച്ച് ആവി പറക്കുന്ന മുഖവുമായി ഓടിയ പെണ്‍കുട്ടി ശങ്കറിന് മുന്നിലൂടെ റോഡ് ക്രോസ് ചെയ്ത് പുത്തരിക്കണ്ടം മൈതാനത്തിനുമുന്നിലെത്തി നിന്ന് കരഞ്ഞു. അതുവഴികടന്നുപോയ ഒരു ഓട്ടോറിക്ഷ മുന്നോട്ടുപോയശേഷം തിരിച്ചുവന്നു. പെണ്‍കുട്ടിയുടെ അവസ്ഥ കണ്ട ഓട്ടോറിക്ഷക്കാരന് ഓട്ടോയില്‍ നിന്നും ഒരുകുപ്പി വെള്ളമെടുത്ത് ആ കുട്ടിക്ക് നീട്ടി. ആ വെള്ളം ആ കുരുന്ന് മുഖത്തേക്ക് തളിച്ചപ്പോഴും ആവി പറക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഓട്ടോയില്‍ നിന്നും ഒരു ഭക്ഷണപ്പൊതിയെടുത്ത് ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിക്ക് നേരെ നീട്ടി. ആദ്യം മടിച്ചുവെങ്കിലും പെണ്‍കുട്ടി അത് കൈനീട്ടി വാങ്ങി. ശങ്കറിന്റെ മനസ്സില്‍ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ആ കാഴ്ചയ്ക്കുശേഷം കിഴക്കേക്കോട്ടയില്‍ നിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് ശങ്കര്‍ നടന്നകന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കിഴക്കേക്കോട്ടയിലെ റൗണ്ട് പിന്നിട്ട് ആ ഓട്ടോറിക്ഷ ശങ്കറിന് സമീപത്തുകൂടി കടന്നുപോയി. ഓട്ടോയ്ക്ക് പുറകില്‍ ആ പെണ്‍കുട്ടി ആര്‍ത്തിയോടെ ഭക്ഷണം വാരിക്കഴിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയത്തിന് ശേഷം ശങ്കര്‍ നടന്ന് തകരപ്പറമ്പിന് സമീപമെത്തിയശേഷം ശ്രീചിത്ര പുവര്‍ ഹോമിന് സമീപത്തെ ഇടുങ്ങിയ വിജനമായ റോഡിലൂടെ മുന്നോട്ടുനടന്നു. അവിടെ കണ്ട കാഴ്ച മനസിനെ മരവിപ്പിക്കുന്നതായിരുന്നു. ഓട്ടോയുടെ മറവില്‍ ആ പെണ്‍കുട്ടിയെ പിച്ചിച്ചീന്തുന്ന ഓട്ടോഡ്രൈവര്‍, കരച്ചിലിനിടയിലും അവളുടെ കൈക്കുള്ളിലെ ചോറ് അവള് മുറുകെ പിടിച്ചിരിക്കുന്നു. അവിചാരിതമായി അവിടെയെത്തിയ ശങ്കറിനെ കണ്ട ആ ഓട്ടോഡ്രൈവര്‍ ആ പെണ്‍കുട്ടിയെ സമീപത്തെ ദുര്‍ഗന്ധം നിറഞ്ഞ ഓടയിലേക്ക് തള്ളിയിട്ടശേഷം രക്ഷപ്പെട്ടു.
ശങ്കറിന്റെ ഉറക്കം നഷ്ടപ്പെടുത്തിയ സംഭവമായിരുന്നു അത്. ജീവിതത്തിന്റെ ഇരുണ്ടവഴികളില്‍ ഉപേക്ഷിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ തേങ്ങലുകളും വിഹ്വലതകളും ശങ്കര്‍ എഴുതിത്തീര്‍ത്തു. ആ തിരക്കഥയുമായി തന്റെ നിര്‍മ്മാതാവിന്റെ അടുത്തെത്തി. നിരാശയായിരുന്നു ഫലം. വാണിജ്യസിനികളുടെ ലോകത്ത് ഇത്തരമൊരു പ്രമേയത്തിന് ഒരു സാധ്യതയുമില്ലെന്ന നിര്‍മ്മാതാവിന്റെ കണ്ടത്തല്‍ ശങ്കറിനെ ഒരു ഉറച്ച തീരുമാനത്തിലെത്തിച്ചു. തന്റെ ആദ്യ സിനിമ ഈ കഥ തന്നെയായിരിക്കുമെന്ന്. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളുടെയെല്ലാം മുന്നില്‍ ശങ്കര്‍ കയറിയിറങ്ങി. ഇതിനിടെയുള്ള യാത്രയില്‍ തിരക്കഥ ആധാരമാക്കി ‘ഒരു പെണ്ണും പറയാത്തത്’ എന്ന പേരില്‍ നോവലുമാക്കി. ശങ്കറിന്റെ യാത്ര അഞ്ചുവര്‍ഷം നീണ്ടു. ഒടുവില്‍ റിഡ്ജ് ഈവന്റ് ആന്റ് മീഡിയ പ്രൈ. ലിമിറ്റഡിന്റെ ബാനറില്‍ ആര്.കെ.കുറുപ്പ് എന്ന നിര്‍മ്മാതാവ് ശങ്കറിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ചു. സമൂഹം അനാഥമാക്കിയ ഒരുകൂട്ടം പെണ്‍കുട്ടികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥപറയുന്ന ‘സ്ട്രീറ്റ് ലൈറ്റ്’ എന്ന സിനിമ അങ്ങനെ യാഥാര്‍ത്ഥ്യമായി.
മുല്ലപ്പൂക്കളെ സ്നേഹിക്കുന്ന ഹിമ എന്ന പെണ്‍കുട്ടിയുടെ ജീവിതഘട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. ലോഹിതാദാസിന്റെ നിവേദ്യത്തിലൂടെ സിനിമയിലെത്തിയ അപര്‍ണയാണ് ഹിമയായി സ്ക്രീനില്‍ നിറയുന്നത്. പ്രാരബ്ധങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്നുപോയ പെണ്ണാണവള്‍. അവളുടെ ജീവിതത്തിലെ 18, 22, 28, 32, 38 തുടങ്ങിയ അഞ്ച് ഘട്ടങ്ങളാണ് തെരുവ് വിളക്കിന്റെ വെട്ടത്തിലെന്നപോലെ ഇരുളും വെട്ടവുമായി പ്രേഷകര്‍ക്ക് മുന്നിലെത്തുന്നത്.
സ്വന്തം അച്ഛനാല്‍ പീഡിപ്പിക്കപ്പെടുന്ന പെണ്മക്കളുടെ വേദനകള്‍ പത്രത്താളുകളില്‍ കണ്ട്, ഒരു നെടുവീര്‍പ്പിലോ കമന്റിലോ അവസാനിപ്പിക്കാന്‍ ശീലിച്ചുകഴിഞ്ഞ മലയാളികള്‍ക്ക് മുന്നില്‍ അത്തരമൊരു നെറികെട്ട അച്ഛനെ കൊണ്ടുനിര്‍ത്തുന്നുണ്ട് സ്ട്രീറ്റ് ലൈറ്റ്. വാണിജ്യകാഴ്ചകള് നിറഞ്ഞ സമാന്തര സിനിമകള്‍ക്കിടയില്‍ ഈ ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത് ഉള്ളില്‍ അലോസരങ്ങള്‍ സൃഷ്ടിക്കുന്ന, വേദനകളും പ്രതികരണങ്ങളും നിറയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.
പ്രൊഫ. അലിയാര്, ഡോ. സരളാദേവി, സുനിത, ബേബി നവനി ദേവാനന്ദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. അനീഷ്ലാലാണ് ഛായാഗ്രാഹകന്‍. കൈതപ്രം ഈണമിട്ട് യേശുദാസ്, മധുബാലകൃഷ്ണന് തുടങ്ങിയവര്‍ പാടിയ ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഒരു വളകിലുക്കത്തിന്റെ ഓര്‍മ്മയ്ക്ക്, കാപ്പിമരങ്ങള്ക്കിടയിലെ പെണ്‍കുട്ടി എന്നീ കഥാസമാഹരങ്ങളും പൂപോലൊരാള് എന്ന നോവലും ശങ്കര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു തണല്‍മരത്തിന്റെ വേരുകള്‍ എന്ന പുതിയ നോവലിന്റെ എഴുത്ത് പൂര്‍ത്തിയാക്കിയ ശങ്കര്‍ നിരവധി ടെലി സീരിയലുകളും നിര്‍മ്മിച്ചിട്ടുണ്ട്.
ആദ്യസിനിമ കഴിഞ്ഞ ശങ്കറിനെ കാത്തിരിക്കുന്നത് വാണിജ്യചിത്രങ്ങളുടെ നീണ്ടനിരയാണ്. മൊണാവി എന്ന അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ കമ്പനിയായ വെല്‍നസ് അണ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് ക്ലാപ്പടിക്കാനൊരുങ്ങുകയാണ് ശങ്കര്‍.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: