ഒരു ബൊളീവിയന്‍ ഡയറി 1995 എന്നു പേരിട്ട എം.പത്മകുമാറിന്റെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി. മുത്തങ്ങയിലെ വനവാസി ഊരുകളിലായിരുന്നു ചിത്രീകരണം. ആസിഫ് അലി, അനന്യ, സമുദ്രക്കനി, നരന് തുടങ്ങിയ ബിഗ് സ്ക്രീനിലെ മിന്നും താരങ്ങള്‍ വനഗ്രാമങ്ങളിലേക്കെത്തിയത് ആദിവാസി ഊരുകള്‍ക്കും ആഘോഷമായി.
അഞ്ചു സംവിധായകര്‍ ചേര്‍ത്തൊരുക്കുന്ന ‘ഡി കമ്പനി’ (ഡയറക്ടേഴ്സ് കമ്പനി) എന്ന സിനിമയിലെ അര മണിക്കൂര്‍ നീളുന്ന ഒരു ഉപകഥയാണ് ബൊളീവിയന്‍ ഡയറി. ജോഷി, ഷാജി കൈലാസ്, ദീപന്, വിനോദ് വിജയന് എന്നിവരാണ് ഡി കമ്പനിയിലേക്കുള്ള മറ്റ് നാല് അര മണിക്കൂര്‍ സിനിമകളുടെ സംവിധായകര്‍. ‘കേരള കഫെ’ പോലെ ചെറു ചിത്രങ്ങളുടെ കൂട്ടമാണെങ്കിലും ഡി കമ്പനിയിലെ അഞ്ചു സിനിമകളും അഞ്ചു വ്യത്യസ്ത കഥകളാണ് പറയുന്നത്.
ഒരു മാവോയിസ്റ്റ് നേതാവ് ആദിവാസി ഊരുകളിലെത്തിയതുമായി ബന്ധപ്പെട്ട് 17 വര്‍ഷം മുമ്പ് നടന്ന സംഭവം ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ ഡിജിപി വെളിപ്പെടുത്തുന്നതാണ് ബൊളീവിയന്‍ ഡയറിയുടെ കഥ. 1990 കളില്‍ ഛത്തീസ്ഗഡില്‍ നിന്ന് ഒരു മാവോയിസ്റ്റ് നേതാവ് കേരളത്തിലെ വനമേഖലകളിലെത്തുകയും ആദിവാസി ഊരുകളുമായി ബന്ധപ്പെട്ട് കഴിയുകയും ചെയ്യുന്നു. ആദിവാസികളുമായും, ചിന്നന് എന്ന ആദിവാസി യുവാവുമായും അയാള്‍ നല്ല ബന്ധം സൂക്ഷിക്കുന്നു. രഹസ്യവിവരങ്ങളെ തുടര്‍ന്ന് വടക്കേ ഇന്ത്യയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ് ഓഫിസര്‍ സ്ഥലത്തെത്തുകയും തുടര്‍ന്ന് നിരവധി സംഭവവികാസങ്ങളുണ്ടാവുകയും ചെയ്യുന്നു. ആ സംഭവങ്ങള്‍ ഇന്ന് ഒരു ചാനലില്‍ വെളിപ്പെടുത്തുകയാണ് പൊലീസ് ഓഫിസര്‍.
ആദിവാസി യുവാവായ ചിന്നനായി ആസിഫ് അലിയും മാവോയിസ്റ്റ് നേതാവായി സമുദ്രക്കനിയും പൊലീസ് ഓഫിസറായി ആടുകളം ഫെയിം നരനും അഭിനയിക്കുന്നു. ചാനല്‍ റിപ്പോര്‍ട്ടറായി എത്തുന്നത് അനന്യയാണ്. ഫൈസല്‍ ആലപ്പുഴയും സെവന് ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജി.എസ്. അനിലിന്റേ താണ് രചന. ക്യാമറ വിനോദ് ഇല്ലംപള്ളി. പ്രൊഡക്ഷന്‍ കണ്ട്രോളര് സേതു അടൂര്‍, കലാസംവിധാനം സന്തോഷ് രാമനും സഹസംവിധാനം ഗിരീഷ് ഉള്ളിയേരിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: