ഒരു ഓര്‍ഡിനറിക്കാരനെ ആസ്വദിപ്പിക്കാന്‍ കഴിയുന്ന ഒരു ഓര്‍ഡിനറി സിനിമ. സംവിധായകന് സുഗീത് തന്റെ ആദ്യ ചിത്രമൊരുക്കുമ്പോള്‍ ഇതുമാത്രമേ മനസ്സില്‍ കണ്ടുള്ളു. പക്ഷേ, ‘ഓര്‍ഡിനറി’ എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയും പ്രേക്ഷകനെ ആസ്വദിപ്പിക്കുന്ന എക്സ്ട്രാ ഓര്‍ഡിനറി സിനിമയാണിതെന്ന്. സൂപ്പര്‍ താരങ്ങളില്ലാതെ, ബിഗ് ബജറ്റ് പദ്ധതിയില്ലാതെ, പ്രചരണ കൊടുങ്കാറ്റില്ലാതെ, തന്റെ ആദ്യ ചിത്രം വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് സുഗീത്.
കുട്ടിക്കാലം മുതല്‍ സുഗീത് പഠനത്തേക്കാള്‍ താല്പര്യം കാട്ടിയത് സിനിമകള്‍ കാണുന്നതിലായിരുന്നു. ഒന്‍പതാം ക്ലാസുവരെ എറണാകുളം പറവൂര്‍ കരിംപാടം സ്കൂളിലായിരുന്നു പഠനം. കുട്ടിക്കാലത്ത് രണ്ടുമൂന്നു വര്‍ഷം തൃശ്ശൂര്‍ ആര്യമ്പാടത്തുള്ള നാടക കലാകാരനായ അമ്മാവന് മുരളീബാബുവിന്റെ കൂടെയുള്ള താമസമാണ് സുഗീതിന്റെ സിനിമാ ഭ്രമം വര്‍ദ്ധിപ്പിച്ചത്. പറവൂരില്‍ തിരിച്ചെത്തിയപ്പോഴും സിനിമ മനസ്സില്‍ കൊണ്ടു നടന്നു. പറവൂര്‍ മൂത്തുകുന്നം എസ്.എന്‍.എം ബിഎഡ് ട്രെയിനിംഗ് കോളേജിലെ പ്രിന്‍സിപ്പലായ അച്ഛന് സുരാജ് ബാബുവും മാലിങ്കര എസ്.എന്‍.എം കോളേജ് പ്രിന്‍സിപ്പലും എഴുത്തുകാരിയുമായ അമ്മ ഗീതാരാജും മകന്റെ സിനിമാ മോഹങ്ങളെ പ്രോത്സാഹിപ്പിച്ചു. തങ്ങളെപ്പോലെ മകനും അധ്യാപക വൃത്തി തെരഞ്ഞെടുക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നിട്ടും സുഗീതിന്റെ സ്വപ്നങ്ങള്‍ക്ക് അവര്‍ വിലങ്ങുതടിയായില്ല. പതിന്നാല് ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കിയ സുരാജ്ബാബു മകനേക്കാള്‍ മികച്ച സിനിമാ ആസ്വാദകനായിരുന്നു. എസ്.എന്‍.എം കോളേജിലെ പഠനകാലത്ത് സുഗീതിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സിനിമ കാണാന്‍ മിക്കപ്പോഴും സുരാജ്ബാബുവും ഉണ്ടാകും. “കാര്‍ ഞാനെടുക്കാം, ടിക്കറ്റ് നിങ്ങളെടുത്തോളണം”. ഇതാണ് സുരാജ്ബാബുവിന്റെ നിബന്ധന. സുഗീത് ഡിഗ്രി പഠനത്തിനു ശേഷം സിനിമയ്ക്കുപിന്നാലെ പോയപ്പോഴും സുരാജ്ബാബുവിന്റെ പ്രോത്സാഹനം കൂടെയുണ്ടായിരുന്നു.
പി.ജി.വിശ്വംഭരന്റെ ‘പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച’യിലൂടെയാണ് സുഗീത് സഹസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അവിടെ നിന്നും ആസ്പിന്‍ അഷറഫ് എന്ന സുഹൃത്തു വഴി സംവിധായകന് കമലിന്റെ അടുത്തെത്തി. കമലിന്റെ പത്നിയും സുഗീതിന്റെ കുടുംബവുമായുള്ള പരിചയവും പിന്തുണയായി. ‘ചക്രം’ ആയിരുന്നു ആദ്യ പ്രൊജക്ട്. ‘ചക്രം’ നിന്നു പോയെങ്കിലും ഗ്രാമഫോണ്‍ മുതല്‍ ആഗതന് വരെയുള്ള ചിത്രങ്ങളില്‍ കമലിനൊപ്പം സുഗീത് ഉണ്ടായിരുന്നു. ‘ഓര്‍ഡിനറി’യെന്ന ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ സുഗീത് പങ്കുവയ്ക്കുന്നു….
ഓര്‍ഡിനറിയിലേക്ക്
മൂന്നു വര്‍ഷം മുമ്പാണ് ഓര്‍ഡിനറിയുടെ ചര്‍ച്ചകള്‍ തുടങ്ങുന്നത്. ഓര്‍ഡിനറിയുടെ ക്യാമറാമാന് ഫൈസല്‍ അലിയുമായി പതിനഞ്ച് വര്‍ഷത്തെ സൗഹൃദമുണ്ട്. ആര്‍ക്കിടെക്ടായ പീയൂഷ്, കൂട്ടുകാരന് സതീഷ്, നിര്‍മ്മാതാവ് രാജീവ്നായര്‍ തുടങ്ങിയ ഒരു സൗഹൃദക്കൂട്ടായ്മയില്‍ നിന്നാണ് ഓര്‍ഡിനറി ഉരുത്തിരിഞ്ഞത്. കെ.എസ്.ആര്.ടി.സി പശ്ചാത്തലമാക്കിയുള്ള സിനിമ നേരത്തെ മനസ്സിലുണ്ടായിരുന്നു. വീടിനടുത്തെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡും കോളേജിലേക്ക് കെ.എസ്.ആര്.ടി.സിയിലുള്ള യാത്രയുമൊക്കെ സ്വാധീനം ചെലുത്തിയിരുന്നു. ഗവിയെക്കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള ഏക ബസ്. അതും ആകര്‍ഷകമായിതോന്നി. കെ.എസ്.ആര്.ടി.സി പശ്ചാത്തലമാക്കി അടുത്തിടെ സിനിമകളൊന്നും ഇറങ്ങിയിരുന്നുമില്ല.
ഓര്‍ഡിനറിയെന്ന പേര്?
ട്രാന്‍സ്പോര്‍ട്ട്, ഗവിയിലേക്ക്…എന്നീ പേരുകളാണ് ആദ്യം ചര്‍ച്ചയില്‍ വന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സുധീഷ് പിള്ളയാണ് ‘ഓര്‍ഡിനറി’ എന്ന പേര് നിര്‍ദ്ദേശിച്ചത്. കഥാപാത്രങ്ങളുടെ കാര്യത്തിലും ആദ്യം തന്നെ ചില തീരുമാനങ്ങളെടുത്തിരുന്നു. ചാക്കോച്ചനുമായി സ്വപ്നക്കൂട് എന്ന സിനിമ മുതല്‍ ആരംഭിച്ച സൗഹൃദമുണ്ടായിരുന്നു. ഇരവിക്കുട്ടന്‍ പിള്ളയെ അവതരിപ്പിക്കാന്‍ ചാക്കോച്ചന് ആദ്യമേ മനസ്സിലുണ്ടായിരുന്നു. മറ്റുള്ളവരെ പ്രൊജക്ട് ആയിക്കഴിഞ്ഞ ശേഷമായിരുന്നു നിശ്ചയിച്ചത്.
ബിജുമേനോന് അവതരിപ്പിച്ച കഥാപാത്രം
ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരെ ശ്രദ്ധിച്ചാലറിയാം ഭൂരിഭാഗം പേരിലും ബിജുമേനോന്റെ കഥാപാത്രം സിനിമയില്‍ കാട്ടുന്ന മാനറിസങ്ങള്‍ ഉണ്ടാകും. മിക്കവരും കാഴ്ചയില്‍ പരുക്കന്മാരായിരിക്കും. പലരുടെയും കൈവശം ഒരു റെയ്ബാന്‍ കൂളിംഗ് ഗ്ലാസ്സും തോര്ത്തുമുണ്ടാകും.
ബിജുമേനോന് നല്ലൊരു സുഹൃത്താണ്. അദ്ദേഹവുമൊത്ത് നടത്തിയ ചിലയാത്രകളാണ് വഴിത്തിരിവായത്. ബിജുചേട്ടന് ചില സമയത്ത് സുഹൃത്തുക്കളെ കളിയാക്കാനായി ‘ഓ, എന്താടാ നോക്കുന്നേ..’, ‘ആട്ടെ’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് പ്രത്യേക ശൈലിയില്‍ സംസാരിക്കാറുണ്ട്. ഇതാണ് സുകുവെന്ന കഥാപാത്രത്തിന്റെ സംഭാഷണശൈലിയിലേക്കെത്തിച്ചത്.
ബാബുരാജ് വീണ്ടും ഹാസ്യവേഷത്തില്‍
ഞാന്‍ ഇതുവരെയും ഹാസ്യപ്രാധാന്യമുള്ള ചിത്രം ചെയ്തിട്ടില്ല. സിനിമയിലുടനീളം സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്ന ഹാസ്യ രംഗങ്ങളാണ്. വക്കച്ചനെ മനോഹരമാക്കാന്‍ ബാബുരാജിന് കഴിയുമെന്ന് തോന്നി. ചിത്രത്തിലെ ഒരു സീനൊഴിച്ച് മറ്റൊന്നും തമാശയ്ക്കായി തിരുകികയറ്റിയതല്ല.
ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങള്‍
ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് ഗവി തന്നത്. ഓരോ സീനും മണിക്കൂറുകള്‍ കാത്തിരുന്നാണ് എടുത്തത്. ഏതെങ്കിലും സീന്‍ തുടങ്ങാന്‍ പോകുമ്പോള്‍ ഒന്നുകില്‍ മഞ്ഞ് വരും. അല്ലെങ്കില്‍ മഴ വരും. പല സീനുകളിലും മഞ്ഞിന്റെയും മഴയുടെയും സൗന്ദര്യമുണ്ട്. ഒരു ഷോട്ടെടുക്കാന്‍ മഴമാറുന്നതിനായി മുഴുവന്‍ അംഗങ്ങളും ആറുമണിക്കൂര്‍ വരെ കാത്തിരുന്ന അനുഭവമുണ്ട്. 63 ദിവസത്തെ ഷൂട്ടിംഗില്‍ 35 ദിവസവും ഗവിയിലായിരുന്നു. കുട്ടിക്കാനം, വാഗമണ്‍, അതിരപ്പള്ളി എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകള്‍. അനുഭവിച്ച കഷ്ടപ്പാടുകള്‍ മുകളിലൊരാള്‍ കാണുന്നുണ്ടായിരുന്നു. അതിന്റെ പ്രതിഫലം തന്നെയാണ് സിനിമയുടെ വിജയം.
സിനിമയിലൂടെ ഉദ്ദേശിച്ചത്
പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ബോറടിയില്ലാത്ത ഒരു ചിത്രം. മറ്റുള്ളവരോട് മത്സരിക്കാനോ, അവകാശവാദങ്ങള്‍ ഉന്നയിക്കാനോ അല്ല സിനിമയെടുത്തത്. ആദ്യ സിനിമയിലൂടെ തന്നെ സുഗീത് എന്ന സംവിധായകനും ഈ ഇന്ഡസ്ട്രിയിലേക്ക് വന്നു എന്ന് അറിയിക്കണമെന്നുണ്ടായിരുന്നു.
സന്തോഷം തോന്നിയ നിമിഷങ്ങള്‍
ഓര്‍ഡിനറി കണ്ട ശേഷം കമല്‍സാര്‍ വിളിച്ചപ്പോള്‍. സിനിമ കാണാന്‍ കമല്‍സാറും കുടുംബവും കയറിയെന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ടെന്‍ഷനിലായി. സിനിമയുടെ ഇടവേളയില്‍ കമല്‍സാര്‍ വിളിച്ചതോടെ പണിപാളിയെന്നു കരുതി. എങ്ങനെ ഫോണെടുക്കുമെന്നായി. ഒരു വിധം ധൈര്യം സംഭരിച്ച് സംസാരിച്ചു. ആദ്യ പകുതി തന്നെ വളരെ ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. “ജനം സിനിമ ഏറ്റെടുത്തു കഴിഞ്ഞു, സന്തോഷം…”. കമല്‍സാറിന്റെ വാക്കുകള്‍ നല്കിയ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. സിനിമയെക്കുറിച്ചറിയാന്‍ നാട്ടിലെ തീയറ്ററില്‍ വിളിക്കുമ്പോഴെല്ലാം അച്ഛന് അവിടെയുണ്ടായിരുന്നു. ഓരോ ഷോയിലുമെത്തി അഭിപ്രായമറിഞ്ഞ് സുഹൃത്തുക്കള്‍ക്ക് ചായയൊക്കെ വാങ്ങി നല്കി സജീവമായിരുന്നു. പറവൂരിലെ ചിത്രാഞ്ജലി തീയറ്ററില്‍ സിനിമ കാണാനായി ഞാനെത്തുമ്പോള്‍ സമീപത്തെ കലുങ്കില്‍ അച്ഛനും സുഹൃത്തുക്കളുമുണ്ടായിരുന്നു.
ഒരു സംവിധായകനെന്ന നിലയില്‍
ഗുരുവായ കമല്‍സാറിനെ മാതൃകയാക്കണം എന്നാണ് എന്റെ ആഗ്രഹം. കമല്‍സാറിന്റെ ഓരോ സിനിമയും വ്യത്യസ്തമാണ്. ഒരേ പാറ്റേണിലുള്ള സിനിമകളല്ല ഒരിക്കലും ഉണ്ടാകുന്നത്. തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ പോലും സമാനത ഉണ്ടാകില്ല. അതുപോലെ എല്ലാതരത്തിലുമുള്ള സിനിമ ചെയ്യാന്‍ കഴിയുന്ന സംവിധായകനാകണം.
കുടുംബം
അച്ഛനും അമ്മയുംകൂടാതെ ഒരു സഹോദരിയുണ്ട്. സഞ്ജിത. ഭാര്യ സരിത. രണ്ടു മക്കള്‍: ശിവാനിയും ദേവനാരായണനും. പ്രണയ വിവാഹമായിരുന്നു. ഒരു സംവിധായകനാകാനുള്ള ഓട്ടത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ തന്നത് സരിതയാണ്. സിനിമയെന്നു പറഞ്ഞ് ഞാന്‍ നടക്കുമ്പോള്‍ മറ്റു ടെന്‍ഷനുകളൊന്നും അറിയേണ്ടി വന്നിട്ടില്ല. ‘ഓര്‍ഡിനറി’യുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കി തരാനും ചര്‍ച്ചകളില്‍ സജീവമാകാനും സരിതയുണ്ടായിരുന്നു.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: