ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ ചലച്ചിത്രലോകത്തെത്തിയ ആന്‍ അഗസ്റ്റിന് വിവാഹിതയാകുന്നു. സിനിമാരംഗത്ത് നിന്നുതന്നെയാണ് നടന് അഗസ്റ്റിന്റെ മകള്‍ കൂടിയായ ആന്‍ വരനെ കണ്ടെത്തിയിരിക്കുന്നത്. ക്യാമറാമാന് ജോമോന് ടി. ജോണാണ് വരന്. വിവാഹം ഉടനെയില്ലെങ്കിലും നിശ്ചയം ജനുവരിയില്‍ നടക്കും. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് ആനിന്റെ മാതാപിതാക്കള്‍ പറയുന്നു.�
വി.കെ.പ്രകാശിന്റെ പോപ്പിന്‍സ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന്, ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ ആനും. എന്നാല്‍ ആന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് പോപ്പിന്‍സിലെ മറ്റൊരു ക്യാമറാമാന് ആണെന്നാണ് പറയുന്നത്. ആലോചിച്ചുറപ്പിച്ച കല്യാണമാണെന്ന് പറയുമ്പോഴും ഇരുവരും പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകളും പുറത്തുവരുന്നുണ്ട്. ജോമോനും ആനും വിവാഹിതരാകുന്നു എന്ന വാര്‍ത്ത സിനിമാലോകത്തും ചില സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും നേരത്തെ നേരത്തെതന്നെ വന്നിരുന്നു.
നടിയെന്ന നിലയില്‍ ആനും ഛായാഗ്രഹണ രംഗത്ത് ജോമോനും തിളങ്ങി നില് ക്കുന്ന സമയമായതിനാല്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ ഇരുവരുടെയും തീരുമാനം. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചെങ്കിലും ഉടനെ വേണ്ടെ ന്ന് തീരുമാനിച്ചത് അതിനാലാണത്രെ. എന്തായാലും വിവാഹം കഴിഞ്ഞ് പാര്‍ക്കാന്‍ കൊച്ചിയില്‍ കായല്‍ത്തീരത്തൊരു സുന്ദരന്‍ ഫ്ലാറ്റ് ജോമോന് സ്വന്തമാക്കിക്കഴിഞ്ഞു.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍നിന്നും ബിരുദംനേടിയ ജോമോന് ബാംഗ്ലൂര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ഛായാഗ്രഹണം പൂര്‍ത്തിയാക്കി. ബിഗ് ബി എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ക്യാമറാമാന് ആയിട്ടാണുതുടക്കം. ട്രാഫിക് എന്ന ചിത്രത്തിലും ഛായാഗ്രഹണ സഹായിയായി. പിന്നീട് സമീര്‍ താഹിറിന്റെ ചാപ്പാ കുരിശിലൂടെയാണ് സ്വതന്ത്ര ക്യാമറാമാനായി അരങ്ങേറുന്നത്. ബ്യൂട്ടിഫുള്‍, തട്ടത്തിന് മറയത്ത്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകള്‍ക്കുവേണ്ടി അതിമനോഹരമായി ക്യാമറ ചലിപ്പിച്ച ജോമോന് സിനിമാട്ടോഗ്രാഫിയിലെ പുത്തന്‍ പ്രതീക്ഷയാണ്.
എല്‍സമ്മ എന്ന ആണ്കുട്ടിയ്ക്കുശേഷം അര്ജുനന് സാക്ഷി, ത്രി കിങ്ങ്സ്, വാധ്യാര്, ഓര്‍ഡിനറി, ഫ്രൈഡേ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ആനിന്റെ ഏറ്റവും പുതിയ റിലീസ് ആഷിക് അബുവിന്റെ ടാ തടിയാ എന്ന ചിത്രമാണ്. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രമാണ് അടുത്ത പ്രോജക്ട്. സൈക്കോളജി ബിരുദധാരിയാണ് ആന്‍. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എബിസിഡിയുടെ ഛായാഗ്രഹണമാണ് ജോമോന് ടി. ജോണ്‍ ഇപ്പോള്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: