ഐ.വി.ശശിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ‘അവളുടെ രാവുകള്‍’ മലയാളക്കരയാകെ തരംഗമായ ചലച്ചിത്രമാണ്. എഴുപതുകളുടെ അവസാനം മലയാളി പ്രേക്ഷകരുടെ സിരകളെ ചൂടുപിടിപ്പിച്ചതിലൂടെ വന്‍ വിജയം നേടാന്‍ സിനിമയ്ക്കായി. ഹിറ്റായ പഴയ സിനിമകള്‍ പുനരാവിഷ്കരിക്കുന്ന ട്രെന്‍ഡ് ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാണ്. നീലത്താമരയും രതിനിര്വ്വേദവുമെല്ലാം ഇത്തരത്തില്‍ വന്ന് വീണ്ടും പണം വാരിയ ചിത്രങ്ങളാണ്.
‘രതിനിര്‍വേദം’ കേരളക്കരയില്‍ തരംഗമായതോടെ ആ ജാനസില്‍പ്പെട്ട ചെറിയ ചിത്രങ്ങള്‍ കൂടുതലായി റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചു. പ്രേക്ഷകരെ അല്‍പ്പം ഇക്കിളിപ്പെടുത്തിയ പഴയ സിനിമകളെ വീണ്ടും അവതരിപ്പിച്ചാല്‍ ഹിറ്റാകുമെന്ന തിരിച്ചറിവില്‍ ഒട്ടേറെ നിര്‍മ്മാതാക്കളും സംവിധായകരും അങ്ങനെയുള്ള ചര്‍ച്ചകളില്‍ സജീവമാണ്. രാസലീല, ഇണ, ചട്ടക്കാരി തുടങ്ങിയ സിനിമകളുടെ റീമേക്ക് വരുന്നുണ്ടെങ്കിലും ഏറ്റവും വലിയ ഹിറ്റ് പ്രതീക്ഷ ‘അവളുടെ രാവുകളു’ടെ റീമേക്കിനാണ്. 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ ഐ.വി.ശശിക്ക് സംവിധായകനെന്ന നിലയില്‍ സ്ഥാനം നേടാനായ സംരംഭമാണ്.
ആലപ്പി ഷെയറെഫിന്റെതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സീമയും രവികുമാറും സുകുമാരനും കുതിരവട്ടം പപ്പുവും ശങ്കരാടിയും മല്ലികയുമൊക്കെയായിരുന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തിന് പ്രേക്ഷകന് അന്നുവരെക്കാണാത്ത രൂപവും ഭാവവും ഉണ്ടായിരുന്നു.
മോളിവുഡില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് (അഡള്‍ട്സ് ഓണ്‍ലി) ലഭിച്ച ചിത്രമാണ് അവളുടെ രാവുകള്‍. ചിത്രത്തില്‍ രാജിയെന്ന വേശ്യയുടെ വേഷമായിരുന്നു സീമയ്ക്ക്. സിനിമ വന്‍ഹിറ്റായതോടെ സീമയെന്ന താരം മലയാള സിനിമയില്‍ ഉദിച്ചുയര്‍ന്നു. ചിത്രത്തില്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള സീമയുടെ പോസ്റ്ററുകള്‍ അക്കാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചു. ഇതേക്കുറിച്ച് വലിയ ചര്‍ച്ചകളാണ് അന്ന് നടന്നത്. യുവപ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കുന്നതിന് ഈ പോസ്റ്റര്‍ കാരണമാവുകയും ചെയ്തു.
ലിബര്‍ട്ടി ബഷീറിന്റെ നിര്‍മ്മാണത്തില്‍ ഐവി.ശശി തന്നെ അവളുടെരാവുകള്‍ വീണ്ടും സംവിധാനം ചെയ്യുകയാണ്. എന്നാല്‍ സിനിമയ്ക്കിണങ്ങുന്ന കഥാപാത്രങ്ങളെ അദ്ദേഹം തേടി നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിയുടെ റോളിലേക്ക് ഒരു ഘട്ടത്തില്‍ പ്രിയാമണിയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രിയയുടെ പ്രായം തടസ്സമായതിനാല്‍ ശശി വേറെ പെണ്‍കുട്ടിയെ തേടി നടക്കുകയാണ്. പതിനെട്ടു വയസ്സുള്ള പുതുമുഖത്തെയാണിപ്പോള് പരിഗണിക്കുന്നത്.
ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന വ്യവസായമാണ് സിനിമ. പുതിയ സിനിമകള്‍ തീയറ്ററില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. എന്നാല്‍ പഴയ ചിത്രങ്ങളുടെ പുതിയ പതിപ്പുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ക്ക് പ്രചാരം നല്കാന് മാധ്യമങ്ങളും തയ്യാറാകുന്നുണ്ട്.
ഒരുകാലത്ത് ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു ഐ.വി.ശശി. 1976ലിറങ്ങിയ അഭിനന്ദനം മുതല്‍ 1993ല്‍ റിലീസ് ചെയ്ത അര്‍ത്ഥന വരെ അദ്ദേഹത്തിന്റെ ഹിറ്റുകളുടെ പരമ്പര നീളുന്നു.
എന്നാല്‍ അവസാനകാലത്ത് പരാജയങ്ങള്‍ ശശിക്കും ഏറ്റുവാങ്ങേണ്ടി വന്നു. 1999 മുതല്‍ സിനിമകള്‍ പരാജയപ്പെടാന്‍ തുടങ്ങി. ആയിരംമേനിയും സിംഫണിയും ബല്‍റാം വേഴ്സസ് താരാദാസും വെള്ളത്തൂവലുമെല്ലാം പരാജയമേറ്റുവാങ്ങി. പരാജയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമമാണ് ‘അവളുടെരാവുകളു’മായി വീണ്ടും വരുന്നതിനു പിന്നില്‍.
പുതിയ ചിത്രത്തിലെ രാജിയാകാനുള്ള ഭാഗ്യം ആര്‍ക്കാണോ ലഭിക്കുന്നത്? ആര്‍ക്കായാലും സീമയെപ്പോലെ വലിയതാരമാകുമെന്നു പ്രതീക്ഷിക്കാം.
റ്റി.സുധീഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: