കൈകാലുകളിലെ മസിലുകള്‍ക്ക് ഉറപ്പും ബലവും അയവും നല്കുന്ന ആസനമാണ് സുമേരു ആസനം. ഈ ആസനം അഭ്യസിക്കുമ്പോള്‍ നട്ടെല്ലിലെ അസംഖ്യം ഞരമ്പുകള്‍ക്ക് സുലഭമായി രക്തം ലഭിക്കുകയും അവ ശക്തങ്ങളാവുകയും ചെയ്യും. സ്ത്രീകള്‍ക്കുണ്ടാകുന്ന ‘പ്രൊലാപ്സി’ന് ഈ ആസനം ഒരു ചികിത്സയാണ്. ഗര്‍ഭാശയം അതിന്റെ ശരിയായ സ്ഥാനത്തേയ്ക്ക് തിരിച്ചുപോകാന്‍ പ്രേരകമായി തീരുന്നു. ഉദരത്തിലെ ഇതര അവയവങ്ങള്‍ക്കും ഇതൊരു നല്ല വ്യായാമമാണ്.
ചെയ്യേണ്ട വിധം
1. വജ്രാസനത്തില്‍ ഇരിക്കുക. ദീര്‍ഘമായി ശ്വാസം എടുത്തുകൊണ്ട് കൈകള്‍ തലയ്ക്ക് മുകളിലെടുത്ത് നീട്ടി നിവര്‍ന്നിരിക്കുക. കൈകള്‍ കാതിനോട് തൊട്ടിരിക്കണം.
2. ശ്വാസം സാവധാനം വിട്ടുകൊണ്ട് തലയും കൈയും ഉടലും ഒപ്പം നേരെ മുന്‍പിലേയ്ക്ക് താഴ്ത്തിക്കൊണു വന്ന് കൈകള്‍ നീട്ടി നിലത്ത് പതിച്ച് വയ്ക്കുക. പൃഷ്ഠഭാഗം നിലത്ത് നിന്ന് പൊങ്ങാന്‍ പാടില്ല. അതോടൊപ്പം നെറ്റിയും തറയില്‍ മുട്ടിയിരിക്കണം. അത് സാധിക്കാത്തവര്‍ കഴിയുന്നത്ര ശിരസ് താഴോട്ട് കൊണ്ടുവരിക. പൃഷ്ഠഭാഗം ഉയരാതെ.
3. ശ്വാസം എടുത്തുകൊണ്ട്, ഈ കിടപ്പില്‍ നിന്നും അരക്കെട്ട് നേരെ മുകളിലേയ്ക്ക് ഉയര്‍ത്തുക. അപ്പോള്‍ ഉപ്പൂറ്റികള്‍ നിലത്തു പതിഞ്ഞുതന്നെയിരിക്കണം. നിലത്ത് പതിച്ചുവച്ചിരിക്കുന്ന കൈകളുടെ സ്ഥാനവും മാറാന്‍ പാടില്ല. കൈകള്‍ മുഴുവന്‍ നിവരണം. കൈകള്‍ രണ്ടിന്റെയും നടുവിലായിരിക്കണം ശിരസ്.
4. ഉയര്‍ന്നു കഴിഞ്ഞാല്‍ ശ്വാസം വിടുക, തുടര്‍ന്ന് സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് ഒരു മിനിറ്റ് നില്ക്കുക.
5. ശ്വാസം വിട്ടുകൊണ്ട് അരക്കെട്ട് താഴ്ത്തി, കൈകള്‍ നീട്ടി നിലത്ത് പതിച്ചു വയ്ക്കുക, മുകളില്‍ രണ്ടാമത്തെ ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നതുപോലെ.
6. അടുത്തതായി ശ്വാസം എടുത്തുകൊണ്ട് കൈകള്‍ ആദ്യത്തെപോലെ നേരെ മുകളിലേക്കെടുത്ത് നീട്ടിപ്പിടിക്കുക, ശ്വാസം വിട്ടുകൊണ്ട് കൈകള്‍ കാല്‍മുട്ടുകളില്‍ കമഴ്ത്തി വയ്ക്കുക. അഞ്ചു തവണ അഭ്യസിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: