കോഴഞ്ചേരി: ചക്കയുടെ ഗവേഷണകേന്ദ്രം ആറന്മുളയില് ആരംഭിക്കുന്നതിനുള്ള ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ ആവശ്യം കേന്ദ്ര കൃഷി മന്ത്രാലയം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി സുദര്ശന് ഭഗത് പറഞ്ഞു. ആറന്മുള ചക്ക മഹോത്സവത്തില്‍ നടന്ന ക്ഷീര കര്‍ഷക സമ്മേളനത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചക്ക ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ആധുനിക ആഹാര രീതികളുമായി കിടപിടിക്കത്തക്ക തരത്തില്‍ ചക്ക വിഭവങ്ങള്‍ ഒരുക്കാന്‍ ഇന്ന് കഴിയുന്നുണ്ട്. ഇത് വ്യാവസായികമായി പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും അത് പ്രയോജനം ചെയ്യും. ചക്കക്കുരുവില്‍ നിന്ന് ചോക്കലേറ്റ് ഉണ്ടാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വ്യാപകമാക്കിയാല്‍ ഇപ്പോള്‍ ചോക്കലേറ്റിന് ഉപയോഗിക്കുന്ന ബീന്‍സിന് പകരം വയ്ക്കാന്‍ കഴിയും. കാലാവസ്ഥാ വ്യതിയാനം പോലും കാര്യമായി ബാധിക്കാത്ത ഒരു വൃക്ഷമാണ് പ്ളാവ്. അതിനാല്‍ അത് നമ്മുടെ ഭക്ഷ്യ സുരക്ഷയ്ക്കുള്ള മാര്ഗ്ഗംകൂടിയായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹെറിട്ടേജ് ട്രസ്റ്റ് ഡയറക്ടര്‍ ആര് എസ് നായര്‍ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന് മുഖ്യ പ്രഭാഷണം നടത്തി.പ്രകൃതിയെ ചൂഷണം ചെയ്ത് നമ്മള് തന്നെ വരുത്തിയ വിനയാണ് ഇന്നത്തെ കാലാവസ്ഥയ്ക്കും പ്രതിസന്ധിക്കും കാരണമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്നത് കന്നുകാലികളും പക്ഷികളുമാണ്. ഇന്ന് വ്യവസായങ്ങളും, തൊഴിലവസരങ്ങളും കേരളത്തിന് വെളിയിലാണ്. വ്യാവസായികമായി പ്ലാവ് വെച്ചുപിടിപ്പിച്ച് വരുമാനം കണ്ടെത്തുവാന്‍ നമുക്കു കഴിയണം. മടിയനായ മലയാളിയുടെ സ്വാര്‍ത്ഥതയും അസൂയയും മാറ്റിയാല്‍ ഈ മണ്ണില്‍ പണിയെടുത്ത് മണ്ണിനെ പൊന്നാക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് ക്ഷീരകര്‍ഷക സംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. പണ്ട് ചാണകം മെഴുകിയ തറയില്‍കിടന്ന മലയാളികള്‍ക്ക് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നത് അമേരിക്കയിലേക്ക് കുടിയേറിയതായും കു്മ്മനം പറഞ്ഞു.
അജയകുമാര്‍ വല്യുഴത്തില്‍, കെ ടി രാജന്, ഇ ജോസഫ് കുര്യന്, പി എന്‍ രവിലാല്‍, അശ്വതി എസ് നായര്‍, വീണ രാജന് എം, സിബി സാം തോട്ടത്തില്‍, അശോകന് കുളനട, പ്രസാദ് ആനന്ദഭവന്, മനോഹരന്, സിന്ധു സദാനന്ദന്, മോന്‍സി മാത്യു, എലിസബത്ത് ജോസഫ്, റാണി ആര് ഉണ്ണിത്താന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: