നീലേശ്വരം: ഹൈവേ ജംഗ്ഷനില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കൊട്ടിഘോഷിച്ച് നീലേശ്വരം നഗരസഭ ആരംഭിച്ച ജൈവകൃഷിയും ആഴ്ചച്ചന്തയും ചാപിള്ളകളായി. ജൈവോദ്യാനം നിന്നിരുന്ന ഹൈവേ പുറംപോക്ക് സ്ഥലത്ത് 24 മണിക്കൂറിനുള്ളില്‍ സിമന്റ് തറയുള്ള ഷെഡ്ഡ് പണിത് റോഡിന് എതിര്‍വശത്ത് ഏറെക്കാലമായി മത്സ്യവില്‍പ്പന നടത്തുന്ന 25 ല്‍ അധികം പേരെ ഇതിലേക്ക് മാറ്റി.
രാത്രിയില്‍ പണിത സിമന്റ് തറ ഉറക്കാത്തതിനാല്‍ ഷെഡ്ഡിന് പുറത്തായിരുന്നു മീന്‍ വില്‍പ്പന. ഹൈവേ റോഡിന് തൊട്ടരികില്‍ ഉണ്ടായിരുന്ന മത്സ്യ മാര്‍ക്കറ്റിന് ബദല്‍ സംവിധാനമൊരുക്കാന്‍ ഏറെക്കാലമായി മുറവിളി കൂട്ടിയിട്ടും ഫലമുണ്ടായിരുന്നില്ല. മത്സ്യവില്പ്പനക്കെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം മുന്‍പും ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലുമൊരുക്കിയിട്ടില്ല.
അതിനിടയില്‍ പുതിയ മത്സ്യവില്പന കേന്ദ്രത്തിനു സമീപം താമസിക്കുന്ന അബ്ദുള്‍ സലാം ഹാജി തന്റെ താമസ സ്ഥലത്തിനും, കച്ചവട സ്ഥാപനങ്ങള്‍ക്കും ശൈല്യമാകുന്ന രീതിയിലാണ് ഹൈവേ സ്ഥലം കൈയ്യേറി നഗരസഭയുടെ അറിവോടെ നീലേശ്വരം റോട്ടറി ക്ലബ്ബ് മീന്‍ മാര്‍ക്കറ്റിന് ഷെഡ്ഡ് പണിതു നല്‍കുന്നത് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. തൊട്ടതൊക്കെ ലക്ഷ്യം കാണാതെ കൂപ്പ് കുത്തുന്ന നഗരസഭക്ക് പുത്തന്‍ മത്സ്യ മാര്‍ക്കറ്റും ഒരു കുരിശായി മാറുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: