കാസര്‍കോട്: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്ത് നഗരസഭ ഓഫീസുകളിലും സ്ത്രീകളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനായി വനിതാ പോലീസ് ഓഫീസറെ നിയമിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ ഉത്തരവായി. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വനിതാ ഓഫീസര്‍മാര്‍ പഞ്ചായത്ത്, നഗരസഭ ഓഫീസുകളില്‍ ഹാജരായി സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കും. ഉടന്‍ തീര്‍പ്പാക്കാന്‍ പറ്റുന്ന പരാതികള്‍ അവിടുന്ന് തന്നെ തീര്‍പ്പാക്കും. മറ്റു പരാതികള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ ഏല്‍പ്പിച്ച് ഉടന്‍ പരിഹാരം കാണും. വനിതാ പോലീസ് ഓഫീസര്‍മാര്‍ക്ക് ചൊവ്വാഴ്ചകളില്‍ ചില കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത വ്യാഴാഴ്ചകളിലായിരിക്കും പരാതികള്‍ സ്വീകരിക്കുക. പദ്ധതി സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമാകും. പരാതികളുടെ നിജസ്ഥിതി അറിയാന്‍ വനിതാ പോലീസുദ്യോഗസ്ഥര്‍ക്ക് പഞ്ചായത്ത് അംഗങ്ങളുടെ സഹായം തേടാവുന്നതാണ്. പദ്ധതിയുടെ നോഡല്‍ ഓഫീസറായി വിദ്യാനഗര്‍ എസ് ഐ സാലി ജോസഫ്, സൂപ്പര്‍വൈസറായി കാസര്‍കോട് വനിതാ സെല്‍ സിഐ നിര്‍മ്മല എന്നിവരെ നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: